X

കുടില്‍തൊട്ട് കൊട്ടാരം വരെ ലഹരിയുടെ പിടിയിലമര്‍ന്നിട്ടും പൊലീസിന് നിസംഗത കൊടിയത്തൂരിലെ യുവാവിന്റെ മരണത്തില്‍ ദുരൂഹത

മുക്കം: ചെറിയ ഗ്രാമങ്ങള്‍ വരെ ലഹരിയുടെ പിടിയിലമര്‍ന്ന് ലഹരി മാഫിയയിലേക്കു വിരല്‍ ചൂണ്ടുന്ന ദുരൂഹ മരണങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും പൊലീസിന് നിസംഗത. കോഴിക്കോടിന്റെ മലയോര മേഖലയില്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം നാട്ടുകാരെയെല്ലാം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളിയാഴ്ച കൊടിയത്തൂരില്‍ ഉണ്ടായ യുവാവിന്റെ അപ്രതീക്ഷിത മരണത്തിനു കാരണമായത് വര്‍ധിച്ച ബ്രൗണ്‍ ഷുഗര്‍ ഉപയോഗമാണെന്ന സംസാരത്തിന് തെളിവൊന്നുമില്ലെങ്കിലും വീട്ടുകാരും നാട്ടുകാരും അടങ്ങാത്ത ഞെട്ടലിലാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ കാരണം വ്യക്തമാവുകയുള്ളൂവെങ്കിലും മരണത്തില്‍ ദുരൂഹതയുണ്ട്.
അസ്വാഭാവിക മരണത്തിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ ഒളിവിലാണെന്നു പറയപ്പെടുന്നു. കൊടിയത്തൂര്‍ ഉള്ളാട്ടില്‍ ദാനിഷ് (26) ആണ് വെള്ളിയാഴ്ച രാത്രി മെഡിക്കല്‍ കോളജില്‍ വെച്ച്മരിച്ചത്. വീട്ടില്‍ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ മുന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഇറങ്ങി പോയ യുവാവിന്റെ മരണ വിവരമാണ് രാത്രി വീട്ടുകാര്‍ അറിയുന്നത്. അവശനിലയിലായ യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച ശേഷം മറ്റൊരാളുടെ മൊബൈല്‍ നമ്പര്‍ നല്‍കി കൂടെയുണ്ടായിരുന്നവര്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഇവരെപ്പറ്റി പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവരെ പിടികൂടിയാലെ കൂടുതല്‍ വിവരം അറിയാന്‍ സാധിക്കൂ.
ഒന്നര മാസം മുന്‍പ് വിദേശത്ത് നിന്ന് അവധിക്കു വന്നതാണ് ദാനിഷ്. കൊടിയത്തൂര്‍ കോട്ടമുഴി, തെയ്യത്തുംകടവ് തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു രാപ്പകല്‍ വ്യത്യാസമില്ലാതെ നടന്നിരുന്ന ലഹരി വില്‍പനയും ഉപയോഗവും എക്‌സൈസ് വകുപ്പും പൊലീസും നടപടികള്‍ ശക്തമാക്കിയതിനെ തുടര്‍ന്ന് കുറഞ്ഞിരുന്നു. എന്നാല്‍ വീണ്ടും വലിയ തോതില്‍ ലഹരി വ്യാപിക്കുന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് വരെ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ മാസം ഒരു വിദ്യാര്‍ഥിയെ കഞ്ചാവുമായി പിടികൂടിയെങ്കിലും പരാതി പോലും നല്‍കാന്‍ തയ്യാറാവാതെ സംഭവം മൂടി വെച്ചത് വിവാദമായിരുന്നു.

web desk 1: