ബ്യൂണസ് അയേഴ്‌സ്: ലോകകപ്പിനുള്ള അര്‍ജന്റീനാ സംഘത്തില്‍ നിന്ന് യുവതാരം മാനുവല്‍ ലാന്‍സിനി പുറത്ത്. പരിശീലനത്തിനിടെ കാല്‍മുട്ടിലേറ്റ പരിക്കാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ 25-കാരന് തിരിച്ചടിയായത്. കോച്ച് ഹോര്‍ഹെ സാംപൗളി പ്രഖ്യാപിച്ച അന്തിമ 23 അംഗ ടീമില്‍ അംഗമായിരുന്നു വെസ്റ്റ്ഹാം താരമായ ലാന്‍സിനി.

കഴിഞ്ഞ സീസണ്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ ലാന്‍സിനി കഴിഞ്ഞയാഴ്ച ഹെയ്തിക്കെതിരായ മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടംനേടിയിരുന്നു. ലോകകപ്പിലും താരത്തിന് തിളങ്ങാന്‍ കഴിയുമെന്നായിരുന്നു കോച്ചിന്റെയും ആരാധകരുടെയും പ്രതീക്ഷ. എന്നാല്‍ പരിക്കു കാരണം ലോകകപ്പ് മാത്രമല്ല, അടുത്ത സീസണ്‍ പകുതിയോളവും താരത്തിന് നഷ്ടമായേക്കും.

എവര്‍ ബനേഗ, ലൂകാസ് ബിഗ്ലിയ, എയ്ഞ്ചല്‍ ഡിമരിയ, ജിയോവനി ലോ സെല്‍സോ, ക്രിസ്റ്റിയന്‍ പാവോണ്‍, മാക്‌സിമില്യാനോ മേസ, എഡ്വാഡോ സാല്‍വിയോ എന്നിവരാണ് ടീമിലുള്ള മറ്റ് മിഡ്ഫീല്‍ഡര്‍മാര്‍. ലാന്‍സിനിക്ക് പകരം ആരെയാവും കോച്ച് പരിഗണിക്കുക എന്നകാര്യം വ്യക്തമല്ല.

അര്‍ജന്റീന ലോകകപ്പ് സംഘത്തില്‍ നിന്ന് പുറത്താവുന്ന രണ്ടാമത്തെ താരമാണ് ലാന്‍സിനി. നേരത്തെ ഒന്നാം നമ്പര്‍ ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോക്ക് പരിക്കു കാരണം പിന്മാറേണ്ടി വന്നിരുന്നു. ടൈഗ്രിസ് ക്ലബ്ബിന്റെ നാഹുവല്‍ ഗുസ്മാന്‍ ആണ് റൊമേറോക്ക് പകരം ടീമില്‍ ഇടംപിടിച്ചത്. റൊമേറോ പുറത്തായതോടെ ചെല്‍സി താരം വില്ലി കബയേറോ ആയിരിക്കും ലോകകപ്പില്‍ അര്‍ജന്റീനയുടെ വലകാക്കുക.