X

കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

പുതിയ ടീമും, പുതിയ ആശയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഐഎസ്എലിലെ ആദ്യ മത്സരത്തിനിറങ്ങും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കഴിഞ്ഞ സീസണിലെ അവസാന സ്ഥാനക്കാരായ ഈസ്റ്റ് ബംഗാളാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. കിക്കോഫ് വൈകിട്ട് 7.30ന്. രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഐഎസ്എലില്‍ കാണികള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നത്. ഐഎസ്എലിലെ മൂന്നാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. തുടര്‍ച്ചയായ ഏഴാം സീസണിലും ബ്ലാസ്റ്റേഴ്‌സ് ഉദ്ഘാടന മത്സരത്തിനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ട്.

മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകളെല്ലാം നേരത്തെ തന്നെ വിറ്റുതീര്‍ന്നിരുന്നു. അലകടലായെത്തുന്ന ആരാധകര്‍ക്ക് മുന്നില്‍ ജയത്തോടെ സീസണ്‍ തുടങ്ങാനാവുമെന്നാണ് ഇവാന്‍ വുകോമനോവിച്ചിന്റെയും സംഘത്തിന്റെയും പ്രതീക്ഷ.

പ്രഭ്‌സുഖന്‍ സിങ് ഗില്‍, വിക്ടര്‍ മോംഗില്‍, അപ്പോസ്‌തോലോസ് ജിയാനു, ഇവാന്‍ കലിയൂസ്‌നി, സഹല്‍ അബ്ദുള്‍ സമദ്, അഡ്രിയാന്‍ ലൂണ, ഹര്‍മന്‍ജോത് ഖബ്ര, മാര്‍കോ ലെസ്‌കോവിച്ച്, ക്യാപ്റ്റന്‍ ജെസെല്‍ കാര്‍നെയ്‌റോ എന്നിവര്‍ ആദ്യ ഇലവനില്‍ ഉറപ്പാണ്. ഇതുവരെ നാലു തവണ ഇരുടീമുകളും നേര്‍ക്കുനേര്‍ വന്നു. ഒരു മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, മൂന്നെണ്ണം സമനിലയില്‍ കലാശിച്ചു. മല്‍സരം തല്‍സമയം സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലില്‍.

web desk 3: