തിരുവനന്തപുരം: നിയമസഭാ സമ്മേളനം അവസാന ദിവസത്തില്‍ എത്തി നില്‍ക്കെ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ കവാടത്തില്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നാലു ദിവസമായി നടത്തി വരുന്ന സത്യാഗ്രഹം ഇന്നും തുടരുകയാണ്. രാവിലെ സഭാ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായി അംഗങ്ങള്‍ നടുക്കളത്തില്‍ കുത്തിയിരിക്കുകയാണിപ്പോള്‍. ഹൈക്കോടതി വിമര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. കെ.സി ജോസഫാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതു വരെ സഭാ നടപടികള്‍ സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.
ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങള്‍. ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് തിയതി നീട്ടാന്‍ സാമൂഹ്യക്ഷേമവകുപ്പ് മന്ത്രി കൂടിയായ കെ.കെ ശൈലജ നിര്‍ദേശിച്ചത് അവര്‍ക്ക് താല്‍പര്യമുള്ളവരെ തിരുകിക്കയറ്റാനാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്നാണ് സിങ്കിള്‍ ബഞ്ച് ഉത്തരവില്‍ പറയുന്നത്.
അതേസമയം, മന്ത്രി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.