കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൈകാതെ ചോദ്യം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ച ശേഷമാണ് അന്വേഷണ സംഘം ജലീലിന്റെ മൊഴിയെടുക്കാന്‍ ഒരുങ്ങുന്നത്. ഇഡിക്ക് മുമ്പില്‍ ഹാജരാകാന്‍ ജലീലിന് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താളത്തിലെത്തില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്ക് കൊണ്ടു പോയ ചരക്കിനെ കുറിച്ചാണ് ഇഡിയുടെ അന്വേഷണം. കൊണ്ടുപോയത് ഖുര്‍ആനാണ് എന്നാണ് ജലീലിന്റെ വാദം. എന്നാല്‍ മറ്റൊരു രാഷ്ട്രത്തിലേക്ക് നയതന്ത്ര ചാനല്‍ വഴി ഖുര്‍ആന്‍ അയക്കാറില്ലെന്ന് യുഎഇ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇത് ജലീലിനെ വെട്ടിലാക്കിയിരുന്നു. ഇതിന്റെ വിശദാംശങ്ങളാകും ഇഡി ചോദിച്ചറിയുക.

ഒരു സംസ്ഥാന മന്ത്രിക്ക് യോജിക്കാത്ത വിധത്തില്‍ പ്രോട്ടോകോളുകള്‍ ലംഘിച്ചാണ് ഒരു വിദേശ രാഷ്ട്രവുമായി ജലീല്‍ ഇടപെടലുകള്‍ നടത്തിയത് എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും കരുതുന്നത്. വിദേശ കോണ്‍സുലേറ്റ് പ്രതിനിധികളുമായുള്ള ഇടപാടുകളില്‍ മന്ത്രി ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി എന്നാണ് വിലയിരുത്തപ്പെടുന്നത്. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് റംസാന്‍ കിറ്റുകള്‍ വാങ്ങി വിതരണം ചെയ്തു എന്നും ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഇതും അന്വേഷണ വിധേയമാകും.

ഇതുവരെ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങളല്ല എന്നതാണ് ജലീലിനെ പ്രതിരോധത്തിലാക്കുന്നത്. അങ്ങനെയെങ്കില്‍ പാഴ്‌സലായി വന്നതും മലപ്പുറത്തേക്ക് കൊണ്ടുപോയതും എന്താണ് എന്നതാണ് പ്രധാന ചോദ്യം. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിനെ മന്ത്രി പല തവണ വിളിക്കുകയും ചെയ്തിട്ടുണ്ട്.

സ്വര്‍ണക്കടത്തിന്റെ അന്വേഷണ ചുമതല എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സമ്പൂര്‍ണമായി ഏറ്റെടുത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ ഇതുവരെ സംരക്ഷിച്ചു നിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയനും ജലീലിനെ രക്ഷിക്കാനാകില്ല. ചോദ്യം ചെയ്യാന്‍ അന്വേഷണ ഏജന്‍സികള്‍ വിളിച്ചു വരുത്തിയാല്‍ മന്ത്രിയുടെ രാജിക്കായുള്ള മുറവിളികളും ഉയരും. ഇതോടെ മന്ത്രിയെന്ന രീതിയിലുള്ള പരിരക്ഷ നഷ്ടമാകുകയും ചെയ്യും.

അതിനിടെ, കേസില്‍ ഇന്നലെ ബിനീഷ് കോടിയേരിയെ 12 മണിക്കൂറോളമാണ് ഇഡി ചോദ്യം ചെയ്തത്. യുഎഎഫ്എക്‌സ് കമ്പനി, ബിനീഷിന്റെ പേരില്‍ ബെംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികള്‍ എന്നിവയുടെ മറവില്‍ ഹവാല, ബിനാമി ഇടപാടുകളിലൂടെ ബിനീഷ് സ്വര്‍ണക്കടത്തു സംഘവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. ബി ക്യാപിറ്റല്‍ ഫൈനാന്‍ഷ്യല്‍ സൊല്യൂഷന്‍സ്, ബി കാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് എന്നീ കമ്പനികളാണ് ബിനീഷിന്റെ പേരിലുള്ളത്.