X

ജയം കൈവിട്ടു; ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്

പനാജി: ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് സമനിലക്കുരുക്ക്. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് എതിരെ രണ്ടുഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് സമനില വഴങ്ങിയത്. കളിയുടെ 90ാ-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് രണ്ടാം ഗോള്‍ കണ്ടെത്തിയത്.

കളിയുടെ അഞ്ചാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ലീഡു നേടി. സെയ്ത്യാസെന്‍ സിങ്ങിന്റെ ഫ്രീകിക്കില്‍ തലവച്ച് ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ചയാണ് സ്‌കോര്‍ ബോര്‍ഡ് തുറന്നത്. 23-ാം മിനിറ്റില്‍ ലീഡ് നേടാനുള്ള സുവര്‍ണാവസരം ബ്ലാസ്‌റ്റേഴ്‌സ് കളഞ്ഞു കുളിച്ചു. സിഡോഞ്ചയുടെ ക്രോസ് സ്വീകരിച്ച ഹൂപ്പര്‍ ഗോളി മാത്രം മുമ്പില്‍ നില്‍ക്കെ പുറത്തേക്ക് അടിച്ചു കളയുകയായിരുന്നു.

45-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് താരം ഹാള്‍റിങ്ങിനെ ബോക്‌സില്‍ വീഴ്ത്തിയതിന് കിട്ടിയ പെനാല്‍റ്റി ഹൂപ്പര്‍ ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 2-0.

എന്നാല്‍ ആദ്യ പകുതിയിലെ ഒത്തിണക്കം രണ്ടാം പകുതിയില്‍ കാണിക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. നോര്‍ത്ത് ഈസ്റ്റ് കുറച്ചുകൂടി ആക്രമിച്ചു കളിക്കുകയും ചെയ്തു. 51-ാം മിനിറ്റില്‍ അതിന് ഫലം കിട്ടി. ഫെഡ്രികോ ഗല്ലേഗോ എടുത്ത കോര്‍ണര്‍ ക്ലിക് ക്ലിയര്‍ ചെയ്യുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാണിച്ച ആശയക്കുഴപ്പത്തിനിടെ കെസ്വി ആപ്പിയ ഗോള്‍ നേടി. ഇതിനു പിന്നാലെ 65-ാം മിനിറ്റില്‍ ലാലെങ്മാവിയയെ ജസര്‍ കാര്‍ണൈറോ ബോക്‌സില്‍ വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന് പെനാല്‍റ്റി ലഭിച്ചു.

എന്നാല്‍ പെനാല്‍റ്റിയെടുത്ത ആപ്പിയ പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. എന്നാല്‍ 72-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഇദ്രിസ സെല്ല മൈതാനത്തിന്റെ മധ്യത്തില്‍ നിന്നു വന്ന പന്ത് നെഞ്ചില്‍ സ്വീകരിച്ച് നൊടിയിടയില്‍ ഗോള്‍ കണ്ടെത്തുകയായിരുന്നു. ഓഫ് സൈഡിന്റെ മണമുള്ള ഗോളിലൂടെ ഇതോടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചുവാങ്ങി.

Test User: