ആലപ്പുഴ: ആലപ്പുഴ ബൈപ്പാസ് നിര്‍മാണപൂര്‍ത്തീകരണണത്തിന് നിര്‍ണായകപങ്കുവഹിച്ച മുന്‍ ആലപ്പുഴ എം.പി കെ.സി വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ വ്യാപക പ്രതിഷേധം. ബൈപ്പാസ് ഉദ്ഘാടന വേദിയിലേക്ക് ഡി.സി.സി പ്രസിഡന്റ് എം. ലിജുവിന്റെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു.

കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ആസൂത്രണശ്രമത്തിന്റെ ഫലമായാണ് കെ.സി വേണുഗോപാലിനെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് എം.ലിജു പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞിനെപോലെയാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പെരുമാറുന്നത്. മുന്‍ യു.പി.എ സര്‍ക്കാരിന്റെകാലത്തും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും നടത്തിയ പ്രവര്‍ത്തനങ്ങളാണ് ബൈപ്പാസ് യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള മുഖ്യകാരണമായത്.

അതേസമയം, ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായില്ലെങ്കിലും സന്തോഷമുള്ള ദിവസമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പ്രതികരിച്ചു. ബൈപ്പാസിനായി ഏറെശ്രമംനടത്തി. പരിപാടിയ്ക്ക് ക്ഷണിക്കുമെന്നാണ് കരുതിയത്. കേന്ദ്രസര്‍ക്കാര്‍ എം.പിമാരെ ഒഴിവാക്കാറില്ല. പാര്‍ലിമെന്റില്‍ വിഷയം ഉന്നയിക്കുമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.