വാഷിങ്ടണ്‍: ആണവ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന ഉത്തര കൊറിയക്കു മുന്നില്‍ അമേരിക്ക മുട്ടുമടക്കുന്നു. ഭീഷണികള്‍ വിലപ്പോവില്ലെന്നു തിരിച്ചറിഞ്ഞതോടെ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ചക്കൊരുങ്ങുന്നു. അമേരിക്കയുടെ സഖ്യകക്ഷിയായ ദക്ഷിണ കൊറിയയുടെ ഒരു മുതിര്‍ന്ന ഉദ്യോസ്ഥനാണ് യു.എസ് തലസ്ഥാനമായ വാഷിങ്ടണില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിനെ ചര്‍ച്ചക്കു ക്ഷണിച്ചു കൊണ്ടുള്ള കത്ത് അമേരിക്കക്കു കൈമാറിയത് ഈ ഉദ്യോഗസ്ഥനാണ്.

ദക്ഷിണ കൊറിയന്‍ പ്രതിനിധികളുടെയും പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെയും നല്ലവാക്കുകളെ പ്രസിഡന്റ് ട്രംപ് അഭിനന്ദിക്കുന്നു. കിം ജോങ്ങുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തയാറാണ്. ഉത്തര കൊറിയ ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതിലേക്കാണ് ഞങ്ങളുടെ ശ്രദ്ധ. അതേസമയം, ഉത്തര കൊറിയയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലും സമ്മര്‍ദത്തിലും മാറ്റമുണ്ടായിരിക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ട്രംപ് ചര്‍ച്ചക്ക് തയ്യാറാവുകയാണെങ്കില്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്താന്‍ തയ്യാറാണെന്നും ആണവ നിര്‍വ്യാപനത്തെ പറ്റി ചിന്തിക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇത്രയും കാലം ഭീഷണിയുടെ സ്വരത്തിലാണ് അമേരിക്ക പ്രതികരിച്ചത്. അതേസമയം, തുടര്‍ച്ചയായ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും ഉത്തര കൊറിയയെ നേരിട്ട് ആക്രമിക്കാന്‍ അമേരിക്ക സന്നദ്ധമായിരുന്നു. ഉത്തര – ദക്ഷിണ കൊറിയകള്‍ക്കിടയില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ കൂടി പരിഗണിച്ചാണ് അമേരിക്കയുടെ പുതിയ നയംമാറ്റം എന്നാണ് സൂചന.

കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച ‘വലിയ പുരോഗതി’യാണെന്ന് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, ആണവ വിഷയത്തില്‍ അന്തിമ കരാറിലെത്തുന്നതു വരെ ഉത്തര കൊറിയക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കില്ലെന്നും ട്രംപ് പറഞ്ഞു.

മെയ് മാസത്തിലായിരിക്കും ട്രംപും ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച എന്നാണറിയുന്നത്. ഇത് എവിടെ വെച്ചായിരിക്കുമെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. അമേരിക്കയും ദക്ഷിണ കൊറിയയും നടത്തിയ സമ്മര്‍ദ തന്ത്രങ്ങളുടെ വിജയമാണ് ഉത്തര കൊറിയയുടെ ചര്‍ച്ചക്കുള്ള സന്നദ്ധ എന്നു നിരീക്ഷണമുണ്ട്. അതേസമയം, മിസൈല്‍ പരീക്ഷണം നിര്‍ത്തിവെക്കുന്നത് താല്‍ക്കാലികം മാത്രമാണെന്നും ചര്‍ച്ച വിജയിച്ചില്ലെങ്കില്‍ തുടരുമെന്നും ഉത്തര കൊറിയന്‍ കേന്ദ്രങ്ങള്‍ പറയുന്നു.