X

ലൈഫ് പദ്ധതി; ധാര്‍മികതയുണ്ടെങ്കില്‍ തെളിവ് നശിപ്പിക്കാതെ മുഖ്യമന്ത്രി രാജിവെക്കണമെന്ന് കെ.പി.എ മജീദ്

കോഴിക്കോട്: മുഖ്യമന്ത്രി ചെയര്‍മാനായ ലൈഫ് മിഷന്‍ പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നതായ പരാതിയെ തുടര്‍ന്ന് സിബിഐ അന്വേഷണം തുടങ്ങിയത് കണക്കിലെടുത്തു ധാര്‍മികതയുണ്ടെങ്കില്‍ തെളിവ് നശിപ്പിക്കാതെ പിണറായി വിജയന്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു. അഴിമതി പുറത്തായതോടെ മുഖ്യമന്ത്രി അധ്യക്ഷത വഹിച്ച ലൈഫ് യോഗ മിനുട്‌സ് പോലും മുങ്ങുന്നത് ഗൗരവം അര്‍ഹിക്കുന്നതാണ്. രേഖമൂലം ആവശ്യപ്പെട്ടിട്ടും ലൈഫ് പദ്ധതി ഉന്നതധികാര സമിതി അങ്കമായ പ്രതിപക്ഷ നേതാവിന് പോലും രേഖ നല്‍കാതെ ഒളിച്ചു കളിക്കുന്നത് ദുരൂഹത വര്‍ത്തിപ്പിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് സിപിഎം ചാനലിലൂടെ വെളുപ്പെടുത്തുകയും ധന മന്ത്രി തോമസ് ഐസക് തത്സമയം ശരിവെക്കുകയും ചെയ്ത ഗുരുതര ആരോപണതെ കുറിച്ചാണ് സിബിഐ അന്വേഷണം.

ലൈഫ് പദ്ധതിക്കു ലഭിച്ച സഹായത്തില്‍ നിന്ന് ഒരു കോടി രൂപ കമ്മീഷന്‍ കൈപറ്റി എന്ന സ്വര്‍ണ കള്ളക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് എന്‍.ഐ.എക്കു മുമ്പില്‍ സമ്മതിച്ചത്തിനു പിന്നാലെയാണ് കൈരളി ചാനലിലൂടെ മന്ത്രി തോമസ് ഐസക് നാലര കോടി രൂപയുടെ അനധികൃത ഇടപാട് ശരിവെച്ചത്. മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമന്‍ ഐ.എ.എസ് കാറിടിച്ചു കൊലപെടുത്തിയ ദിവസം വൈകുന്നേരം ഏഴു മണിക്ക് തിരുവനന്തപുരതു വെച്ചാണ് പണം കൈമാറിയത് എന്ന് സ്വന്തം മാധ്യമ ഉപദേഷ്ടാവ് തന്നെ തുറന്നു പറഞ്ഞു ആഴ്ചകാളായിട്ടും ഒരു അന്വേഷണത്തിനും മുഖ്യമന്ത്രി തയ്യാറല്ലായിരുന്നു. ഇപ്പോള്‍ സിബിഐ അന്വേഷണം തുടങ്ങിയപ്പോള്‍ രാഷ്ട്രീയ പ്രേരിതം എന്നാരോപിക്കുന്നത് പുകമറ സൃഷ്ടിക്കാന്‍ മാത്രമാണ്.

കേന്ദ്രത്തിനു മുഖ്യമന്ത്രി കത്തെഴുതി എന്‍.ഐ.എ വന്നു മന്ത്രി ജലീലിനെ ചോദ്യം ചെയ്യുമ്പോള്‍ ലീഗ് വേട്ടയാടുന്നു എന്ന് ദുരരോപണം ഉന്നയിക്കുന്ന സിപിഎം സിബിഐ കൂടി എത്തിയതോടെ തീര്‍ത്തും അങ്കലാപ്പിലാണ്. പപ്പടം മുതല്‍ പാര്‍പ്പിടം വരെയും പ്രളയം മുതല്‍ കോവിഡ് വരെയും അഴിമതിക്കു മറയാക്കിയ സിപിഎമ്മും പിണറായി സര്‍ക്കാരും എത്ര വര്‍ഗീയത പയറ്റിയാലും രക്ഷപ്പെടില്ല. ലൈഫ് അന്വേഷണം ശരിയായി മുന്നോട്ടു പോയാല്‍ കമ്മ്യൂസത്തിന്റെ അവസാന ഇരിക്കക്കൂരയായ കേരളത്തിലും സിപിഎം അന്ത്യശ്വാസം വലിക്കുമെന്നും കെ.പി.എ മജീദ് മുന്നറിയിപ്പ് നല്‍കി.

 

chandrika: