X

17 വര്‍ഷം, ആറു കൊലപാതകങ്ങള്‍; ഒരു കൊലപാതകി, ആറു കാരണങ്ങള്‍

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതി ജോളിയും കൂട്ടു പ്രതികളായ മാത്യുവും പ്രജുകുമാറും

വടകര: 17 വര്‍ഷത്തെ ഇടവേളകളില്‍ നടന്ന ആറു കൊലപാതകങ്ങള്‍, എല്ലാറ്റിനും പിന്നില്‍ ഒരേ കരങ്ങള്‍, പക്ഷേ ആറു കൊലപാതകങ്ങള്‍ക്കും പിന്നില്‍ പ്രേരണയായി ആറു കാരണങ്ങള്‍, എല്ലാറ്റിനേയും കൂട്ടിയോജിപ്പിക്കുന്നത് കൊല്ലപ്പെട്ടവരും കൊലയാളിയും ഒരു കുടുംബത്തില്‍ തന്നെയുള്ളവര്‍ എന്ന വിചിത്ര വസ്തുത. പൊലീസിന് പോലും ഗുരുതര വീഴ്ച സംഭവിച്ച വിഷയത്തില്‍, ബന്ധുക്കളില്‍ ഒരാളുടെ സംശയത്തില്‍നിന്ന് തുടങ്ങിയ കൂടുത്തായി കേസിന്റെ അന്വേഷണം എത്തിനില്‍ക്കുന്നത് കേരളത്തെ തന്നെ നടുക്കിയ കൊലപാതക പരമ്പരയിലേക്ക്.
അവിശ്വസനീയമായ രീതിയിലാണ് ആറു കൊലപാതകങ്ങളും നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ബന്ധുക്കളില്‍ ഉള്‍പ്പെടെ പലര്‍ക്കും ആദ്യമൊന്നും സംശയം തോന്നിയിരുന്നില്ല. എന്നാല്‍ ഒരേ കുടുംബത്തിലുള്ളവര്‍ തുടര്‍ച്ചയായി ഒരേ രീതിയില്‍ മരണത്തിലേക്ക് നീങ്ങിയതിലെ സംശയങ്ങളാണ് കേസിനെ വഴിത്തിരിവിലെത്തിച്ചത്. കൂടത്തായി പന്നാമറ്റം ജോളിയന്‍ ജോസഫ് എന്ന ജോളി(47) ആണ് കുടുംബംഗങ്ങളെ ഓരോന്നായി പതിനേഴ് വര്‍ഷത്തെ ഇടവേളകളില്‍ ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
റോയിക്കു പുറമെ ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസ്, ടോം തോമസിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു, ടോം തോമസിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ ഭാര്യ സിലി, മകള്‍ ആല്‍ഫൈന്‍ എന്നിവരെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ജോളി സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി.

ആദ്യ ഇര അന്നമ്മ
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് മാത്യുവിന്റെ അമ്മ അന്നമ്മയാണ് ആദ്യം കൊല്ലപ്പെട്ടത്. 2002 ആഗസ്റ്റ് 22ന് അന്നമ്മയെ ആട്ടിന്‍സൂപ്പില്‍ സയനൈഡ് ചേര്‍ത്തു നല്‍കിയായിരുന്നു കൊലപാതകം. ഇതിന് മുമ്പും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് ജോളി ഇവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സതേടുകയും ആരോഗ്യനില വീണ്ടെടുക്കുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ എത്തിയതിനാല്‍ കൊലപാതക ശ്രമം സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നില്ല. പിന്നീടാണ് ആഗസ്റ്റ് 22ന് വായില്‍ നിന്ന് നുരയും പതയും വന്നതിനെതുടര്‍ന്ന് അന്നമ്മയെ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അന്നമ്മ ജോസഫ് വീട്ടില്‍ അധികാരം സ്ഥാപിക്കുന്നത് ജോളിക്ക് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് ജോളി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന മൊഴി.

ടോം തോമസിനെ
കൊന്നത്
സ്വത്തിനു വേണ്ടി

ഭര്‍ത്താവിന്റെ അച്ഛന്‍ ടോം തോമസിനെ 2008 ആഗസ്റ്റ് 26നാണ് ജോളി ഇല്ലാതാക്കിയത്. കപ്പപ്പുഴുക്കില്‍ സയനൈഡ് കലര്‍ത്തി നല്‍കിയായിരുന്നു കൊലപാതകം. കപ്പപുഴുക്ക് കഴിച്ച ടോം തോമസ് ഛര്‍ദ്ദിക്കുകയും തളര്‍ന്നു വീഴുകയും ചെയ്തു. ഭക്ഷ്യ വിഷബാധ എന്ന നിഗമനത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പോലുമില്ലാതെ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ടോമുമായി ജോളിക്ക് വഴി വിട്ട ബന്ധമുണ്ടായിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. വസ്തു വിറ്റ വകയിലുള്ള പണം ടോം നേരത്തെ തന്നെ ജോളിക്ക് നല്‍കിയിരുന്നു. കൂടുതല്‍ സ്വത്ത് ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതോടെ ഭര്‍ത്താവിന്റെ അച്ഛനെ കൊലപ്പെടുത്താന്‍ ജോളി തീരുമാനിക്കുകയായിരുന്നു.

ഭര്‍ത്താവിനെ
ഇല്ലാതാക്കിയതും
സയനൈഡ് നല്‍കി

പരമ്പരയില്‍ മൂന്നാമത്തെ കൊലപാതകമായിരുന്നു ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റേത്. 2011 സെപ്തംബര്‍ 30നായിരുന്നു സംഭവം. റോയിയും ഭക്ഷണം കഴിച്ചയുടനെ കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവുമായുള്ള ബന്ധം വഷളായതാണ് കൊലക്ക് പ്രേരണയായതെന്നാണ് ജോളി നല്‍കിയ മൊഴി. ബന്ധു മാത്യു മഞ്ചാടിയലിന്റെ(ഇയാളേയും പിന്നീട് ജോളി കൊലപ്പെടുത്തി) നിര്‍ബന്ധപ്രകാരം റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു. കൊല്ലപ്പെട്ട ആറുപേരില്‍ ഈ ഒരു കേസില്‍ മാത്രമാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നതും. സയനൈഡ് ഉള്ളില്‍ ചെന്നാണ് മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നെങ്കിലും കൊലപാതക സാധ്യത അന്നും അന്വേഷിക്കപ്പെട്ടില്ല. ഉള്ളില്‍നിന്ന് കുറ്റിയിട്ട നിലയില്‍ ബാത്‌റൂമിനുള്ളിലാണ് റോയ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതോടെ ആത്മഹത്യയെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തുകയായിരുന്നു. സയനൈഡ് ചേര്‍ത്ത ഭക്ഷണം കഴിച്ചതിനു പിന്നാലെ കുളിക്കാനായി ബാത്‌റൂമില്‍ കയറിയ സമയത്താണ് റോയ് കുഴഞ്ഞുവീണതും മരിച്ചതുമെന്നാണ് സൂചന. (ഈ കേസില്‍ രണ്ട് മാസം മുമ്പ് റോയിയുടെ അമേരിക്കയിലുള്ള സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നാടിനെ നടുക്കിയ കൊലപാതക പരമ്പരയില്‍ പൊലീസ് അന്വേഷണം കേന്ദ്രീകരിച്ചത്).

അതിഥിയായെത്തി
മാത്യുവും
മരണത്തിലേക്ക്

2014 ഫെബ്രുവരി 14നാണ് ഭര്‍ത്താവ് റോയിയുടെ അമ്മ അന്നമ്മയുടെ സഹോദരന്‍ എം.എം മാത്യു മഞ്ചാടിയിലിനെ ജോളി കൊലപ്പെടുത്തുന്നത്. സ്വത്തു തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു കൊല. ജോളിയുടെ വീട്ടിലെത്തിയ മാത്യുവിന് സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കുകയായിരുന്നു.

ഷാജുവിനെ
സ്വന്തമാക്കാന്‍
രണ്ടു
ജീവനുകള്‍ കൂടി

2014 മെയ് മാസത്തിലാണ് ഭര്‍ത്താവിന്റെ അച്ഛന്‍ ടോമിന്റെ സഹോദര പുത്രന്‍ ഷാജുവിന്റെ രണ്ട് വയസ്സ് മാത്രമുള്ള മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയത്. വെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയായിരുന്നു കൊല. 2016 ജനുവരി 11 ന് കുട്ടിയുടെ അമ്മ സിലി ഷാജുവിനെയും ഭക്ഷണത്തില്‍ സയനൈഡ് ചേര്‍ത്ത് കൊലപ്പെടുത്തി. ഷാജുവിനെ സ്വന്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഭാര്യയെയും കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

chandrika: