X
    Categories: CultureMoreNewsViews

വനിതാ മതിലിൽ പങ്കെടുക്കാതെ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ വിഭാഗം

അരുൺ ചാമ്പക്കടവ്

കൊല്ലം : ഇടതുമുന്നണി വിപുലീകരണത്തിൽ ആർ.എസ്.പി ലെനിനിസ്റ്റിനെ തഴഞ്ഞതിൽ ശക്തമായ പ്രതിഷേധം അറിയിക്കാൻ കോവൂർ കുഞ്ഞുമോൻ എം.എൽ.എ. ഇതിന്റെ ഭാഗമായി ഒന്നാം തീയതി നടക്കുന്ന വനിതാ മതിലിൽ നിന്ന് മാറി നിൽക്കാനാണ് എം.എൽ.എയുടെയും കൂട്ടരുടെയും തീരുമാനം. കുന്നത്തൂർ മണ്ഡലത്തിലെ വനിത മതിലിന്റെ പ്രധാന ചുമതല വഹിക്കുന്നത് കോവൂർ കുഞ്ഞുമോൻ എം.എൽ.എയാണ്. സമ്മർദ്ധ തന്ത്രമായി രഹസ്യ നീക്കം കൊല്ലം ജില്ലയിലെ ചില സി.പി.എം നേതാക്കളെയും അറിയിച്ചിട്ടുണ്ട്. ആർ.എസ്.പി യെ പിളർത്തിയതിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തത് സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി ജയരാജനാണെന്ന് ഇന്നലെ ലെനിനിസ്റ്റ് നേതാക്കൾ പത്ര സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ആർ.എസ്.പി എൽഡിഎഫിൽ നിന്നപ്പോൾ ലഭിച്ച മന്ത്രി സ്ഥാനം ഉൾപ്പെടെ എല്ലാ ബോർഡ് സ്ഥാനങ്ങളും നൽകാം എന്നായിരുന്നു കോവൂർ കുഞ്ഞുമോന് സി.പി.എം നേതാക്കൾ ആദ്യം ഉറപ്പ് നൽകിയത് .

മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് വീണ്ടും സിപിഎമ്മുമായി ആർ.എസ്.പി ലെനിനിസ്റ്റ് വിഭാഗം ചർച്ച നടത്തിയിരുന്നു എന്നിട്ടും ഫലം കണ്ടില്ല. പിന്നീട് അഗ്രോ ഇൻഡസ്ട്രി , ടെക്സ്റ്റൈയിൽ കോർപറേഷൻ എന്നിവയുടെ ചെയർമാൻ സ്ഥാനം നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും അതും നടപ്പിലായില്ല. കുന്നത്തൂർ മണ്ഡലത്തിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം മാത്രമാണ് എം.എൽ.എയുടെ പാർട്ടിക്ക് മണ്ഡലത്തിലെ ത്രിതല പഞ്ചായത്തിലെ ഏക പ്രാതിനിധ്യം.

കഴിഞ്ഞ 20 വർഷമായി കുന്നത്തൂരിനെ പ്രതിനിധികരിക്കുന്ന എം.എൽ.എയാണ് കോവൂർ കുഞ്ഞുമോൻ. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നേ എൽ.ഡി.എഫിൽ എടുക്കുമെന്ന പ്രതീക്ഷയിലാണ് ആർ.എസ്.പി ലെനിനിസ്റ്റ്. മാതൃസംഘടനയിലേക്ക് തിരികെ വന്നാൽ സ്വീകരിക്കുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ഇന്നലെ പറഞ്ഞിരുന്നു . മാതൃസംഘടനയിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എയും പറഞ്ഞു. കുന്നത്തൂർ മണ്ഡലത്തിൽ പോലും എല്ലാ മേഖലകളിലും സംഘടന പ്രവർത്തനം ഇല്ലെന്ന് സി.പി.എം ശൂരനാട്, കുന്നത്തൂർ ഏരിയാ കമ്മറ്റികളുടെ റിപ്പോർട്ടും കോവൂർ കുഞ്ഞുമോൻ വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തെ ബാധിച്ചിരുന്നു. കുറേ വർഷങ്ങൾക്ക് ശേഷമാണ് എൽ.ഡി.എഫ് വിപുലീകരിച്ചത് പുതിയതായി നാല് പാർട്ടികളെയാണ് എൽ.ഡി.എഫിൽ എടുത്തത് .

ചന്ദ്രിക വെബ് ഡെസ്‌ക്‌: