തിരുവനന്തപുരം: പെന്‍ഷന്‍പ്രായ വര്‍ധനക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന അനിശ്ചിതകാല സമരം തുടരുന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം വീണ്ടും ആരംഭിച്ചത്. സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി ഉറപ്പൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ ഇന്ന് പഠിപ്പ് മുടക്കുന്നുണ്ട്.
അതേസമയം സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി മന്ത്രി കെ.കെ ശൈലജ ഇന്നലത്തെ ചര്‍ച്ചക്ക് ശേഷം അറയിച്ചിരുന്നു. പകരം പി.ജി പഠനത്തിനുശേഷം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ കയറാന്‍ കഴിയുന്ന തരത്തില്‍ തസ്തികകള്‍ വര്‍ധിപ്പിക്കുമെന്ന് മന്ത്രി സമരക്കാരെ അറിയിച്ചു. എന്നാല്‍, പെന്‍ഷന്‍ പ്രായവര്‍ധനവ് പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല.
സര്‍വീസില്‍നിന്ന് ഈ വര്‍ഷം പിരിയുന്നത് 44 പേരാണ്. അടുത്ത വര്‍ഷം 16പേര്‍ വിരമിക്കും. പെന്‍ഷന്‍പ്രായം വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ വിരമിക്കാതിരിക്കുന്ന സാഹചര്യത്തില്‍ ഉണ്ടാകുന്ന പ്രയാസം പരിഹരിക്കണമെന്നാണ് സമരം ചെയ്ത ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രധാനമായും ഉന്നയിച്ചത്. 175 പുതിയ തസ്തികകള്‍ ആരോഗ്യവകുപ്പ് സൃഷ്ടിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പുതിയതായി പ്രവേശിക്കുന്നവര്‍ക്ക് ഉണ്ടാകില്ല എന്ന് സമരക്കാരോട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
പുതിയ തസ്തികകള്‍ ഉള്ളതിനാല്‍ കൂടുതല്‍ ആളുകള്‍ക്ക് സര്‍വീസില്‍ പ്രവേശിക്കാന്‍ സാധിക്കും, വരുന്ന വര്‍ഷം എത്രത്തോളം തസ്തികകള്‍ ഉണ്ടാക്കണമെന്നതിനെക്കുറിച്ച് സമരക്കാരുമായി ധാരണയിലായിട്ടുണ്ട്. നിലവിലുള്ളതിന്റെ രണ്ടോ, മുന്നോ ഇരട്ടി തസ്തികകള്‍ ഉണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പി.ജി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആവശ്യവും സമരക്കാര്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ സമരക്കാരുടെ ആവശ്യം പരിഗണിക്കാമെന്നും സമരം ചെയ്തവരോട് പ്രതികാര നടപടികള്‍ സ്വീകരിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കി. പലമേഖലകളിലും തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ കിടക്കുന്നുണ്ട്. ഇതിലേക്ക് നിയമനം നടക്കുന്നില്ലെന്നും സമരക്കാര്‍ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി. ഇക്കാര്യത്തില്‍ പി.എസ്.സിയുമായി ബന്ധപ്പെട്ട് നിയമനം ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് മന്ത്രി അറിയിച്ചു. എവിടെയൊക്കെ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുണ്ടെന്ന കാര്യം കണ്ടെത്താന്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍കൂടി തയാറാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ഡി.എച്ച്.എസില്‍ ഉള്ള ഒഴിവുകളും ആറ് മാസത്തിനകം നികത്തും. റാങ്ക് ലിസ്റ്റുണ്ടായിട്ടും നിയമനം നടത്താത്ത പ്രശ്നങ്ങളുണ്ടെങ്കില്‍ അത് അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് മുമ്പ് ജൂനിയര്‍ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദന്തല്‍ മേഖലയില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണമെന്ന ആവശ്യവും ജൂനിയര്‍ ഡോക്ടമാര്‍ ഉന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ദന്തല്‍ മേഖലയില്‍ 44 പുതിയ തസ്തികകള്‍ സൃഷ്ടിച്ചിരുന്നു എന്നാല്‍ ഇത് പര്യാപ്തമല്ല. ആര്‍ദ്രം മിഷന്‍ നടപ്പാകുന്നതോടെ താലൂക്ക് അടിസ്ഥാനത്തില്‍ കൂടുതല്‍ ദന്തല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നതോടെ ഇതിനും പരിഹാരമുണ്ടാകും. അതേസമയം, ബോണ്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന ആവശ്യവും സര്‍ക്കാര്‍ നിരാകരിച്ചു. പകരം ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പകരം സ്വമേധയാ ബോണ്ട് നല്‍കുന്ന സാഹചര്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. യോഗ്യരായവരെ കിട്ടാനില്ലാത്തതാണ് ഇപ്പോഴുള്ള നിര്‍ബന്ധിത ബോണ്ടിന് പിന്നില്‍. എന്നാല്‍ ആരോഗ്യവകുപ്പ് ലക്ഷ്യമിടുന്ന പദ്ധതികളൊക്കെ വേണ്ട രീതിയില്‍ നടപ്പായാല്‍ ബോണ്ട് ആവശ്യമായി വരില്ലെന്നും മന്ത്രി വ്യക്തമാക്കി.
മൂന്ന് ദിവസമായി തുടര്‍ന്ന സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ നിരാഹാരം ആരംഭിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയാറായത്. തുടര്‍ച്ചയായി സമരം ചെയ്താല്‍ സ്ഥിതിഗതികള്‍ മോശമാകുമെന്ന് സര്‍ക്കാറിനും ഡോക്ടര്‍മാര്‍ക്കും ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇരുകൂട്ടരും ചര്‍ച്ചക്ക് തയാറായത്. സമരം തുടങ്ങുന്നതിന് മുമ്പ് ഇരുകൂട്ടരും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു.