അഹമ്മദാബാദ്: മാംസാഹാരം വില്‍ക്കുന്ന ഭക്ഷണശാലകള്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അടച്ചുപൂട്ടിയതിനെതിരെ കടുത്ത വിമര്‍ശനവുമായി ഗുജറാത്ത് ഹൈക്കോടതി. ചില സ്റ്റാളുകള്‍ പൂട്ടിച്ചതും പിടിച്ചെടുത്തതും സംബന്ധിച്ചുള്ള ഹര്‍ജികള്‍ പരിഗണിച്ചപ്പോഴാണ് ജസ്റ്റിസ് ബൈരന്‍ വൈഷ്ണവ് കടുത്ത ഭാഷയില്‍ നടപടിയെ വിമര്‍ശിച്ചത്.

മാംസാഹാരവും മുട്ടയും കൂടാതെ പച്ചക്കറി വില്‍പ്പന നടത്തുന്നവരും ഹര്‍ജി നല്‍കിയവരില്‍ ഉള്‍പ്പെടുന്നു. തങ്ങളുടെ സാധനങ്ങളും സാമഗ്രികളും വിട്ടുനല്‍കുന്നതിനായി ഹര്‍ജിക്കാര്‍ സമീപിച്ചാല്‍ എത്രയും വേഗത്തില്‍ അത് പരിഗണിക്കണമന്നും കോടതി നിര്‍ദേശം നല്‍കി. ‘ആരുടെയെങ്കിലും ഈഗോ തൃപ്തിപ്പെടുത്താന്‍ ഇത്തരം നടപടി സ്വീകരിക്കരുതെന്നുള്ള മുന്നറിയിപ്പും സിംഗിള്‍ ബെഞ്ച് നല്‍കിയിട്ടുണ്ട്. ഒരാള്‍ അവരുടെ വീടിന് പുറത്ത് നിന്ന് എന്ത് കഴിക്കണമെന്ന് ഭരണകൂടം തീരുമാനിക്കുമോയെന്ന് പ്രതിഭാഗം അഭിഭാഷകനോട് കോടതി ചോദിച്ചു. ഇവിടെ എന്താണ് പ്രശ്‌നമായി തോന്നുന്നത് നിങ്ങള്‍ക്ക് മാംസാഹാരം ഇഷ്ടമല്ല, അത് നിങ്ങളുടെ വീക്ഷണമാണ്. ഞാന്‍ പുറത്ത് എന്ത് കഴിക്കണമെന്ന് നിങ്ങള്‍ക്ക് എങ്ങനെ തീരുമാനിക്കാനാകും- കോടതി ചോദിച്ചു.

സാഹചര്യം വിശദീകരിക്കാന്‍ കോര്‍പ്പറേഷന്റെ അഭിഭാഷകന്‍ ശ്രമിച്ചെങ്കിലും ആളുകള്‍ ആഗ്രഹിക്കുന്നത് കഴിക്കുന്നതില്‍ നിന്ന് നിങ്ങള്‍ക്ക് എങ്ങനെ തടയാനാകുമെന്ന് വീണ്ടും കോടതി ചോദിച്ചു. ശുചിത്വത്തിന്റെ മറപിടിച്ചാണ് നടപടിയെടുത്തതെന്നും എന്നാല്‍, ഇത് സംബന്ധിച്ച ഉത്തരവുകള്‍ ഒന്നും ഇല്ലായിരുന്നുവെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.