ന്യുഡല്‍ഹി: പട്ടികജാതി/ പട്ടികവര്‍ഗ അതിക്രമ നിരോധന നിയമം (1989) അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്ന സുപ്രീം കോടതി വിധിന്യായം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേരളാ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റിഷന്‍ സമര്‍പ്പിച്ചു. ചൊവ്വാഴ്ച്ചയാണ് അഡ്വ ജി പ്രകാശ് കേരളാ സര്‍ക്കാരിന് വേണ്ടി പുനപരിശോധനാ ഹരജി ഫയല്‍ ചെയ്തത്. മാര്‍ച്ച് 20ന് സുപ്രീംകോടതി പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങളടങ്ങിയ വിധിന്യായം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്ന് കേരളാ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. സുപ്രീം കോടതി വിധി പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് ഹരജിയില്‍ കേരളം ചൂണ്ടിക്കാട്ടി.

മാര്‍ച്ച് 20ന് സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് പുറപ്പെടുവിച്ച വിധിന്യായത്തില്‍ പുനപരിശോധന ആവശ്യപ്പെട് കേന്ദ്ര സര്‍ക്കാരും കോടതിയില്‍ പെറ്റിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്ന് കേരളം മാത്രമാണ് ഇതുവരെ റിവ്യു പെറ്റീഷന്‍ സമര്‍പ്പിച്ചിരിക്കുന്നത്.