തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പിണറായി സര്‍ക്കാറിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഇരട്ട പ്രഹരം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്തതിന്റെ ഷോക്കില്‍ നിന്ന് പാര്‍ട്ടിയും സര്‍ക്കാറും മുക്തമാകും മുമ്പാണ് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെയും ഡയറക്ടറേറ്റ് വിളിപ്പിച്ചത്.

ബിനീഷ് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും മനഃപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കുകയാണ് എങ്കില്‍ ജലീലിന്റെ കാര്യത്തില്‍ അതിന് സാധ്യമല്ല എന്നതാണ് സര്‍ക്കാറിനെ കുഴക്കുന്നത്. ഇന്ന് രാവിലെ ഒമ്പതര മുതലാണ് ജലീലിനെ ഇഡി ചോദ്യം ചെയ്തത്. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

യുഎഇയില്‍ നിന്ന് കേരളത്തിലേക്ക് നയതന്ത്ര മാര്‍ഗം വഴി എത്തിയ 40 പെട്ടികളെ കുറിച്ചാണ് ജലീലില്‍ നിന്ന് ഇഡി വിവരങ്ങള്‍ ആരാഞ്ഞത്. വിമാനത്താവളത്തില്‍ നിന്ന് ഇത് നേരിട്ട് ജലീലിന്റെ ഓഫീസിലും അവിടെ നിന്ന് മലപ്പുറം ജില്ലയിലും എത്തിക്കുകയായിരുന്നു. കൊണ്ടു വന്നത് വിശുദ്ധ ഖുര്‍ആനാണ് എന്നാണ് ജലീല്‍ പറയുന്നത്.

എന്നാല്‍ നയതന്ത്ര ബന്ധം പുലര്‍ത്തുന്ന രാഷ്ട്രങ്ങളിലേക്ക് സാധാരണഗതിയില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ അയക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തല്‍ ജലീലിന് വിനയാകും. അതുപോലെ റമസാന്‍ മാസത്തില്‍ കോണ്‍സുലേറ്റ് വഴി റിലീഫ് സാധനങ്ങള്‍ വിതരണം ചെയ്തതിലും ഇഡി മന്ത്രിയില്‍ നിന്ന് വ്യക്തത തേടിയതായാണ് റിപ്പോര്‍ട്ട്.

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധം പുലര്‍ത്തിയാളാണ് ജലീല്‍. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി ജലീല്‍ നിരവധി തവണ സ്വപ്നയെ വിളിക്കുകയും ചെയ്തിരുന്നു. വിളികള്‍ ഒന്നും അസമയത്ത് ആയിരുന്നില്ല എന്നാണ് മന്ത്രി ഇതേക്കുറിച്ച് പറഞ്ഞിരുന്നത്.