കവറത്തി: ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ ആഞ്ഞടിക്കുന്നു. ശക്തിയാര്‍ജിച്ച ഓഖി ഇപ്പോള്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് വീശുന്നത്. കനത്ത മഴയിലും കാറ്റിലും ദ്വീപുകള്‍ പലതും ഒറ്റപ്പെട്ട നിലയിലാണ്. കല്‍പേനയിലും മിനിക്കോയിലും കനത്ത നാശനഷ്ടങ്ങളാണുണ്ടായിരിക്കുന്നത്. ദ്വീപുകളില്‍ വൈദ്യുതി മുടങ്ങിയ വിലിയിലാണ്. കനത്ത മഴ തുടരാനാണ് സാധ്യത. ഏഴുസെന്റീമീറ്റര്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതായി കാലാവസ്താ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ആറ് മീറ്റര്‍ ഉയരത്തില്‍ തീരത്ത് വമ്പന്‍ തിരമാലകള്‍ക്കും സാധ്യതയുണ്ട്.


മിനിക്കോയ്, കല്‍പ്പേനി, കവറത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴതുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്‍പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി.ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്ക് മാറ്റി.

അതിനിടെ സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ മഴ തുടരുകയാണ്.തിര ശക്തമായതിനെ തുടർന്ന് കൊല്ലം നീണ്ടകരയിൽ നിന്ന് 300 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി തീരദേശത്ത് കനത്ത തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.