X

ഷമിയും ജഡേജയും തകര്‍ത്താടി; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് 203 റണ്‍സ് ജയം

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് 203 റണ്‍സ് ജയം. അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും നാല് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യയെ വന്‍ വിജയത്തിലേക്ക് നയിച്ചത്. 395 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സില്‍ 191 റണ്‍സിന് എല്ലാവരും പുറത്തായി.

107 പന്തില്‍ 56 റണ്‍സ് നേടിയ ഡെയ്ന്‍ പിഡെറ്റ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. 70 റണ്‍സിനിടയില്‍ എട്ടു വിക്കറ്റ് നഷ്ടമായി തകര്‍ച്ചയിലായിരുന്ന ദക്ഷിണാഫ്രിക്കയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് വാലറ്റമാണ്. ഇതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 10ത്തിന് മുന്നിലെത്തി. സ്‌കോര്‍ : ഇന്ത്യ502/7റ, 323/4റ. ദക്ഷിണാഫ്രിക്ക431,191.

രണ്ടാമിന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങി നാല് റണ്‍സിനിടയില്‍ ആദ്യ വിക്കറ്റുപോയ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നീട് തകര്‍ച്ചയില്‍ നിന്ന് കര കയറാനായില്ല. ഷമി സ്റ്റമ്പ് ഇളക്കിയപ്പോള്‍ ജഡേജ വിക്കറ്റിന് മുന്നില്‍ കുരുക്കി. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. ഒമ്പതാം വിക്കറ്റില്‍ സെനൂരന്‍ മുത്തുസാമിയും ഡെയ്ന്‍ പിഡെറ്റും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 91 റണ്‍സാണ് ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. മുത്തുസാമി 49 റണ്‍സുമായി പുറത്താകാതെ നിന്നു. പിഡെറ്റ് 107 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സും സഹിതം 56 റണ്‍സ് നേടി.

നാല് വിക്കറ്റിന് 323 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം ഇന്ത്യ രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിതിന്റെ സെഞ്ചുറി ( 127)ക്ക് പുറമേ പൂജാര (81) ഇന്ത്യയ്ക്കായി അര്‍ധ സെഞ്ചുറി നേടി. മായങ്ക് അഗര്‍വാള്‍ (7), രവീന്ദ്ര ജഡേജ ( 40) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സമാന്‍മാര്‍. വിരാട് കോലി (31), രഹാന (27) എന്നിവര്‍ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി കേശവ് മഹാരാജ രണ്ട് വിക്കറ്റുകളും റബാഡ, ഫിലാഡര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയെ 431 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 71 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയിരുന്നു. ഡീന്‍ എല്‍ഗറിന്റെയും (160) ക്വിന്റണ്‍ ഡി കോക്കിന്റെയും (111) സെഞ്ചുറികളാണ് ദക്ഷിണാഫ്രിക്കയെ 400 കടക്കാന്‍ സഹായിച്ചത്. എട്ടിന് 385 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്ക 46 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തു. കേശവ് മഹാരാജ് (9), കാഗിസോ റബാദ (15) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. സെനൂരന്‍ മുത്തുസാമി 33 റണ്‍സോടെ പുറത്താകാതെ നിന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: