ഒരു ജനാധിപത്യ രാജ്യത്ത് ഏകാധിപത്യത്തിനും രാഷ്ടീയ വര്‍ഗത്തിന്റെ തന്നിഷ്ടത്തിനും സ്ഥാനമില്ലെന്ന് തെളിയിക്കുന്നതാണ് കര്‍ഷക സമരത്തിന്റെ വിജയം. രാവും പകലുമില്ലാതെ വെയിലും മഴയും അവഗണിച്ച് ഒരു വര്‍ഷത്തിലേറെ ഊണും ഉറക്കവുമില്ലാതെ നെഞ്ചൂക്കോടെ നിന്നതിന്റെ വിജയമാണ് ഇന്ത്യയിലെ കര്‍ഷകരിപ്പോള്‍ ആഘോഷിക്കുന്നത്. അവസാന ആവശ്യവും നേടിയെടുത്താണ് ഡല്‍ഹിയി മഞ്ഞുംലെ സമര ഭൂമിയില്‍നിന്ന് അവരുടെ മടക്കം. പുതിയ രൂപത്തിലും ഭാവത്തിലും നിയമങ്ങള്‍ എഴുന്നള്ളിച്ചാല്‍ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഏകാധിപത്യ രീതിയില്‍ ഇന്ത്യന്‍ കാര്‍ഷിക മേഖലയെ വിറ്റുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ധിക്കാരത്തിന് കനത്ത പ്രഹരമാണ് ലഭിച്ചിരിക്കുന്നത്. പൊരിവെയിലത്ത് വിയര്‍പ്പൊഴുക്കി കനകം വിളയിക്കുന്ന കര്‍ഷകന്റെ മനോവീര്യത്തിന് മുന്നില്‍ ബി.ജെ.പി ഭരണകൂടം തോറ്റുപിന്മാറുകയായിരുന്നു. അനീതിക്കെതിരെയുള്ള പോരാട്ടത്തില്‍നിന്ന് ഒരിഞ്ചുപോലും പിന്മാറാന്‍ അവര്‍ കൂട്ടാക്കിയില്ല. ലോകത്ത് ഭരണകൂടങ്ങളെ നേര്‍വഴിക്കുകൊണ്ടുവന്ന എണ്ണപ്പെട്ട ജനകീയ പ്രക്ഷോഭങ്ങളിലൊന്നായി ഇന്ത്യന്‍ കര്‍ഷകരുടെ ഐതിഹാസിക സമരം ചരിത്രത്തില്‍ അടയാളപ്പെടുത്തുമെന്ന് തീര്‍ച്ച. മര്‍ദ്ദിത വിഭാഗങ്ങള്‍ക്കൊക്കെയും പ്രതീക്ഷയുടെ പാഠങ്ങളാണ് സമരം പകര്‍ന്നുനല്‍കുന്നത്. രാജ്യം ഭരിക്കാന്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം മാത്രം മതിയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഓര്‍മിപ്പിക്കുക കൂടി ചെയ്യുന്നുണ്ട് ഈ സമര വിജയം. ദുര്‍ബല ജനവിഭാഗങ്ങളെ കരിനിയമങ്ങളിലൂടെ ഭയപ്പെടുത്തി മൂലക്കിരുത്താന്‍ സാധിക്കുമെന്ന മോദി ഭരണകൂടത്തിന്റെ തോന്നലാണ് ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ ഇടിഞ്ഞുവീണിരിക്കുന്നത്. സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പും അതോടൊപ്പമുണ്ട്.

വിവാദ കൃഷി നിയമങ്ങള്‍ക്കെതിരെ സമര രംഗത്തിറങ്ങുമ്പോള്‍ കര്‍ഷകര്‍ക്കു മുന്നിലുണ്ടായിരുന്നത് വെല്ലുവിളികള്‍ മാത്രമായിരുന്നു. സമരത്തെ തളര്‍ത്താനും തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ആവനാഴിയിലുള്ള സര്‍വ അടവുകളും പുറത്തെടുത്തു. പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും ഭീഷണിപ്പെടുത്തിയും അപവാദ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടും കര്‍ഷകരെ പോര്‍മുഖത്തുനിന്ന് വിരട്ടിയോടിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചു. ഒരു പ്രത്യേക സമുദായക്കാരുടെ സമരമായി ചിത്രീകരിക്കാനും തീവ്രവാദ മുദ്ര കുത്താനും നീക്കമുണ്ടായി. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രക്ഷോഭത്തിന് രാജ്യത്തെ കര്‍ഷക സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയുമില്ലെന്ന് സ്ഥാപിക്കാന്‍ മാധ്യമങ്ങളെപ്പോലും മോദി കൂട്ടുപിടിച്ചു. മുഖംതിരിച്ചും കണ്ണടച്ച് ഇരുട്ടാക്കിയും സമരവീര്യം കെടുത്താന്‍ നോക്കി. ഒളിഞ്ഞും തെളിഞ്ഞും ഇരുതല മൂര്‍ച്ചയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചിട്ടും കര്‍ഷകര്‍ ഉറച്ചുനിന്നു.

വിളത്തകര്‍ച്ചയും വിലത്തകര്‍ച്ചയും എത്രയോ കണ്ട് തഴക്കം വന്ന കര്‍ഷക മനസ്സുകള്‍ക്ക് മോദി സര്‍ക്കാറിന്റെ തിരസ്‌കാരങ്ങള്‍ ഒന്നുമായിരുന്നില്ല. കരിനിയമങ്ങള്‍ക്കെതിരെയുള്ള സമരം അവര്‍ക്ക് ജീവന്‍ മരണ പോരാട്ടമായിരുന്നു. മുട്ടുമടക്കിയാല്‍ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം അത് ബാധിക്കുമെന്ന തിരിച്ചറിവാണ് ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ അവരെ പിടിച്ചുനിര്‍ത്തിയത്. ഭക്ഷ്യമേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുക്കുന്ന നിയമങ്ങള്‍ ജനങ്ങളെ പട്ടിണിയിലേക്ക് തള്ളുമെന്ന് അവര്‍ക്ക് ഉറപ്പുണ്ടായിരുന്നു. പോരാട്ടം രാജ്യത്തിനുവേണ്ടിയാണെന്ന ബോധ്യം കര്‍ഷകരെ കൂടുതല്‍ കരുത്തരാക്കി.

എന്തു സംഭവിച്ചാലും നിയമങ്ങള്‍ പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന കേന്ദ്രത്തിന് ഒരു വര്‍ഷത്തിന് ശേഷം തോല്‍വി സമ്മതിക്കേണ്ടിവന്നു. സ്വതന്ത്ര്യത്തിന് ശേഷം കര്‍ഷക പ്രക്ഷോഭത്തോളം സമാനതയുള്ള മറ്റൊരു സമരം രാജ്യം കണ്ടിട്ടുണ്ടാവില്ല. ലക്ഷ്യബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒറ്റക്കെട്ടായി മുന്നേറിയാല്‍ നീതിയുടെ വിജയം ഉറപ്പാണെന്ന സന്ദേശം കൂടി നല്‍കിയാണ് കര്‍ഷകര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. വിജയത്തിലേക്കുള്ള വഴിയില്‍ അനേകം കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൂട്ടക്കൊലയില്‍ എത്തിനിന്ന അടിച്ചമര്‍ത്തല്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കില്ലെന്ന തിരിച്ചറിവാണ് നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചത്.

പാര്‍ലമെന്റിലെ ആള്‍ബലം സര്‍ക്കാറിനെ ധിക്കാരിയാക്കിയിരുന്നു. ഒരാഴ്ചകൊണ്ട് പാസാക്കിയെടുത്ത നിയമങ്ങള്‍ ലോക്‌സഭയില്‍ ചര്‍ച്ച പോലുമില്ലാതെയാണ് പിന്‍വലിച്ചത്. നോട്ട് നിരോധിച്ചും പൗരത്വ നിയമം അടിച്ചേല്‍പ്പിച്ചും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളുന്ന മോദി ഭരണകൂടം ഇനിയെങ്കിലും ആത്മപരിശോധനക്ക് തയാറാകേണ്ടതുണ്ട്. കര്‍ഷക സമരം ഒരു മുന്നറിയിപ്പ് മാത്രമാണ്. ജനരോഷം ഉയര്‍ത്തിവിടുന്ന കൊടുങ്കാറ്റുകള്‍ക്കുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ലോകത്ത് ഒരു ഭരണകൂടത്തിനും സാധിച്ചിട്ടില്ലെന്ന ചരിത്രപാഠം കേന്ദ്ര സര്‍ക്കാര്‍ ഉള്‍ക്കൊള്ളേണ്ടതുണ്ട്.