കോഴിക്കോട്: ജി.എസ്.ടിയിലെ അപാകത പരിഹരിക്കുക, വാടക-കുടിയാന്‍ നിയമം പരിഷ്‌കരിക്കുക, റോഡ് നവീകരണത്തിന്റെ ഭാഗമായി കടകള്‍ ഒഴുപ്പിക്കുമ്പോള്‍ ജോലി നഷ്ടമാകുന്നവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പ് വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭത്തിലേക്ക്.

ഇതിന്റെ ഭാഗമായി നവംബര്‍ ഒന്നിന് സംസ്ഥാന വ്യാപകമായി 24മണിക്കൂര്‍ കടയടപ്പ് സമരം നടത്താനും കോഴിക്കോട് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ തീരുമാനിച്ചു. അന്നേദിവസം സെക്രട്ടേറിയറ്റ് പടിക്കല്‍ പ്രതിഷേധ ധര്‍ണ നടത്തും. പണിമുടക്കിന് മുന്നോടിയായി ഈമാസം 28ന് ജില്ലാ ആസ്ഥാനങ്ങളില്‍ വ്യാപാരി വ്യവസായി യൂത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് സംഘടിപ്പിക്കും. ബ്രിട്ടാണിയ കമ്പനിക്കെതിരെ നടത്തിവരുന്ന സമരത്തിന് പിന്തുണ നല്‍കാനും യോഗം തീരുമാനിച്ചു.

സംഘടനയുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ആംഗീകരിക്കാത്തപക്ഷം ഈമാസം 25ന് എറണാകുളത്ത് വിപുലമായ സംസ്ഥാനതല പ്രക്ഷോഭ പ്രവര്‍ത്തകകണ്‍വന്‍ഷന്‍ വിളിച്ചുചേര്‍ക്കാനും സെക്രട്ടറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജു അപ്‌സര, ട്രഷറര്‍ ദേവസ്യ മേച്ചേരി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ പങ്കെടുത്തു.