യു.എ.പി.എ ചുമത്തുന്ന വിഷയത്തില്‍ സിപിഎം നടപടികളെ ചോദ്യം ചെയ്ത് കെ.എം ഷാജി എംഎല്‍എ. വിദ്വേശ പ്രസംഗത്തിന് ശംസുദ്ധീന്‍ പാലത്തിനെതിരെനെതിരെ യുഎപിഎ ചുമത്തിയ സര്‍ക്കാര്‍ ഇതേ കേസില്‍ കെപി ശശികലക്കെതിരെ എന്ത്‌കൊണ്ട് അറച്ചുനില്‍ക്കുന്നുവെന്ന് കെ.എം ഷാജി ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷാജിയുടെ വിമര്‍ശം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

വിഷലിപ്തമായ പരമതദ്വേഷ പ്രസംഗത്തിനു ശശികലക്കെതിരെ ഒരു അഭിഭാഷകൻ പോലീസിൽ പരാതി കൊടുത്തിട്ടു ദിവസങ്ങൾ കുറെ കഴിഞ്ഞു.
ഇതേ അഭിഭാഷകൻ ശംസുദ്ധീൻ ഫരീദ് എന്ന പ്രഭാഷകനെതിരെ കൊടുത്ത പരാതിയിൽ യു എ പി എ ചുമത്തി പോലീസ് കേസ് എടുത്തിട്ടുണ്ട്.

തീവ്രവാദത്തിനു മതം ഇല്ല എന്നും അത് മതവിരുദ്ധമാണെന്നും വിശ്വസിക്കുന്ന ഒരാൾ എന്ന നിലക്കു ഏറ്റവും ശക്തമായ നിയമങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ഇത്തരം വിധ്വംസക പ്രഭാഷണങ്ങളെയും പ്രവർത്തനങ്ങളെയും നേരിടണം എന്നാണ് എന്റെ അഭിപ്രായം.

പക്ഷെ,
പത്തു കിലോ ബീഫ് വരട്ടി കാണിച്ച്‌ ഫാസിസ്റ്റു വിരുദ്ധ പോരാട്ടങ്ങളുടെ അപ്പോസ്തലന്മാർ ചമഞ്ഞ ഇടതുപക്ഷവും, വിശിഷ്യാ സി പി എമ്മും കാണിക്കുന്ന ഇരട്ടത്താപ്പ് ഇരട്ട നീതി അല്ലാതെ വേറെ എന്താണ്?!

ഫാസിസ്റ്റു വിരുദ്ധ ഗീർവാണങ്ങൾ അല്ല സാർ വേണ്ടത്, പ്രവർത്തിച്ചു കാണിക്കുകയാണ്.

വി ഡി സതീശനെ പോലെയുള്ള ആളുകൾ ശശികലയ്‌ക്കെതിരെ നടത്തിയ പോരാട്ടങ്ങൾ നിങ്ങൾക്ക് ആവില്ല എന്നറിയാം, എങ്കിലും ഈ സംസ്ഥാനത്തു തുല്യ നീതി ഉറപ്പു വരുത്തുന്ന ഒരു നിയമ വാഴ്ച ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം ആണ് എന്ന് മറക്കരുത്.