X

ഏകദിന ലോകകപ്പിന് കൊച്ചി വേദിയാകില്ല; ഫൈനല്‍ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കാന്‍ പോവുന്ന ഐ.സി.സി ഏകദിന ലോകകപ്പില്‍ ഒരു മല്‍സരത്തില്‍ പോലും കൊച്ചി വേദിയാവില്ലെന്നുറപ്പായി. മല്‍സരങ്ങളുടെ മുഖ്യ സംഘാടകരായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് താല്‍കാലികമായി തയ്യാറാക്കിയ വേദികളുടെ പട്ടികയില്‍ കൊച്ചിയില്ല.

ഒക്ടോബര്‍ അഞ്ചിന് ആരംഭിച്ച് നവംബര്‍ 19ന് അവസാനിക്കുന്ന തരത്തിലാണ് മല്‍സരങ്ങള്‍ പ്ലാന്‍ ചെയ്തിരിക്കുന്നത്. പത്ത് ടീമുകള്‍ പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലായിരിക്കും. അഹമ്മദാബാദിന് പുറമെ ബെംഗളുരു, ചെന്നൈ, ഡല്‍ഹി, ധര്‍മശാല, ഗോഹട്ടി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്‌നൗ, ഇന്‍ഡോര്‍, രാജ്‌ക്കോട്ട്, മുംബൈ എന്നി നഗരങ്ങളിലായിരിക്കും മല്‍സരങ്ങള്‍.

46 ദിവസം ദീര്‍ഘിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ നോക്കൗട്ട് മല്‍സരങ്ങള്‍ ഉള്‍പ്പെടെ 48 മല്‍സരങ്ങളാണുണ്ടാവുക. ചാമ്പ്യന്‍ഷിപ്പിന്റെ പൂര്‍ണ ഫിക്‌സ്ച്ചര്‍ ഉടനുണ്ടാവും. വേദികള്‍ അന്തിമമായി നിശ്ചയിക്കാന്‍ വൈകുന്നത് മണ്‍സുണിനെ ഭയന്നാണ്. സാധാരണ ഗതിയില്‍ ലോകകപ്പ്് വേദികളെ ഒരു വര്‍ഷം മുമ്പ് തന്നെ ഐ.സി.സി പ്രഖ്യാപിക്കാറുണ്ട്. പക്ഷേ ഇത്തവണ വൈകാന്‍ രണ്ട് കാരണങ്ങളുണ്ട്. ചാമ്പ്യന്‍ഷിപ്പിനെ നികുതി മുക്തമാക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അതില്‍ തീരുമാനമായിട്ടില്ല. പാക്കിസ്താന്‍ ടീം ലോകകപ്പിന് വരുമ്പോള്‍ അവരുടെ താരങ്ങള്‍ക്ക് വിസ ക്ലിയറന്‍സ് നല്‍കണം. 2013 ന് ശേഷം ഐ.സി.സി മല്‍സരങ്ങള്‍ക്കല്ലാതെ പാക്കിസ്താന്‍ ടീം ഇന്ത്യയില്‍ വന്നിട്ടില്ല.

webdesk11: