തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായെങ്കിലും സംസ്ഥാനത്ത് മഴകെടുതി തുടരുന്നു. കുളങ്ങളും തോടുകളും പാടങ്ങളും നിറഞ്ഞുകവിഞ്ഞതും വീടുകളിലും കടകളിലും വെള്ളം കയറിയതും കാരണം ജനങ്ങള്‍ ദുരിതജീവതമാണ് നയിക്കുന്നത്. ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിരിക്കുകയാണ്. അതേസമയം വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ തീരത്തു ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്നുണ്ടായ ശക്തമായ പടിഞ്ഞാറന്‍ കാറ്റാണു കേരളത്തില്‍ കനത്ത മഴയ്ക്കു കാരണമായത്.

അതിനിടെ, കോട്ടയം മുണ്ടക്കയത്തുനിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു (28) ആണു മരിച്ചത്. അഴുതയാറ്റിലാണു മൃതദേഹം കണ്ടെത്തിയത്. ഇതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് പതിനൊന്നായി. ആറുപേരെ കാണാതായിട്ടുണ്ട്.

മരം വീണും വെള്ളം കയറിയും റോഡ്, റെയില്‍ ഗതാഗതം തടസ്സപ്പെട്ടു. പലയിടത്തും ഉരുള്‍പൊട്ടി. പത്തനംതിട്ട വരട്ടാറില്‍ ഓതറ ആനയാര്‍ ചപ്പാത്തില്‍ വീണ് പടിഞ്ഞാറ്റേത്തറ കല്ലുവെട്ടാംകുഴി മനോഹരന്റെ മകന്‍ മനോജ്കുമാര്‍ (43), ഇലക്ട്രിക് ലൈനില്‍നിന്നു ഷോക്കേറ്റ് കൊല്ലം തേവലക്കര അനൂപ് (12), വീടിനു മുകളിലേക്കു വീണ മരക്കൊമ്പ് മുറിച്ചു മാറ്റവെ ചവറ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ബെനഡിക്ട് (40), മണിമലയാറ്റില്‍ ഒഴുക്കില്‍പെട്ട് ചെറുവള്ളി ശിവന്‍കുട്ടി, കണ്ണൂര്‍ കരിയാട് തോട്ടില്‍ കൈ കഴുകാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട് പാര്‍ത്തും വലിയത്ത് നാണി, മലപ്പുറം ചങ്ങരംകുളത്ത് കാഞ്ഞിയൂരില്‍ കുളത്തില്‍ വീണ് ഏഴുവയസുകാരന്‍ അദിനാന്‍, ചികിത്സ കിട്ടാന്‍ വൈകിയതിനെതുടര്‍ന്ന് കോതമംഗലം പുത്തന്‍പുരയ്ക്കല്‍ ടോമി (55) എന്നിവരാണ് ഇന്നലെ മരിച്ചത്.

കഴിഞ്ഞദിവസം കാണാതായ രാജാക്കാട് എന്‍ആര്‍ സിറ്റി വിഷ്ണുവിന്റെ മൃതദേഹം വീടിനു സമീപത്തെ പടുതാക്കുളത്തിലും, വെള്ളിയാഴ്ച പള്ളിയില്‍ പോയപ്പോള്‍ കാണാതായ ആറുവയസ്സുകാരന്‍ മാനന്തവാടി പേര്യ വള്ളിക്കത്തോട് തയ്യുള്ളതില്‍ അജ്മലിന്റെ മൃതദേഹം തോട്ടില്‍നിന്നും കണ്ടെത്തി. വെള്ളക്കെട്ടുകാരണം ആസ്പത്രിയില്‍ എത്തിക്കാനാവാതെയാണു കോതമംഗലം വെള്ളാരംകുത്തില്‍ പുളിയനാനിക്കല്‍ ടോമിയുടെ മരണം. മലപ്പുറം തേഞ്ഞിപ്പലം മുഹമ്മദ് റബീഹ്, നെല്ലിയാമ്പതി സീതാര്‍ക്കുണ്ട് ആഷിഖ്, പത്തനംതിട്ട തടത്തുകാലായില്‍ ബൈജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുന്നു. പമ്പയില്‍ ഒരു തീര്‍ഥാടകനും ഒഴുക്കില്‍പ്പെട്ടു. അതേസമയം, വ്യാഴാഴ്ച വരെ കനത്ത മഴതുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിലാണ് മഴ ഇന്നലെ ആഞ്ഞടിച്ചത്.

കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി. എം.ജി റോഡും കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡും പൂര്‍ണമായും വെള്ളത്തിലായി. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചുമുളള എല്ലാ ട്രെയിനുകളും വൈകിയാണ് ഓടിയത്. മൂവാറ്റുപുഴയാറും പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. കോട്ടയം ജില്ലയിലെ മലയോരമേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. പാലാ പട്ടണം വെള്ളത്തില്‍ മുങ്ങി. വാഗമണ്‍ റോഡില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പൂഞ്ഞാറില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. കോട്ടയം-എറണാകുളം, കോട്ടയം-വൈക്കം, ആലപ്പുഴ-ചങ്ങനാശേരി, ഈരാറ്റുപേട്ട-പൂഞ്ഞാര്‍, ആലപ്പുഴ-കോട്ടയം, ചേര്‍ത്തല-കോട്ടയം റോഡുകളിലെ ഗതാഗതവും മുടങ്ങി. ആലപ്പുഴ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി.

ആലപ്പുഴ ചെല്ലാനത്ത് കടലാക്രമണത്തെ തുടര്‍ന്ന് തീരത്ത് സ്ഥാപിച്ച ജിയോബാഗുകള്‍ നശിച്ചു.
കനത്ത മഴയില്‍ കുട്ടനാട് കൈനകരിയിലെ അഞ്ഞൂറ് ഏക്കറോളം സ്ഥലത്തെ കൃഷി നശിച്ചു. ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസിന് മുകളില്‍ മരം വീണെങ്കിലും ആളപായമില്ല. ഇടുക്കി മറയൂരില്‍ മഴക്കൊപ്പം വീശിയടിച്ച കൊടുംകാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. തൊടുപുഴ പൂമാലയില്‍ ഉരുള്‍പൊട്ടി കൃഷിയിടം നശിച്ചു. കട്ടപ്പന, പീരുമേട്, വണ്ടിപ്പെരിയാര്‍, വെള്ളത്തൂവല്‍ എന്നിവിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്‌ക്കോടി പാത, കോട്ടയം-കുമളി റോഡ് എന്നിവിടങ്ങളില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കല്ലാര്‍ ഡാം നിറഞ്ഞതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 129.3 അടിയായി ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറക്കേണ്ട സ്ഥിതിയില്ലെന്ന് കലക്ടര്‍ അറിയിച്ചു. തൃശൂരില്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട്, മലപ്പുറം പൊന്നാനി, പാലപ്പെട്ടി മേഖലകളില്‍ കടലാക്രമണം രൂക്ഷമാണ്. തലശേരി ധര്‍മടത്ത് ശക്തമായ കാറ്റില്‍ അഞ്ചുവീടുകള്‍ തകര്‍ന്നു. മാലൂരില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരുക്കേറ്റു. പാലക്കാട് നെല്ലിയാമ്പതി നൂറടിപ്പാലത്ത് നിരവധി വീടുകളില്‍ വെളളം കയറി. പാലക്കാട് മംഗലം ഡാമില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ട്. വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു.