കോഴിക്കോട്: വധഭീഷണി വന്നാലും തുടര്‍ന്നും എഴുതുമെന്ന് സാഹിത്യകാരന്‍ കെപി രാമനുണ്ണി. ഭീഷണി വന്നപ്പോള്‍ മുന്‍കാലത്ത് പലരും എഴുത്ത് നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, താന്‍ ‘എഴുത്തില്‍നിന്ന് ആത്മഹത്യ’ ചെയ്യില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മങ്കട ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനത്തിനായി പൂപ്പലം ഒഎയുപി സ്‌കൂളിലെത്തിയതായിരുന്നു രാമനുണ്ണി. ആറുമാസത്തിനകം മതം മാറിയില്ലെങ്കില്‍ കൈയും കാലും വെട്ടുമെന്നാണ് ഭീഷണിക്കത്തിലുള്ളത്. പരാതി നല്‍കേണ്ടെന്നായിരുന്നു ആദ്യ തീരുമാനം.

പരാതി നല്‍കാതിരുന്നാല്‍ ക്രിമിനലുകള്‍ക്ക് പ്രോത്സാഹനമാകുമെന്ന് സഹപ്രവര്‍ത്തകരായ എഴുത്തുകാര്‍ ഉപദേശിച്ചതിനാലാണ് പൊലീസില്‍ അറിയിച്ചത്. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കള്‍, പൊതുജനങ്ങള്‍, മാധ്യമങ്ങള്‍ എന്നിവര്‍ പൂര്‍ണസഹകരണം വാഗ്ദാനം ചെയ്തതും ഒപ്പമുണ്ടാകുമെന്നറിയിച്ചതും സന്തോഷവും ആശ്വാസകരവുമാണ്.

അപരനെ സഹിക്കാന്‍ പറ്റാത്തതാണ് ഇന്നത്തെ പ്രശ്‌നമെന്ന് വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടന യോഗത്തില്‍ രാമനുണ്ണി പറഞ്ഞു. യഥാര്‍ഥ മതവിശ്വാസിക്ക് വര്‍ഗീയവാദിയോ ഭീകരവാദിയോ ആകാന്‍ കഴിയില്ല. അസഹിഷ്ണുത വിശ്വാസിയുടെ ലക്ഷണമല്ല. അയല്‍ക്കാരനെ തോല്‍പിക്കുന്നതില്‍ ആനന്ദം കാണരുത്. മനുഷ്യത്വത്തെ സ്‌നേഹാദരങ്ങളോടെ ചേര്‍ത്തുപിടിക്കുന്ന മഹിതപാരമ്പര്യം നാം മറക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആറ് മാസത്തിനുള്ളില്‍ മതം മാറണമെന്നും അല്ലാത്തപക്ഷം ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ അനുഭവം ആവര്‍ത്തിക്കുമെന്നായിരുന്നു കത്തിലെ മുന്നറിയിപ്പ്. സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയെന്നും തപാലിലൂടെ കിട്ടിയ കത്ത് പൊലീസിന് കൈമാറിയെന്നും കെ.പി രാമനുണ്ണി പറഞ്ഞിരുന്നു. എന്നാല്‍ കത്ത് അയച്ചതാരാണെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.