കോഴിക്കോട്: സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെയുണ്ടായ ബോംബേറില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി ഇന്ന് കോഴിക്കോട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ യാത്ര കഴിഞ്ഞ് കാറില്‍ ഓഫീസിലേക്ക് കയറുന്നതിനിടെയാണ് ബോംബേറുണ്ടായത്. രണ്ടു സ്റ്റീല്‍ ബോംബുകളാണ് എറിഞ്ഞത്. ഇതില്‍ ഒരെണ്ണം പൊട്ടി. ഓഫീസ് വരാന്തയിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ സുര്‍ജിത്തിന് പരിക്കേറ്റു. വയനാട് റോഡില്‍ ക്രിസ്ത്യന്‍ കോളജിന സമീപത്താണ് ഓഫീസ്. ബോംബെറിഞ്ഞ ശേഷം അഞ്ചു പേര്‍ ഓഫീസിനു പിന്നിലേക്ക് ഓടി രക്ഷപ്പെടുന്നതായി മോഹനന്‍ പറഞ്ഞു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഎം ആരോപിച്ചു.
അതേസമയം, വടകര ആര്‍എസ്എസ് കാര്യാലയത്തിനു നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് അഞ്ചു നിയമസഭാ മണ്ഡലങ്ങലില്‍ ആര്‍എസ്എസും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വടകര, കൊയിലാണ്ടി, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര എന്നിവിടങ്ങളിലാണ് ആര്‍എസ്എസ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ടെന്ന് നേതാക്കള്‍ അറിയിച്ചു.