Connect with us

columns

സംരംഭകരുടെ ശവപ്പറമ്പാകുന്ന കേരളം-എഡിറ്റോറിയല്‍

സംരക്ഷണത്തിനാളില്ലാത്തതിന്റെയും ജീവിതം മടുത്തതിന്റെയുമെല്ലാം പേരില്‍ ആളുകള്‍ ഭരണകൂടങ്ങളോട് ദയാവധത്തിന് അനുമതി തേടി അഭ്യര്‍ത്ഥന നടത്തുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് അനുമതി തേടേണ്ടിവരുന്ന ഭൂലോകത്തിലെ ഒരേയൊരു പ്രദേശം നമ്മുടെ കേരളമായിരിക്കും.

Published

on

ജീവിതം അവസാനിപ്പിക്കാന്‍ സമ്മതം നല്‍കണമെന്നാവശ്യപ്പെട്ട് യുവ വ്യവസായി മുഖ്യമന്ത്രിക്ക് കത്തയച്ചുവെന്ന വാര്‍ത്ത വ്യവസായ സംരംഭകര്‍ നമ്മുടെ നാട്ടില്‍ അനുഭവിക്കുന്ന മാനസിക പിരിമുറുക്കം കൃത്യമായി വരച്ചുകാട്ടുന്നതാണ്. കേരളം വ്യവസായ സൗഹൃദമാകുന്നുവെന്ന സര്‍ക്കാറിന്റെ വാഗ്ദാനം വിശ്വസിച്ച് വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ബിസിനസ് ആരംഭിച്ച പത്തനംതിട്ട ജില്ലക്കാരനായ അനസ് എ അസീസാണ് പ്രതീക്ഷകളെല്ലാം അസ്തമിച്ചതിന്റെ പേരില്‍ ഈ കടും കൈക്ക് അനുമതി തേടിയിരിക്കുന്നത്. തനിക്കും പിതാവും മാതാവും ഉള്‍പ്പെടുന്ന ഏഴംഗ കുടുംബത്തിനും ജീവിതം അവസാനിപ്പിക്കാനുള്ള സമ്മതം വസ്തു ലേലം ചെയ്യുന്നതിന് മുമ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്. മൂന്നാര്‍ ദേവികുളം കല്ലാറില്‍ റിസോര്‍ട്ട് പണിത് 70 ശതമാനം പൂര്‍ത്തിയായപ്പോള്‍ നോണ്‍ ഒബ്ജക്ട് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന് പറഞ്ഞ് പള്ളിവാസല്‍ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ് മെമ്മോ നല്‍കിയതോടെയാണ് അനസിന്റെ സ്വപ്‌നങ്ങള്‍ പൊലിഞ്ഞതും ജീവിതം തകര്‍ന്നതും.

സംരക്ഷണത്തിനാളില്ലാത്തതിന്റെയും ജീവിതം മടുത്തതിന്റെയുമെല്ലാം പേരില്‍ ആളുകള്‍ ഭരണകൂടങ്ങളോട് ദയാവധത്തിന് അനുമതി തേടി അഭ്യര്‍ത്ഥന നടത്തുന്ന വാര്‍ത്തകള്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇടക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. എന്നാല്‍ ഒരു സംരംഭം ആരംഭിച്ചതിന്റെ പേരില്‍ ആത്മഹത്യക്ക് അനുമതി തേടേണ്ടിവരുന്ന ഭൂലോകത്തിലെ ഒരേയൊരു പ്രദേശം നമ്മുടെ കേരളമായിരിക്കും. അനസ് ആത്മാഹുതിക്ക് അവസരം ചോദിച്ചതാണെങ്കില്‍ ആരുടേയും സമ്മതത്തിന് കാത്തു നില്‍ക്കാതെ ജീവിതം അവസാനിപ്പിച്ച ആന്തൂരിലെ സാജനെപോലെയുള്ള നിരവധിപേരെ മലയാളിയുടെ ഓര്‍മയിലുണ്ട്. ഒരു സ്ഥാപനം തുടങ്ങാന്‍ തടസമുണ്ടായതിന്റെ പേരിലോ അല്ലെങ്കില്‍ തുടങ്ങിയ സ്ഥാപനം പൂട്ടിയതിന്റെ പേരിലോ എന്തിന് ഇത്രവൈകാരികമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുവെന്ന് ഭരണകൂടങ്ങള്‍ക്കും അധികാരിവര്‍ഗത്തിനുമൊക്കെ ചോദിക്കാന്‍ ഏറെ എളുപ്പമാണ്. പക്ഷേ ആ ഒരു മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ക്ക് മാത്രമേ അത്തരം സാഹചര്യത്തിന്റെ ഗൗരവം മനസിലാകുകയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. വിദേശ രാജ്യങ്ങളിലും മറ്റുമായി ജീവിതം ഹോമിച്ചുണ്ടാക്കിയ സമ്പാദ്യവുമായി ശിഷ്ട കാലം സ്വന്തം നാട്ടില്‍ സ്വസ്തതയോടെ കുടുംബത്തോടൊപ്പം കഴിയാമെന്ന ഒറ്റ താല്‍പര്യത്തിലാണ് പലരും വെല്ലുവിളികളേറെയാണെന്നറിഞ്ഞിട്ടും ചെറുകിട ഇടത്തരം സംരഭങ്ങളെന്ന സ്വപ്നവുമായി രംഗത്തിറങ്ങുന്നത്. എന്നാല്‍ അവര്‍ നിരന്തരം അപമാനിക്കപ്പെടുകയാണ്. പ്രോത്സാഹിപ്പിക്കേണ്ടവരുടെ തന്നെ ഭാഗത്തുനിന്ന് നിരുത്സാഹപ്പെടുത്തലുകളും ഭീഷണികളും പ്രകേപനങ്ങളുമാണ് അവര്‍ക്ക് ലഭിക്കുന്നത്.

തീര്‍ത്തും നിരാശാജനകമായ ഈ സാഹചര്യങ്ങളുടെ ഉത്തരവാദികള്‍ നമ്മുടെ നാട്ടിലെ ഭരണകൂടം തന്നെയാണ്. നിക്ഷേപങ്ങള്‍ സ്വീകരിക്കാനും സംരഭകരെ ക്ഷണിക്കാനുമായി ഉലകംചുറ്റിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും നമ്മുടെ മുഖ്യമന്ത്രി. എന്നാല്‍ ഇതുപോലെ തന്നെ മുന്‍ സഞ്ചാരങ്ങളില്‍ അദ്ദേഹം നല്‍കിയ മോഹന വാഗ്ദാനങ്ങളില്‍ വീണുപോയവരാണ് ഇപ്പോള്‍ നാട്ടില്‍ ദുരിത പര്‍വങ്ങള്‍ പേറേണ്ടി വരുന്നതെന്ന് അദ്ദേഹം അറിയുന്നുപോലുമില്ല. സര്‍ക്കാറിന്റെ വാക്ക് വിശ്വസിച്ചവരെ ചതിക്കുഴിയിലകപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാവട്ടേ മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാര്‍ തന്നെയാണെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. എവിടെയെങ്കിലും എന്തെങ്കിലുമൊരു സ്ഥാപനം ഉയരുമ്പോഴേക്കും ഇല്ലാത്തകാരണങ്ങളുണ്ടാക്കി ചെങ്കൊടിയുമേന്തി സമരക്കാരെത്തുന്നത് നമ്മുടെ നാട്ടിലെ പതിവു കാഴ്ച്ചയാണ്. തങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ തയാറായിട്ടില്ലെങ്കില്‍ സ്ഥാപനം മാത്രമല്ല, ജീവിതം തന്നെ ബാക്കിയുണ്ടാവില്ലെന്നതാണവസ്ഥ. സാമാന്യ വല്‍ക്കരിക്കാന്‍ കഴിയില്ലെങ്കിലും ഉദ്യോഗസ്ഥ വൃന്ദത്തിലും ഇതേ സമീപനമുള്ളവര്‍ നിരവധിയാണ്. കിട്ടേണ്ടത് കിട്ടിയിട്ടില്ലെങ്കില്‍ ഫയലുകള്‍ ചിതലരിക്കുന്ന രീതിക്ക് ഇനിയും കാര്യമായ മാറ്റം വന്നിട്ടില്ല. എന്നാല്‍ കൈക്കൂലി നല്‍കാന്‍ മടിയില്ലെങ്കില്‍ ഏത് സംരഭവും നിയമ വിധേയമാകുന്നത് ഇതിന്റെ മറുവശവുമാണ്.

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടിലൊരു കാര്യം തീരുമാനിക്കേണ്ടതുണ്ട്. ഒന്നുകില്‍ ഇത്തരം സംരഭത്തിനിറങ്ങുന്നവര്‍ക്ക് നാട്ടിലെ സാഹചര്യം ബോധ്യപ്പെടുത്തിക്കൊടുക്കുക. അല്ലെങ്കില്‍ പണമിറക്കുന്നവര്‍ക്ക് നിര്‍ഭയമായി മുന്നോട്ടുപേവാനുള്ള സാഹചര്യം നാട്ടില്‍ സംജാതമാക്കിക്കൊടുക്കുക. അതല്ല, പ്രവാസികളുള്‍പ്പെടെയുള്ള വ്യവസായികളോടും സംരഭകരോടും വിളിച്ചുണര്‍ത്തി ചോറില്ല എന്നുപറയുന്ന ഈ വഞ്ചനാപരമായ നിലപാടുതന്നെയാണ് തുടരുന്നതെങ്കില്‍ ജീവിതം അവസാനിപ്പിക്കാനുള്ള ഇത്തരം അനുമതി തേടലുകള്‍ പിണറായി വിജയനും കൂട്ടര്‍ക്കും നിരന്തരം ലഭിച്ചുകൊണ്ടിരിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

പഞ്ചാബില്‍ വീണ്ടും ചോരപ്പുഴ ഒഴുകരുത്- എഡിറ്റോറിയല്‍

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്.

Published

on

പതിറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പഞ്ചാബ് വീണ്ടും അസ്വസ്ഥമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. കണ്ണീരും ചോരയും ഏറെ ഒഴുകിയ നാടാണത്. വിഭജനകാലത്ത് വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാക്കിയ മുറിവിനുശേഷം ഖലിസ്ഥാന്‍ വാദവുമായതോടെ ചോരപ്പുഴ ഒഴുകിയ നാളുകള്‍ക്കായിരുന്നു സംസ്ഥാനം സാക്ഷ്യംവഹിച്ചത്. തീവ്രവാദത്തെ ഒരുവിധം അടിച്ചമര്‍ത്തി സമ്പല്‍സമൃദ്ധിയിലേക്ക് നീങ്ങിയപ്പോഴാണ് മയക്കുമരുന്നിന്റെ രൂപത്തില്‍ മറ്റൊരു വിപത്ത് എത്തിയത്. പഞ്ചാബിന്റെ തെരുവോരങ്ങളില്‍ വീണ്ടും വിഘടനവാദികളുടെ ശബ്ദമുയരുന്ന കാഴ്ചയാണിപ്പോള്‍. ഖലിസ്ഥാന്‍ അനുകൂല സംഘടനയായ ‘വാരിസ് ദേ പഞ്ചാബി’ന്റെ നിലവിലെ തലവനെന്ന് അവകാശപ്പെട്ട് അമൃത്പാല്‍ സിങിന്റെ രംഗപ്രവേശം, അജ്‌നാല പൊലീസ് സ്റ്റേഷന്‍ ആക്രമണം, സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഈയിടെയുണ്ടായ സ്‌ഫോടനങ്ങള്‍ തുടങ്ങിയ സംഭവങ്ങള്‍ ഇതിലേക്കുള്ള വ്യക്തമായ സൂചനകളാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അമൃത്‌സറിനടുത്ത് അജ്‌നാല പൊലീസ്‌സ്റ്റേഷന്‍ ആക്രമിച്ചപ്പോഴാണ് പഞ്ചാബിലെ ഖലിസ്ഥാന്‍ വാദത്തിന്റെ ശക്തി ലോകത്തിന് മനസ്സിലായത്. കൃപാണും കത്തിയും തോക്കുകളുമടക്കം കൈയില്‍ കിട്ടിയ മാരകായുധങ്ങളുമായി ഒരുകൂട്ടം പൊലീസ് സ്റ്റേഷന്‍ ലക്ഷ്യംവെച്ച് ഇരച്ചെത്തുകയായിരുന്നു. അമൃത്പാല്‍ സിങിന്റെ അടുത്ത അനുയായി ലവ്പ്രീത് എന്ന തൂഫാന്‍ സിങിനെ അറസ്റ്റ് ചെയ്തതിനുപിന്നാലെയായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണം. ജനം ഇളകിയതോടെ എണ്ണത്തില്‍ കുറവായ പൊലീസുകാര്‍ ആത്മരക്ഷാര്‍ഥം ഓടി രക്ഷപ്പെട്ടു. തൂഫാനെ മോചിപ്പിക്കാമെന്ന് കമ്മീഷണര്‍ ഉറപ്പുനല്‍കിയതോടെയാണ് അക്രമികള്‍ പിന്‍വാങ്ങിയത്. തന്നെ പിടികൂടാന്‍ പൊലീസ് തുനിയുന്നുണ്ടെന്ന വിവരം ചോര്‍ന്നുകിട്ടിയ അമൃത്പാലും സംഘവും മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുകയായിരുന്നു. വാഹനവ്യൂഹത്തെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പൊലീസിനെ വെട്ടിച്ച് ഇയാള്‍കടന്നു.

1970-80കളെ ഓര്‍മിപ്പിക്കുന്ന തരത്തിലുള്ള സംഭവ വികാസങ്ങളാണ് അജ്‌നാല പൊലീസ്‌സ്റ്റേഷനില്‍ അരങ്ങേറിയത്. പഞ്ചാബിനെ ശരിക്കും വിറപ്പിക്കുകയാണ് അമൃത്പാല്‍ സിങ്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ പരസ്യമായി പിന്താങ്ങി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു അടുത്തിടെ അമൃത്പാല്‍. വിഘടനവാദി നേതാവ് ഭിന്ദ്രന്‍വാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാലിനെ ‘ഭിന്ദ്രന്‍വാല രണ്ടാമന്‍’ എന്നാണ് അനുയായികള്‍ വിശേഷിപ്പിക്കുന്നത്. സിഖ് പുരോഹിതനും മതപ്രഭാഷകനുമായിരുന്ന ജര്‍നലി സിങ് ഭിന്ദ്രന്‍വാലയാണ് സ്വതന്ത്ര പരമാധികാര പഞ്ചാബെന്ന ആവശ്യവുമായി ഖലിസ്ഥാന്‍ വാദത്തിന് വിത്തുവിതച്ചത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തില്‍ അമൃത്പാലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍നിന്ന് നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും പൊലീസിന് കണ്ടെത്താനായിട്ടുണ്ട്. ഒപ്പം പ്രത്യേക യൂനിഫോമുകളും ജാക്കറ്റുകളും കണ്ടെത്തുകയുണ്ടായി. ഇയാള്‍ രൂപവത്കരിക്കുന്ന പ്രത്യേക സൈന്യത്തിനായി കരുതിവെച്ചിരുന്നതാണ് യൂണിഫോം എന്നാണ് സൂചന. ഒരു തീവ്ര സിഖ് മതപ്രഭാഷകന്റെ കാറില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളിലും വെടിക്കോപ്പുകളിലും ‘എ.കെ.എഫ്’ എന്ന് അടയാളപ്പെടുത്തിയിരുന്നു എന്നതും സുരക്ഷാഏജന്‍സികളെ ഞെട്ടിച്ചിട്ടുണ്ട്. ഭിന്ദ്രന്‍ വാലയെപ്പോലെ അതിരൂക്ഷമാണ് അമൃത്പാലിന്റെ വാക്കുകളും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെയും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനെയുമൊക്കെ ഭീഷണിപ്പെടുത്തിക്കൊണ്ടാണ് ഇയാള്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ഖലിസ്ഥാന്‍ പ്രസ്ഥാനത്തെ തടയാന്‍ ശ്രമിച്ചാല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അതേ ഗതി നേരിടേണ്ടിവരുമെന്നാണ് അമിത്ഷായെ അമൃത്പാല്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയത്. അമിത്ഷായെ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുരുതരാവസ്ഥ കേന്ദ്രത്തിന് ബോധ്യപ്പെട്ടത്. അതോടെയാണ് എന്‍.ഐ.എ അടക്കം അന്വേഷണ ഏജന്‍സികള്‍ ഇയാളിലേക്ക് എത്തുന്നത്. കഴിഞ്ഞദിവസം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷനില്‍ ഖലിസ്ഥാന്‍ വാദികള്‍ അക്രമം നടത്തുകയും ദേശീയപതാകയെ അപമാനിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഖലിസ്ഥാന്‍ പതാകയും അമൃത്പാല്‍ സിങിന്റെ ചിത്രമുള്ള പോസ്റ്ററുകളുമായാണ് അക്രമികള്‍ ഹൈക്കമ്മിഷന്‍ ഓഫീസിനുമുന്നിലെത്തിയത്. ഒരാള്‍ ഓഫീസിനുമുകളിലേക്ക് വലിഞ്ഞുകയറി കൊടിമരത്തില്‍ സ്ഥാപിച്ചിരുന്ന ഇന്ത്യന്‍ ദേശീയപതാകയുടെ കെട്ടഴിച്ചു. ബാക്കിയുള്ളവര്‍ താഴെനിന്ന് അതില്‍ തൂങ്ങി വലിച്ചിടുകയും ചെയ്തു. കഴിഞ്ഞ ജനുവരിയില്‍ ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഒരു സംഘം ഖലിസ്ഥാന്‍വാദികള്‍ ഇന്ത്യക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിച്ചിരുന്നു.
ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കിയതില്‍ കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണകക്ഷികള്‍ക്ക് പങ്കുണ്ടെന്നത് വസ്തുതയാണ്. കേന്ദ്രത്തിന്റെ ഹിന്ദുത്വ അജണ്ടകളിലും സാമൂഹിക മാധ്യമങ്ങളില്‍ സിഖുകാര്‍ക്കെതിരെ നടക്കുന്ന പ്രചാരണത്തിലും സിഖ് സമൂഹം കടുത്ത അസംതൃപ്തരാണ്. സിഖുകാര്‍ക്കെതിരെ വംശഹത്യാ ആഹ്വാനങ്ങള്‍ വരെ വന്നിരുന്നു സാമൂഹിക മാധ്യമങ്ങളില്‍. ഇതെല്ലാം ഉയര്‍ത്തിയ വൈകാരികാന്തരീക്ഷത്തെ അമൃത്പാല്‍സിങ് അനുകൂലമാക്കിയെടുക്കുകയായിരുന്നു. 2022ലെ തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം സിഖ് മതത്തെ അവഹേളിച്ചവരെ പിടികൂടി ശിക്ഷിക്കും എന്നായിരുന്നു. സിഖ് മതവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി സ്വീകരിച്ച നിലപാടുകള്‍ അവരെ അധികാരത്തിലെത്താന്‍ സഹായിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവികാസങ്ങളില്‍നിന്ന് ഭരണകക്ഷികള്‍ക്ക് കൈകഴുകാനാവില്ല.

പഞ്ചാബിനു വേണ്ടത് സമാധാനമാണ്. അവിടെ വിഘടനവാദം ഇല്ലാതാക്കേണ്ടതുണ്ട്. പൊലീസിന്റെയോ പട്ടാളത്തിന്റെയോ നടപടികള്‍കൊണ്ടുമാത്രം അവസാനിപ്പിക്കാവുന്ന ഒന്നല്ല അത്. പ്രതികാര നടപടികള്‍ ഒന്നിനും പരിഹാരമല്ല. വഴിതെറ്റിപ്പോയ യുവാക്കളെ തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. വിഘടനവാദത്തിന്റെ നിരര്‍ഥകതയെക്കുറിച്ച് അവരെ ബോധവത്കരിക്കണം. ഇനിയും ചോരപ്പുഴ ഒഴുകാന്‍ പഞ്ചാബിനെന്നല്ല, രാജ്യത്തെ ഒരു സംസ്ഥാനത്തിനും ശേഷിയില്ല.

Continue Reading

columns

ദേവികുളത്തേറ്റ തിരിച്ചടി-എഡിറ്റോറിയല്‍

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്.

Published

on

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി നടപടി ഭരണകക്ഷിയായ ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. അതിലുപരി സംവരണ മാനദണ്ഡങ്ങളെ ദുര്‍വ്യയം ചെയ്യുന്നവര്‍ക്ക് താക്കീതുകൂടിയാണ് വിധി. സി.പി.എം എം.എല്‍.എ എ. രാജയുടെ വിജയം റദ്ദാക്കികൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ചയാണ് ഹൈക്കോടതി പുറത്തിറക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ നല്‍കിയ ഹരജിയിലാണ് വിധി. പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ അര്‍ഹനല്ലെന്ന് കോടതി കണ്ടെത്തി. സംവരണ സീറ്റായ ദേവികുളത്തായിരുന്നു എ. രാജ മത്സരിച്ചത്. രാജ കണ്‍വേര്‍ട്ടഡ് ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടയാളാണെന്നും അതുകൊണ്ട് അദ്ദേഹത്തിന് പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാനുള്ള യോഗ്യതയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സി.പി.എമ്മിനു പുതിയ തലവേദനയാകും സൃഷ്ടിക്കുക. പ്രതിസന്ധികളില്‍നിന്നു പ്രതിസന്ധികളിലേക്കു നീങ്ങുന്ന സി.പി.എമ്മിനു ഒരു എം.എല്‍.എ അയോഗ്യനാകുന്നു എന്നതുതന്നെ വലിയ ക്ഷീണമാണ്. ദീര്‍ഘകാലം എം.എല്‍.എയായിരുന്ന എസ് രാജേന്ദ്രനെ മാറ്റിയാണ് സി.പി.എം രാജയെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത്. രാജയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ആരോപണത്തിന്റെ പേരില്‍ മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രനും എം.എം മണിയും തമ്മില്‍ വാക്‌പോര് രൂക്ഷമായിരുന്നു. രാജയെ സ്ഥാനാര്‍ഥിയാക്കിയതിനുപിന്നാലെ സി.പി.എം ജില്ലാ നേതൃത്വവുമായി രാജേന്ദ്രന്‍ ഇടഞ്ഞിരുന്നു. അതൃപ്തി പ്രകടിപ്പിച്ച രാജേന്ദ്രന്‍, തിരഞ്ഞെടുപ്പില്‍ രാജയെ േതാല്‍പിക്കാന്‍ നീക്കം നടത്തിയെന്നു പാര്‍ട്ടിക്കുള്ളില്‍ത്തന്നെ ആരോപണമുയര്‍ന്നിരുന്നു. അതു ശരിവച്ച് എം.എം മണി എം.എല്‍.എ രംഗത്തെത്തിയതോടെ രാജേന്ദ്രനും മണിയും തമ്മില്‍ കനത്ത വാക്‌പോരാണു നടന്നത്. രാജേന്ദ്രനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്കു സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍ചലനങ്ങള്‍ക്കാകും ഇനിയുള്ള നാളുകള്‍ സാക്ഷ്യം വഹിക്കുക. അതു പാര്‍ട്ടിയെ എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്നു കാണേണ്ടിവരും.

സംവരണ മാനദണ്ഡങ്ങളെ ബാധിക്കുന്ന സുപ്രധാന വിധിയാണ് രാജയുടെ കാര്യത്തില്‍ ഹൈക്കോടതി പുറപ്പെടുവിച്ചത്. ഹിന്ദു സംവരണ വിഭാഗങ്ങളില്‍ ജനിച്ച നിരവധി പേര്‍ മതം മാറി പരിവര്‍ത്തിത ക്രൈസ്തവരായി ജീവിക്കുന്നുണ്ട്. ഇവര്‍ കൈവശംവെക്കുന്ന ജാതി സര്‍ട്ടിഫിക്കറ്റ് ഹിന്ദുവിന്റെതും സംവരണ ആനുകൂല്യങ്ങള്‍ ഉള്ളതുമാണ്. ക്രൈസ്തവ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ സംവരണ പട്ടികയില്‍നിന്നും പുറത്താകും. ക്രിസ്ത്യന്‍ വിശ്വാസത്തില്‍ ജീവിക്കുന്നവരെങ്കിലും ജാതിയില്‍ ഹിന്ദു സംവരണ പട്ടികയിലാകും ഇത്തരക്കാര്‍. അതുകൊണ്ട്തന്നെ ജോലിയും ഗ്രാന്റുകളും മറ്റുള്ള ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. ക്രൈസ്തവ മതത്തിലേക്ക് മാറിയവരില്‍ മിക്കവരും ജാതി സര്‍ട്ടിഫിക്കറ്റ് മാറ്റിയിട്ടില്ല. ദലിത് ക്രൈസ്തവരായാല്‍ സംവരണ ആനുകൂല്യത്തിന്റെ ഫലം പറ്റാന്‍ കഴിയില്ല എന്നതിനാലാണത്. ഈ രീതിയില്‍ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഉപയോഗിക്കുന്ന ഒട്ടനവധി പേരുണ്ട്. ഹൈക്കോടതി വിധി വന്നതോടെ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ തുടരുന്ന ഇത്തരക്കാര്‍ ആശങ്കയിലാണ്. സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ നഷ്ടമാകുമോ എന്ന ഭീതിയാണ് ഇവരെ അലട്ടുന്നത്. ഏതെങ്കിലും കേസ് കോടതിയില്‍ എത്തുകയാണെങ്കില്‍ സംവരണംകൊണ്ട് ലഭിച്ച ആനുകൂല്യങ്ങള്‍ തിരികെ നല്‍കേണ്ടിവരും. സംവരണം വഴി ലഭിച്ച സര്‍ക്കാര്‍ ജോലി വരെ നഷ്ടമാവുകയും ചെയ്യും.

പട്ടികജാതിക്കാരോട് സി.പി.എം കാണിച്ച വഞ്ചനയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ആരോപണം ഗൗരവമര്‍ഹിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. വ്യാജ സര്‍ട്ടിഫിക്കറ്റുമായി മത്സരിച്ച സി.പി.എം ജനങ്ങളോട് മാപ്പ് പറയണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സി.പി.എമ്മും എ.രാജയും തീരുമാനിച്ചിരിക്കുന്നത്. അപ്പീല്‍ പരിഗണിക്കപ്പെട്ടിട്ടില്ലെങ്കില്‍ ദേവികുളത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. എല്ലാ നിലയിലും പരാജയമായ പിണറായി സര്‍ക്കാറിന് തിരിച്ചടി കൊടുക്കാന്‍ ലഭിച്ച സുവര്‍ണാവസരമായിരിക്കക്കും ഉപതിരഞ്ഞെടുപ്പ്. തുടര്‍ഭരണത്തില്‍ അഹങ്കാരം മൂത്ത സര്‍ക്കാര്‍ ജനങ്ങളെ പാടേ മറന്നാണ് പ്രവര്‍ത്തിക്കുന്നത്. മന്ത്രിമാരുടെ ധൂര്‍ത്തില്‍ സാമ്പത്തികാടിത്തറ പാടേ തകര്‍ന്നിരിക്കുകയാണ്. ഇതിന്റെ ഭാരം മുഴുവന്‍ ജനങ്ങളുടെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ അത് വ്യക്തമായതാണ്. ഇന്ധന വിലയില്‍ രണ്ട് രൂപയുടെ സെസ് ഏര്‍പ്പെടുത്തിയത് അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകും. പാവപ്പെട്ടവരെ ഒരു നിലക്കും ജീവിക്കാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ് സര്‍ക്കാര്‍. ഇടതുസര്‍ക്കാറിനൊരു ഷോക്ട്രീറ്റ്‌മെന്റ് നല്‍കേണ്ടത് ആത്യാവശ്യമാണ്. ഉപതിരഞ്ഞെടുപ്പ് അതിനുള്ള അവസരമായി മാറണം.

Continue Reading

columns

പ്രതിഛായ കപ്പല് കേറുമ്പോള്‍- പ്രതിഛായ

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍.

Published

on

മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീയായി എന്നൊരു ചൊല്ലുണ്ട്. ഏതാണ്ട് സംസ്ഥാന സ്പീക്കറുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചതെന്നാണ് പ്രതിപക്ഷം പറയുന്നത്. കേരള നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീറിന് സ്പീക്കറാകും മുമ്പ് നിയമസഭയിലെ റോള്‍ പ്രതിപക്ഷം സംസാരിക്കുമ്പോഴെല്ലാം ബഹളം വെക്കുക എന്നതായിരുന്നു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയുമൊക്കെ ഇപ്പോള്‍ ഏതാനും ചില സിനിമകളില്‍ മാത്രം ജീവിക്കുന്ന സംഘടനകള്‍ മാത്രമായി മാറിയിട്ട് നാളേറെയായി. ഈ സംഘടനകളില്‍ നിന്നും വരുന്ന എം.എല്‍.എമാര്‍ക്ക് സംഘടന ജീവിച്ചിരിപ്പുണ്ടെന്ന് അറിയിക്കാന്‍ എന്തെങ്കിലും ബഹളമുണ്ടാക്കുക എന്ന റോളാണ് പാര്‍ട്ടി നല്‍കിയിട്ടുള്ളത്. ഇത് അക്ഷരം പ്രതി അനുസരിച്ചിരുന്നയാളാണ് സ്പീക്കര്‍.

ഇത്തരത്തില്‍ വികൃതി പയ്യനായ ഒരാളെ ഒരു ദിവസം പിടിച്ച് സി.പി.എം സ്പീക്കറാക്കി. അതോടെ കേരളം കരുതിയത് വികൃതിപ്പയ്യന്‍മാരെ നന്നാക്കാന്‍ അധ്യാപകര്‍ അവരെ പിടിച്ച് ലീഡറാക്കാറുള്ളതു പോലെ നന്നാക്കാനായുള്ള ശ്രമം നടത്തിയതാണെന്നായിരുന്നു. സ്പീക്കര്‍ പദവി സര്‍ക്കസിലെ ട്രപ്പീസ് കളി പോലെയാണെന്ന് അറിഞ്ഞിട്ടും സ്പീക്കറായി ആദ്യ ദിവസങ്ങളില്‍ ഭരണ പക്ഷത്തെ ബഹളങ്ങള്‍ക്കെതിരെ വടി എടുത്തപ്പോള്‍ ശ്ശെടാ ഇതെന്താ സംഭവിക്കുന്നതെന്ന് എല്ലാവരും മൂക്കത്ത് വിരല്‍വെച്ചു. പക്ഷേ പിന്നീടായിരുന്നു ട്വിസ്റ്റ് മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ ചറപറാ ആരോപണങ്ങള്‍. ദിനേന എന്നവണ്ണം സ്വപ്‌ന സുരേഷ് മുഖ്യമന്ത്രി പിണറായിക്കും കുടുംബത്തിനുമെതിരെ ആരോപണങ്ങളുടെ പെരുമ്പറ തീര്‍ത്തതോടെ പ്രതിപക്ഷം നിയമസഭയില്‍ മുഖ്യനും മന്ത്രിമാര്‍ക്കും ഇരിക്കപ്പൊറുതി കൊടുക്കാതായി. ഇതോടെ ഊരിപ്പിടിച്ച വടിവാളിനും പിച്ചാത്തിപ്പിടിക്കും നടുവിലൂടെ ഊര്‍ന്നു നടന്നെന്ന പതിവ് തള്ളൊക്കെ മതിയാക്കി സ്പീക്കര്‍ക്കെതിരെ ഭരണപക്ഷം കണ്ണുരുട്ടി. സ്വര്‍ണം കായ്ക്കുന്ന മരമായാലും പുരക്കു മീതെ വളര്‍ന്നാല്‍ വെട്ടുക തന്നെ എന്ന പോളിസി. പിന്നീട് കണ്ടത് സര്‍ക്കാറിന്റെ യൂ ടേണിനേക്കാളും വലിയ യൂടേണായിരുന്നു ഷംസീറിന്റെ ഭാഗത്തു നിന്നും. ചെറിയ ഭൂരിപക്ഷത്തിന് സഭയിലെത്തിയവരൊക്കെ അടുത്ത തവണ തോല്‍ക്കുമെന്ന് സ്ഥാനം പോലും മാനിക്കാതെ പ്രതിപക്ഷത്തെ നോക്കി പറയാന്‍ സ്പീക്കര്‍ മടിച്ചില്ല. പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. അതായത് സഭയില്‍ ബി.ജെ.പി വന്നാലും വേണ്ടില്ല ഷാഫി വേണ്ടെന്ന് സാരം. ബ്രഹ്മപുരം തീപിടുത്തത്തില്‍ നിയമസഭയിലുണ്ടായ പ്രതിഷേധത്തില്‍ സര്‍ക്കാര്‍ വെന്തുരുകുമ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. പാലക്കാട് പിടിക്കാന്‍ നരേന്ദ്ര മോദിയും, അമിത് ഷായും, പിണറായി വിജയനും പ്രചാരണത്തിനു വന്നിട്ടും നടന്നില്ല. പിന്നല്ലേ സ്പീക്കര്‍.

ഷംസീറിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. കൂറു പുലര്‍ത്തേണ്ടത് സ്പീക്കര്‍ പദവിയോടോ, അതോ സ്പീക്കറാക്കിയ പാര്‍ട്ടിയോടോ എന്ന കണ്‍ഫ്യൂഷനിലാണ് ഷംസീര്‍. സഭാനാഥന്‍ മാത്രമായി ഭരണ പക്ഷത്തോട് റൂള്‍ ചോദിച്ചാല്‍ പിണറായി ഉള്‍പ്പെടെ പാര്‍ട്ടി കണ്ണുരുട്ടും, ഇനി പാര്‍ട്ടിക്കാരനായി സ്പീക്കര്‍ കസേരയില്‍ ഇരുന്നാല്‍ പ്രതിപക്ഷം പ്രശ്‌നമാക്കും. പ്രതിപക്ഷം എന്തു പറഞ്ഞാലും കുഴപ്പമില്ല സഖാക്കള്‍ കണ്ണുരുട്ടിയാല്‍ ഷാഫി തോല്‍ക്കുമെന്ന് പറഞ്ഞത് പോലെയാകില്ല കാര്യം. അടുത്ത തവണ ടിക്കറ്റ് പോലും കയ്യാലപ്പുറത്താകും. നിലയില്ലാ കയത്തില്‍ മുങ്ങിത്താഴുന്ന മുഖ്യനും സംഘവും ഇങ്ങനെ തുറിച്ചു നോക്കിയാല്‍ പിന്നെ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും തുല്യ പരിഗണന നല്‍കുന്ന സ്പീക്കറെന്ന പ്രതിഛായ തല്‍ക്കാലം അട്ടത്ത് വെക്കുക തന്നെ. പാര്‍ട്ടി നിലവാരത്തിലേക്ക് താഴേക്കിറങ്ങുക തന്നെ വഴി. സ്വന്തമായി പീഡന തീവ്രത വരെ അളക്കാന്‍ മാപിനിയുള്ള പാര്‍ട്ടിയായതിനാല്‍ കോടതിയും ജഡ്ജിയുമൊക്കെ അവിടെയുണ്ടാകും അതിനാല്‍ നീതിയും ന്യായവും തല്‍ക്കാലം നോക്കാനാവില്ല. ചട്ടവും റൂളുമൊന്നും നോക്കേണ്ട പ്രതിപക്ഷത്തിന്റെ നോട്ടീസിന് ചവറ്റുകുട്ട തന്നെ സ്ഥാനം. നമ്മള്‍ അധ്വാനിച്ചാല്‍ നമ്മള്‍ക്ക് ജീവിക്കാമെന്ന പൊതു തത്വം നോക്കി അവനവന്റെ തടി സലാമത്താക്കുക തന്നെ. ഭരണപക്ഷ നിരയിലെ പ്രശ്‌നക്കാരന്‍ എന്ന നിലിയില്‍ നിന്ന് സ്പീക്കര്‍ കസേരയില്‍ എത്തിയപ്പോള്‍ പാടേ മാറി ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ നല്ല സ്പീക്കര്‍ എന്ന ഖ്യാതി നേടിയെന്ന തോന്നല്‍ ഷംസീറുണ്ടാക്കിയിരുന്നു. എന്നാല്‍ കേരള മുഖ്യന്റെ ഒരൊറ്റ നോട്ടം കൊണ്ട് പ്രതിഛായ കപ്പല് കയറുന്ന സ്ഥിതിയിലായി. ഇനിയിപ്പോ സ്പീക്കര്‍ കസേരയില്‍ ഇരുന്ന് അങ്ങനെ നിഷ്പക്ഷ ഇമേജൊന്നും നേടേണ്ടെന്ന് ഷംസീറിനും തോന്നിയെങ്കില്‍ തെറ്റ് പറയാനൊക്കില്ല. അത്രമേല്‍ വലിയ ആരോപണ പ്രതിസന്ധിക്കകത്താണ് പാര്‍ട്ടി ചെന്നു പെട്ടിരിക്കുന്നത്. ഓരോ വിവാദങ്ങളും തീരുമ്പോള്‍ അടുത്തത് പൊങ്ങി വരും.

Continue Reading

Trending