X

കോഴിക്കോട് ഓമശ്ശേരിയില്‍ ജ്വല്ലറിയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച;ഒരാള്‍ പിടിയില്‍; സി.സി ടി.വി ദൃശ്യം പുറത്ത്

1, ജ്വല്ലറി ജീവനക്കാരുടെ സാഹസികമായ കീഴ്‌പ്പെടുത്തല്‍. 2, പ്രതി അബോധാവസ്ഥയിൽ

കോഴിക്കോട് ഓമശ്ശേരിയില്‍ തോക്ക് ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം. മൂന്ന് പേരടങ്ങുന്ന സംഘമാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. ഒരു അന്യസംസ്ഥാനക്കാരന്‍ പിടിയിലായി. രണ്ട് പേര്‍ രക്ഷപ്പെട്ടു.

വൈകിട്ട് ഏഴരയോടെയാണ് സംഭവം. മുക്കം റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാദി ഗോള്‍ഡ് എന്ന സ്വര്‍ണാഭരണ വില്‍പന ശാലയിലാണ് തോക്കു ചൂണ്ടിയുള്ള കവര്‍ച്ച നടന്നത്.  ജ്വല്ലറി അടച്ച് സ്‌റ്റോക്ക് ചെക്ക് ചെയ്യാന്‍ പോകുമ്പോഴാണ് മൂന്നംഗ സംഘം തോക്ക് ചൂണ്ടി എത്തിയത്. 15 ഓളം സ്വര്‍ണ വളകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വളകളുമായി കടക്കുന്നതിനിടെ ഒരാളെ ജ്വല്ലറിയിലെ ജീവനക്കാര്‍ കീഴടക്കുകയായിരുന്നു.

കവര്‍ച്ചാ സംഘത്തിന് കവര്‍ച്ചക്കിടെ സംഭവിച്ച ചെറിയ അശ്രദ്ധ അവസരത്തിനൊത്ത് മുതലെടുത്തായിരുന്നു ജ്വല്ലറിയിലെ ജീവനക്കാരുടെ സാഹസികമായ കീഴ്‌പ്പെടുത്തല്‍. റിസപ്ഷനിലെ കസേരയെടുത്താണ് സംഘത്തെ നേരിട്ടത്. കീഴ്പ്പെടുത്തുന്നതിനിടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.

ഓമശ്ശേരി ടൗണിലെ തിരക്കൊഴിഞ്ഞ ഭാഗത്തായാണ് ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ഇത് മനസ്സിലാക്കിയാണ് കവർച്ചാ സംഘം കടയടക്കാൻ ഷട്ടറുകൾ താഴ്ത്തിയ സമയത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ജ്വല്ലറിയുടെ പിറക് വശത്തെ റോഡിലൂടെയാണ് ഇവർ മുഖം മറച്ച് എത്തിയത്. സ്വർണാഭരണങ്ങളുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നിടെയാണ് ഒരാളെ ജീവനക്കാർ കീഴ്പ്പെടുത്തിയത്. രക്ഷപെട്ടവർ പന്ത്രണ്ടര പവൻ വരുന്ന 14 വളകളാണ് കവർന്നത്. പിടിയിലായ ആൾ അബോധാവസ്ഥയിലായതിനാൽ പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ കൈയ്യിൽ നിന്നും ഒരു കത്തിയും പിടിച്ചെടുത്തു.
രക്ഷപെട്ടവർക്കായി പ്രദേശത്ത് നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തുകയാണ്. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് ഇവർ.

chandrika: