X

കത്വ: ഇരയുടെ രക്ഷിതാക്കള്‍ക്ക് നിയമ സഹായമൊരുക്കിയത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ക്രൂരകൊലപാതകത്തില്‍ ഇരക്ക് നീതിയുറപ്പാക്കാന്‍ അവസാനം വരെ കുടുംബത്തോടൊപ്പം നിലയുറപ്പിച്ചത് മുസ്‌ലിം യൂത്ത് ലീഗ് ദേശീയ കമ്മറ്റി. പ്രതികള്‍ക്ക് രാഷ്ട്രീയ-ഉദ്യോഗസ്ഥ പിന്തുണ ആദ്യം മുതലെ ലഭിച്ച കേസില്‍ നിര്‍ധന കുടുംബത്തിന് നിയമ സഹായമടക്കം ഉറപ്പാക്കിയാണ് മുസ്‌ലിം യൂത്ത് ലീഗ് കേസില്‍ നീതിക്കൊപ്പം നിലകൊണ്ടത്. ബിജെപി മന്ത്രിമാരടക്കം പ്രതികള്‍ക്കനുകൂലമായി രംഗത്തെത്തിയ സാഹചര്യത്തില്‍ നീതി അട്ടിമറിക്കപെടുമോ എന്ന സംശയമുയര്‍ന്നിരുന്നു. സംഭവം നടന്നതിന് തൊട്ടുപിന്നാലെ മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി ജമ്മുകാശ്മീരിലെത്തി ഇരയുടെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ഡല്‍ഹിയില്‍ നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരജെയ്‌സിംഗുമായി വിഷയത്തില്‍ അദ്ദേഹം കൂടിക്കാഴ്ച്ചയും നടത്തി.

ഇരയുടെ രക്ഷിതാക്കള്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗുമായി മുസ്ലിം ലീഗ് പാര്‍ലമെന്ററി അംഗം ഇ.ടി മുഹമ്മദ് ബഷീര്‍ കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍, സുപ്രീം കോടതി അഭിഭാഷകനും കെ.എം.സി.സി ഡല്‍ഹി അധ്യക്ഷനുമായ അഡ്വ. ഹാരിസ് ബീരാന്‍ സമീപം.

തുടര്‍ന്ന് മുസ്ലിംയൂത്ത് ലീഗ് ദേശീയ കമ്മറ്റി പ്രതിനിധികള്‍ ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ നേതൃതത്തില്‍ ജമ്മുവിലെത്തി കുടുംബത്തിന്റെ നിയമപോരാട്ടത്തിനായുള്ള ചെലവ് ഏറ്റെടുക്കുകയായിരുന്നു. ഒരു വര്‍ഷക്കാലം നീണ്ടുനിന്ന നിയമ പോരാട്ടത്തില്‍ നിതാന്ത ജാഗ്രതയോടെ നീതി അട്ടിമറിക്കപ്പെടുന്നില്ലന്ന് യൂത്ത് ലീഗ് നേതൃത്വം കുടുംബത്തോടും അഭിഭാഷകരോടും ചേര്‍ന്ന് ഉറപ്പാക്കുകയും ചെയ്തു. കള്ളകഥകള്‍ പ്രചരിപ്പിച്ച് കേസ് അട്ടിമറിക്കാന്‍ ഒരു വിഭാഗം മാധ്യമങ്ങളും സംഘപരിവാര്‍ ട്രോള്‍ ആര്‍മിയും കിണഞ്ഞു ശ്രമിച്ചിരുന്നു. കേസിലെ പുരോഗതി മനസ്സിലാക്കാന്‍ യുത്ത് ലീഗ് ദേശീയ നേതാക്കള്‍ നിരവധി തവണ പഞ്ചാബിലെ പത്താന്‍കോട്ടിലെത്തി. ഇന്ന് കേസില്‍ വിധി പറയുമ്പോള്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, ഷിബുമീരാന്‍ എന്നിവര്‍ പത്താന്‍കോട്ട് കോടതിയില്‍ എത്തിച്ചേര്‍ന്നിരുന്നു.

അഡ്വ: മുബീന്‍ ഫാറൂഖി

കത്വ കേസിലെ നിയമ വിജയം അഡ്വ: മുബീന്‍ ഫാറൂഖിയുടെ കഠിനാധ്വനത്തിന്റെ കൂടി വിജയമാണ്. കത്വ കേസില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകനാണ് മുബീന്‍ ഫാറൂഖി. പഞ്ചാബ് മുസ്ലിം ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ട് കൂടിയായ മുബീന്‍ ആദ്യ ഘട്ടം മുതല്‍ കേസില്‍ ഹാജരായിരുന്നു.കേസില്‍ നിയമസഹായം നല്‍കാന്‍ തീരുമാനിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി സമീപിച്ചത് അദ്ദേഹത്തെയാണ്.അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് മുതിര്‍ന്ന അഭിഭാഷകരായ കെ കെ പുരി, ഹര്‍ഭജന്‍ സിംഗ് എന്നിവരുടെ സേവനവും യൂത്ത് ലീഗ് ലഭ്യമാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ദിവസവും കോടതിയിലെത്തുകയാണ് മലര്‍കോട്‌ല സ്വദേശിയായി ഇദ്ദേഹം. ഓരോ ദിവസവും 400 കിലോമീറ്ററിലേറെ വാഹനമോടിച്ചാണ് ഈ യുവ അഭിഭാഷകന്‍ മുടങ്ങാതെ കോടതിയിലെത്തിയത്. മുസ്ലിം യൂത്ത് ലീഗ് നല്‍കിയ ഉറച്ച പിന്തുണയാണ് എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ തനിക്ക് ധൈര്യം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു. മികച്ച അഭിഭാഷകരുടെ സേവനം ലഭ്യമാക്കാനും, കേസ് നടത്തിപ്പിനാവശ്യമായ തുക കണ്ടെത്താനും യൂത്ത് ലീഗ് സഹായിച്ചു. പലരും സഹായ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും യൂത്ത് ലീഗ് മാത്രമാണ് അവസാനം വരെ കൂടെ നിന്നത്. പലവട്ടം കോടതിയിലെത്തിയ യൂത്ത് ലീഗ് പ്രതിനിധി സംഘം നിരന്തരം ഫോണിലൂടെയും വിവരങ്ങള്‍ തിരക്കി. യൂത്ത് ലീഗ് നല്‍കിയ എല്ലാ പിന്തുണക്കും നന്ദി അറിയിക്കുന്നതായി മുബീന്‍ പറഞ്ഞു. ഒരു പ്രതിയെ വെറുതെ വിട്ട കോടതി നടപടിക്കെതിരെ പഞ്ചാബ് -ഹരിയാന ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അഡ്വ: മുബീന്‍ ഫാറൂഖി. പെണ്‍കുട്ടിയുടെ കുടുംബത്തിന് അന്തിമ നീതി ലഭിക്കുന്നത് വരെ നിയമപോരാട്ടത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്ന് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്.

chandrika: