ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ ഈമാസം 27ന് തുടങ്ങും. കഴിഞ്ഞതവണ തോറ്റ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രചാരണം ഊര്‍ജ്ജിതമാക്കാനാണ് തീരുമാനം. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി പരമേശ്വരയുടെ നേതൃത്വത്തിലാവും പ്രവര്‍ത്തനങ്ങള്‍. എല്ലാ വിഭാഗം ജനങ്ങളുമായി ആശയ വിനിമയം നടത്തുമെന്ന് പരമേശ്വര പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസ് എം.എല്‍.എമാരുടെ മണ്ഡലങ്ങളിലെ പ്രചാരണത്തിന് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരിട്ടെത്തും. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി സ്ഥാനമേല്‍ക്കുന്നതിനു പിന്നാലെ പ്രചാരണങ്ങള്‍ തുടങ്ങാനാണ് പാര്‍ട്ടി തീരുമാനം. ബംഗളുരുവിലോ ചിക്കമാംഗ്ലൂരിലോ രാഹുലിനെ പങ്കെടുപ്പിച്ച് മെഗാറാലി നടത്തും. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി അടക്കമുള്ള നേതാക്കള്‍ സംബന്ധിക്കും. സംസ്ഥാനത്ത് തുടര്‍ഭരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള കോണ്‍ഗ്രസിന്റെ പ്രചാരണങ്ങള്‍ക്ക് ഇതോടെ ഔദ്യോഗിക തുടക്കമാകും. സംസ്ഥാനത്ത് നടപ്പാക്കിയ വികസനം തന്നെയാണ് പ്രധാന പ്രചാരണ വിഷയമെന്ന് പരമേശ്വര വ്യക്തമാക്കി.