ശാസ്താംകോട്ട: ഈ തെരഞ്ഞെടുപ്പ് ലതാ രവിക്ക് അതിജീവനത്തിന്റെ പോരാട്ടം കൂടിയാണ്. ഇന്നലെ വരെ ഓട്ടോറിക്ഷയില്‍ മത്സ്യവ്യാപാരം നടത്തിയിരുന്ന ലത ഇന്ന് നാട്ടുകാര്‍ക്ക് മുമ്പിലെത്തുന്നത് യുഡിഎഫ് സാരഥിയായി. പോരുവഴി ബ്ലോക് ഡിവിഷനിലേക്കാണ് മത്സ്യവ്യാപാരി കൂടിയായ ലത മത്സരിക്കുന്നത്.

ഭര്‍ത്താവ് രവിയുടെ അപ്രതീക്ഷിത വിയോഗത്തിന് ശേഷമാണ് ലത തൊഴില്‍ ആരംഭിച്ചത്. പകച്ചു നില്‍ക്കാതെ മരണത്തിന്റെ 29-ാം ദിവസം തന്നെ. രണ്ടു പെണ്‍മക്കളാണ് ലതയ്ക്ക് രശ്മിയും രേഷ്മയും. രണ്ടു പേരുടെയും പേര് ഓട്ടോയ്ക്ക് മുമ്പില്‍ എഴുതി വച്ചിട്ടുണ്ട്.

രശ്മിയുടെ വിവാഹം ആറുമാസം മുമ്പു കഴിഞ്ഞു. ഇളയമകള്‍ രേഷ്മ ഡിഗ്രിക്ക് പഠിക്കുന്നു. സ്വന്തം ജീവിതം കരുപ്പിടിപ്പിക്കാനുള്ള പോരാട്ടത്തിനിടെയാണ് മറ്റുള്ളവര്‍ക്കു വേണ്ടിയുള്ള സാമൂഹ്യഇടപെടലുകള്‍. കോണ്‍ഗ്രസ് പോരുവഴി മണ്ഡലം പ്രസിഡണ്ടാണ്.