X

കോഴിക്കോട് റെസ്‌റ്റോറെന്റില്‍ രണ്ട് കട്ടന്‍ ചായക്ക് 92 രൂപ !, ഫേസ്ബുക്കില്‍ ഫോട്ടോ സഹിതം പരാതി നല്‍കി യുവാവ്

രണ്ട് കട്ടന്‍ ചായക്ക് 92 രൂപ വിലയിട്ട കോഴിക്കോട് കടല്‍ത്തീരത്തെ ഭക്ഷണശാലയ്ക്ക് എതിരെ യുവാവിന്റെ ഫേസ്ബുക്ക് കുറിപ്പ്. അഡ്വ. ശ്രീജിത്ത് കുമാര്‍ എംപി എന്നയാളാണ് കോഴിക്കോട് കടപ്പുറത്തെ ഗുജറാത്തി സ്ട്രീറ്റിലുള്ള ഗുദാം എന്ന റസ്‌റ്റോറന്റിന് എതിരെ ഫോട്ടോ സഹിതം പരാതി എഴുതിയത്.

ബില്ല് കണ്ടപ്പോള്‍ ചായക്ക് ഇത്രവിലയാകുമെങ്കില്‍ കുടിക്കില്ലെന്ന് പറഞ്ഞ ശ്രീജിത്തിനോട് ഇവിടെ മാന്യന്‍മാരാണ് വരുന്നത് അവരോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ല, നിങ്ങളെ കണ്ടപ്പോ അങ്ങിനെ തോന്നി, അല്ലാത്തവര്‍ വന്നാല്‍ ചായക്ക് 44 രൂപയാണന്ന് പറഞ്ഞ് തിരിച്ചയക്കാറാണ് പതിവെന്ന് കടയുടമ പറഞ്ഞെന്നും പോസ്റ്റില്‍ ശ്രീജിത്ത് വിശദീകരിക്കുന്നു.

ജിഎസ്ടി ബില്‍ ആവശ്യപ്പെട്ടപ്പോള്‍ കമ്പ്യൂട്ടര്‍ കേടാണെന്നും ബില്‍ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ എടുക്കുന്ന ചെറിയ ബുക്കില്‍ എഴുതി നല്‍കിയെന്നും ഇതില്‍ കടയുടെ പേര്, ജിഎസ്ടി നമ്പര്‍, ബില്‍ നമ്പര്‍ എന്നിവ ഉണ്ടായിരുന്നില്ലെന്നും ശ്രീജിത്ത് ആരോപിക്കുന്നു. ഈ ബില്ലിന്റെ ഫോട്ടോയും ഇയാള്‍ പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വിലവിവരപ്പട്ടിക കടയില്‍ ഇല്ലായിരുന്നു. മെനു കാര്‍ഡ് നല്‍കിയതുമില്ലെന്ന് ശ്രീജിത്ത് പറയുന്നു.

ലൈസന്‍സിംഗ് അതോറിറ്റിയിലെ ഉദ്യോഗസ്ഥരെയും കോഴിക്കോട് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഓഫീസറെയും ഫോണില്‍ ബന്ധപ്പെട്ടു. പരാതിയില്‍ നടപടി എടുക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കിയതായും ശ്രീജിത്ത് എഴുതി.

web desk 3: