kerala

നിയമത്തിനും പുല്ലുവില, വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍

By webdesk18

December 21, 2024

എറണാകുളം: സുരക്ഷയ്ക്കും നിയമത്തിനും പുല്ലുവില നല്‍കി ക്രിസ്മസ് ആഘോഷത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തി വിദ്യാര്‍ത്ഥികള്‍. എറണാകുളം മാറമ്പിള്ളി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് പൊതുനിരത്തില്‍ വാഹനങ്ങളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത്.

സംഭവത്തില്‍ വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയെടുക്കുമെന്നും എം.വി.ഡി അറിയിച്ചു. വാഹനങ്ങളുടെ ഉടമകള്‍ക്ക് എം.വി.ഡി നോട്ടീസ് നല്‍കി. വിഷയത്തില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വാഹനത്തിന് മുകളില്‍ കയറിയും നൃത്തം ചെയ്തും മറ്റുമായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രകടനം. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ആര്‍.ടി.ഒ ഉള്‍പ്പെടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

ക്രിസ്മസ് ആഘോഷത്തിനായി വിദ്യാര്‍ത്ഥികള്‍ 40ഓളം വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് സംഘമാണ് വിദ്യാര്‍ത്ഥികളെ പിടികൂടിയത്. ആദ്യഘട്ട നടപടിയായി മൂന്ന് വാഹനങ്ങള്‍ക്ക് എം.വി.ഡി നോട്ടീസ് അയച്ചു.