ആർട്ടിസ്റ്റ് സഗീർ/ മുഖ്താർ ഉദരംപൊയിൽ

ഗൾഫിന് ഒരു പൊറ്റക്കാടില്ല. അതുകൊണ്ടാണ് ഞാൻ സഗീറിനെക്കുറിച്ച് എഴുതുന്നത്.
-എൻ.എസ് മാധവൻ

 

ചിത്രകാരൻ, കാർട്ടൂണിസ്റ്റ്, കാരിക്കേച്ചറിസ്റ്റ്, ഗ്രാഫിക് നോവലിസ്റ്റ്, പാട്ടെഴുത്തുകാരൻ, നാടകപ്രവർത്തകൻ.. ആർട്ടിസ്റ്റ് സഗീറിന്റെ ബഹുമുഖ ജീവിതത്തെ എങ്ങനെയാണ് അടയാളപ്പെടുത്തുക. അസാമാന്യമായ പ്രതിഭാവിലാസത്താലും കഠിനമായ പരിശ്രമത്താലും വിവിധ സർഗാത്മക സാധ്യതകളിലൂടെ സ്വയം വളരുകയും വികസിക്കുകയുമായിരുന്നു സഗീർ. ഗുരുവും ഗുരുകുലവുമില്ലാതെ സ്വയം നിരീക്ഷിച്ചും കണ്ടെത്തിയും വരച്ച് വരച്ച് ആർജിച്ചെടുത്ത ശൈലിയിൽ, ചലനാത്മകവും സൗന്ദര്യോന്മുഖവുമായ രേഖകളിലൂടെ വരയുടെ ഭാവതലങ്ങളെ വികസിപ്പിക്കുകയായിരുന്നു അദ്ദേഹം. തന്റെ ജീവിതാനുഭവവും ജീവിത പശ്ചാത്തലവും തന്നെയാണ് മറ്റൊരു നിലയിൽ അദ്ദേഹം കലയിൽ ആവിഷ്‌കരിക്കുന്നത്.
വിദൂരവും ആസന്നവുമായ ഭൂതകാല സംസ്‌കൃതികളെ അതിസൂക്ഷ്മവും ധീരവുമായ വിധത്തിൽ കലയുടെ കാര്യത്തിൽ സ്വാംശീകരിക്കാൻ കഴിഞ്ഞു എന്നതാണ് സഗീറിന്റെ കലയുടെ അടിത്തറയെ ഇത്ര ശക്തമാക്കിയതെന്ന് കവിയും ചിത്രകാരനുമായ പോൾ കല്ലാനോട് നിരീക്ഷിക്കുന്നുണ്ട്. സമർപ്പിത മനസ്‌കനായ ഒരു കലാകാരന്റെ ആർജവം സഗീറിന്റെ വരകളും നിറങ്ങളും പേറുന്നുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
വരയുടെ അരനൂറ്റാണ്ട് പിന്നിടുന്ന ആർട്ടിസ്റ്റ് സഗീർ ജീവിതവും സർഗാത്മക വഴികളും സംസാരിക്കുന്നു.

ഏകാന്തതയുടെ കുട്ടിക്കാലം

മഞ്ചേരി അങ്ങാടിയിലെ വീട്ടിൽ ജയിൽ സമാനമായിരുന്നു കുട്ടിക്കാലം. എട്ട് മക്കളിൽ മൂത്തവനാണ് ഞാൻ. കുട്ടികൾ വീടിന് പുറത്തേക്കിറങ്ങുന്നത് ഉപ്പാക്ക് ഇഷ്ടമായിരുന്നില്ല. ഉമ്മ പഴയ അഞ്ചാംക്ലാസാണ്. മലയാളവും അറബിയും ഇംഗ്ലീഷുമൊക്കെ എഴുതാനും വായിക്കാനും ഉമ്മ പഠിപ്പിക്കും. കണക്ക് പഠിപ്പിച്ചതും ഉമ്മയാണ്. ഗുണനപട്ടികയൊക്കെ ഉമ്മ ചൊല്ലിത്തരും. ഖുർആൻ പാരായണം ചെയ്യാനും ദിക്‌റ് ദുആകളും ഉമ്മ തന്നെയാണ് പഠിപ്പിച്ചത്. പതിനാറു വയസ്സുവരെ വീടിനുള്ളിൽ തന്നെയായിരുന്നു. പുറത്തിറങ്ങാതിരിക്കാൻ വാതിൽ പൂട്ടിയാവും ഉപ്പ പലപ്പോഴും പോവുക. നാട്ടിലുള്ള പ്രമാണിമാരുടെ കുട്ടികൾ പഠിക്കുന്ന സ്‌കൂളിൽ തന്നെ തന്റെ മക്കളെയും ചേർത്തുപഠിപ്പിക്കണമെന്ന ഉപ്പയുടെ ശാഠ്യമാണ് ഞങ്ങളുടെ പഠനം മുടക്കിയത്.


വീടിനുള്ളിൽ തനിച്ചിരുന്ന് മടുക്കുമ്പോഴാണ് വരച്ചുതുടങ്ങിയത്. പുൽപ്പായയിൽ കമഴ്ന്ന് കിടക്കുമ്പോൾ ഉമിനീരുകൊണ്ട് കാവിപാകിയ നിലത്ത് ചിത്രരൂപങ്ങളുണ്ടാക്കും. വരക്കാൻ പേനയോ കടലാസോ പെൻസിലോ ഒന്നുമില്ലായിരുന്നു. അതുകൊണ്ടുതന്നെ കിട്ടുന്നതെന്തും വരക്കാനുള്ള മാധ്യമമായി. ഉമ്മ ചിത്രം വരക്കുമായിരുന്നു. സ്ലെയിറ്റിൽ പക്ഷികളും മൃഗങ്ങളും പൂക്കളുമെല്ലാം വരക്കും. ഉമ്മ അക്ഷരങ്ങൾ എഴുതി തന്നിരുന്നതും ചിത്രം വരക്കുന്നതുപോലെയാണ്. അങ്ങനെയാവാം ഞാനും വരച്ചുതുടങ്ങുന്നത്.

പതിനാറാം വയസ്സിൽ സ്‌കൂളിലേക്ക്

പതിനാറാം വയസ്സിലാണ് എന്നെ സ്‌കൂളിൽ ചേർക്കുന്നത്. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങിയാണ് സ്‌കൂളിൽ ചേർക്കാൻ ഉപ്പ തയ്യാറാവുന്നത്. എന്നെയും മൂന്ന് സഹോദരങ്ങളെയും ഒന്നിച്ചാണ് സ്‌കൂളിൽ ചേർക്കാൻ കൊണ്ടുപോയത്. മഞ്ചേരി സർക്കാർ മാപ്പിള യു.പി സ്‌കൂളിലേക്ക്. സ്‌കൂളിൽ നിന്ന് ഒരു പരീക്ഷ നടത്തി. ഉമ്മ പഠിപ്പിച്ചു തന്ന കാര്യങ്ങൾ ഗുണമായി. എന്നെ മൂന്നാം ക്ലാസിലാണ് ചേർത്തത്. 16ാം വയസ്സിൽ മൂന്നാം ക്ലാസിൽ. അത്രയും കാലം മറ്റുള്ളവരുമായി ഇടപഴകാതെ ജീവിച്ചതിനാൽ ആദ്യദിവസങ്ങളിൽ വലിയ പ്രയാസമായിരുന്നു.

ഒരു ദിവസം ക്ലാസിലെത്തിയ മുഹമ്മദ് മാഷ് ഞങ്ങളെക്കൊണ്ട് ചിത്രം വരപ്പിച്ചു. ബാലകലോത്സവത്തിൽ പങ്കെടുക്കാനുള്ള മത്സരാർത്ഥിയെ തിരഞ്ഞെടുക്കാനാണ്. പിടക്കോഴിയും പൂവൻ കോഴിയും രണ്ടു കോഴിക്കുട്ടികളെയുമാണ് ഞാൻ വരച്ചത്. കുടുംബാസൂത്രണത്തിന്റെ പ്രചാരണ കാലമാണ്. നമ്മൾ രണ്ട് നമുക്ക് രണ്ട് എന്നായിരുന്നു പരസ്യം. അതെന്നെ സ്വാധീനിച്ചിരിക്കാം. സന്തുഷ്ട കുടുംബം എന്നാണ് ഞാൻ ചിത്രത്തിന് ടൈറ്റിൽ കൊടുത്തത്. ചിത്രം വരച്ചുകഴിഞ്ഞപ്പോഴേക്കും കുട്ടികളെല്ലാം എന്റെ ചുറ്റും കൂടി ബഹളം വെക്കാൻ തുടങ്ങി. മാഷ് വന്ന് എന്റെ ചിത്രം നോക്കി. അദ്ദേഹം എന്നെയും കൂട്ടി പ്രധാനാധ്യാപകന്റെ അടുത്തേക്ക് നടന്നു. മത്സരത്തിലേക്ക് എന്നെ സെലക്ടു ചെയ്തു എന്ന് മാത്രമല്ല, ഇനി മുതൽ നീ നാലാം ക്ലാസിലാണെന്ന് പറഞ്ഞ് എനിക്ക് ക്ലാസ് കയറ്റവും കിട്ടി.

 

മദ്രസയിലും ചേർക്കുന്നത് ആ പ്രായത്തിലാണ്. മദ്രസയിൽ കൂടുതൽ പഠിക്കാനായില്ല. ക്ലാസെടുത്തുകൊണ്ടിരുന്ന ഉസ്താദിന്റെ ചിത്രം വരച്ചതാണ് പ്രശ്‌നമായത്. ഉസ്താദിനത് ഇഷ്ടമായില്ല. എന്നെ മദ്രസയിൽ നിന്നും ഇറക്കിവിടുകയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം ആ മദ്രസയുടെ കീഴിലുള്ള കോളജിൽ അതിഥിയായി ഞാൻ പോയിട്ടുണ്ട്. അന്ന് വേദിയിലിരിക്കുമ്പോൾ ആ സംഭവം ഓർത്ത് എനിക്ക് ചിരിവന്നു.
സ്‌കൂളിൽ കല്ലായി അബൂബക്കർ എന്നൊരു അധ്യാപകനുണ്ടായിരുന്നു. ഏറനാടൻ എന്ന പേരിൽ നാടകമൊക്കെ ചെയ്തിരുന്ന ആളാണ്. ഗാനരചയിതാവാണ്. അദ്ദേഹം ഒരു കയ്യെഴുത്ത് മാസിക തുടങ്ങി. ഞാനായിരുന്നു എഴുത്തും വരയുമെല്ലാം. അദ്ദേഹം അന്ന് ലഭ്യമായിരുന്ന ബാല മാസികകൾ കൊണ്ടുവന്നുതരും. ആ മാസികകളിലെ ചിത്രങ്ങൾ ശ്രദ്ധിക്കും. അങ്ങനെയൊക്കെയാണ് വരച്ചുപഠിക്കുന്നത്. അനുശീലനത്തിലൂടെ ആർജിച്ച കഴിവാണ് എനിക്ക് വര. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും പരീക്ഷ കഴിയുകയും ഞാൻ അഞ്ചാം ക്ലാസിലേക്ക് ജയിക്കുകയും ചെയ്തു.

സഗീർ ആർട്‌സ്

ഹൈസ്‌കൂൾ പഠനം മഞ്ചേരി ബോയ്‌സ് ഹൈസ്‌കൂളിലായിരുന്നു. നേരത്തെ പഠിച്ച സ്‌കൂളിൽ നിന്ന് ലഭിച്ചിരുന്ന പരിഗണനയും പ്രോത്സാഹനവും പുതിയ സ്‌കൂളിൽ ലഭിച്ചില്ല. അതുകൊണ്ടു തന്നെ പഠനത്തിൽ താൽപര്യം കുറഞ്ഞു. ഉച്ചവരെയാണ് സ്‌കൂളുണ്ടായിരുന്നത്. ക്ലാസുകഴിഞ്ഞാൽ, മഞ്ചേരി അങ്ങാടിയിൽ റേഡിയോ റിപ്പയർ ചെയ്യുന്ന ഒരു കടയിൽ ചെന്നിരിക്കും. അവിടെ ബോർഡ് എഴുതാൻ വന്ന ഒരാളെ പരിചയപ്പെടുകയും അയാളുടെ സഹായിയായി കൂടുകയുമായിരുന്നു. അങ്ങനെയാണ് പരസ്യകലാ രംഗത്തേക്ക് വരുന്നത്. ബോർഡും ബാനറുമൊക്കെ എഴുതുന്നതോടൊപ്പം ചിത്രങ്ങളും വരച്ചു.

സിനിമാ താരങ്ങളുടെയൊക്കെ പോട്രെയിറ്റ് വരയായിരുന്നു പ്രധാനം. വളരെ പെട്ടെന്ന് ഞാൻ പണി പഠിച്ചെടുത്തു. ഒട്ടുമിക്ക പണികളും ഞാനാണ് എടുത്തിരുതെങ്കിലും എനിക്ക് കൂലിയൊന്നും കിട്ടിയിരുന്നില്ല. ഒരു ചായ പോലും വാങ്ങിത്തരില്ലായിരുന്നു. ആർട്‌സിൽ ഇടക്കിടെ വരുന്ന കരുണാകരൻ എന്നൊരാൾ എനിക്ക് പുറത്ത് ചില പണികൾ ഒപ്പിച്ചു തന്നു. എന്നാൽ അതിന്റെ ബില്ലും ചോദിച്ചുവാങ്ങിയത് അയാളായിരുന്നു. അതോടെ അവിടെ നിന്നിറങ്ങുകയും സ്വന്തമായി ഒരു ആർട്‌സ് തുടങ്ങാനുള്ള ഒരുക്കം നടത്തുകയും ചെയ്തു. വീടിനോട് ചാരി ഒഴിഞ്ഞുകിടക്കുന്ന കെട്ടിടമുണ്ടായിരുന്നു. അവിടെ ആർട്‌സ് തുടങ്ങാനുള്ള ശ്രമങ്ങൾ ഉപ്പ സമ്മതിച്ചില്ല. നീ പഠിച്ചാൽ മതി, ജോലി ചെയ്യേണ്ട എന്നായിരുന്നു ഉപ്പയുടെ നിലപാട്. പക്ഷെ, എനിക്ക് വാശിയായിരുന്നു. അങ്ങനെ 25 രൂപ മാസ വാടകക്ക് വീടിനടുത്ത് ഒരു റൂമെടുത്ത് ‘സഗീർ ആർട്‌സ്’ സ്ഥാപിച്ചു. പഠനത്തോടൊപ്പം പരസ്യകലയും ചെയ്തു.
1974-75ലാണ് എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത്. അപ്പോഴേക്കും മഞ്ചേരിയിൽ ഞാൻ തിരക്കുള്ള കൊമേഴ്‌സ്യൽ ആർട്ടിസ്റ്റായിരുന്നു. സഗീർ ആർട്‌സ് മഞ്ചേരിയിലെ ഒരു സാസ്‌കാരിക കേന്ദ്രമായി വളരുകയും ചെയ്തു. കലാ-സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖരെല്ലാം ആർട്‌സിലെ നിത്യ സന്ദർശകരായിരുന്നു. സുരാസു, നിലമ്പൂർ ബാലൻ, കുഞ്ഞുണ്ണി മാഷ് തുടങ്ങി പല പ്രമുഖരും ആർട്‌സിലുണ്ടാവും. പി സുരേന്ദ്രനൊക്കെ അന്ന് യുവാവാണ്. സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയിരുന്ന ഒരു പ്രസിദ്ധീകരണത്തിലാണ് ആദ്യമായി രേഖാചിത്രം വരക്കുന്നത്.

 

നാടകപ്രവർത്തനം

ഹൈസ്‌കൂളിൽ പഠിക്കുമ്പോഴാണ് ഞങ്ങൾ കുറച്ചുപേർ ചേർന്ന് ഒരു നാടകമുണ്ടാക്കിയാലോ എന്നാലോചിക്കുന്നത്. അങ്ങനെ പി.എസ് എന്ന നാടകപ്രവർത്തകനെ ചെന്നുകണ്ടു. അദ്ദേഹം എന്റെ കഥ കേട്ടപ്പോൾ അതുതന്നെ നാടകമാക്കാമെന്നായി. എന്നാൽ പരിശീലന സമയത്ത് എല്ലാവരും കൃത്യമായി വരാത്തതിനാൽ അദ്ദേഹം ദേഷ്യപ്പെട്ട് ഇറങ്ങിപ്പോയി. അങ്ങനെ ഞാൻ സംവിധായകന്റെ വേഷമണിയേണ്ടിവന്നു. നിലമ്പൂരിലായിരുന്നു മത്സരം. ആ സ്‌കൂളിലെ ഒരു അധ്യാപകന്റെ മകൻ അഭിനയിക്കുന്ന നാടകത്തിന് ഫസ്റ്റ് കൊടുക്കാൻ വേണ്ടി ഞങ്ങളുടെ നാടകം സമയം കഴിഞ്ഞെന്നും പറഞ്ഞ് സമയം കഴിയും മുമ്പെ കർട്ടൻ താഴ്ത്തുകയായിരുന്നു. അതുമായി ബന്ധപ്പെട്ട് സംഘർഷാവസ്ഥ ഉണ്ടായെങ്കിലും നാടകം മുഴുവൻ അവതരിപ്പിക്കാനായില്ല. ആ സങ്കടം ഉള്ളിലുള്ളതിനാലാവണം പിന്നീട് നാടകവും ജീവിത വഴിയായി. നാടകം എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. ചില സീരിയലുകളിലും മുഖം കാണിച്ചു.

പാട്ടുവഴി

സംഗീത സംവിധായകൻ മുഹ്‌സിൻ കുരിക്കൾ അന്ന് കോളജ് വിദ്യാർത്ഥിയാണ്. ആർട്‌സിൽ നിത്യസന്ദർശകരാണ് കവി വി.പി ഷൗക്കത്തലിയും മുഹ്‌സിൻ കുരിക്കളുമൊക്കെ. ഷൗക്കത്തലി ഉറക്കെ കവിത ചൊല്ലും. മുഹ്‌സിൻ പാട്ടുപെട്ടിയുമായി വരും. പാട്ടുപാടിയും വർത്തമാനം പറഞ്ഞും അങ്ങിനിരിക്കും. അങ്ങനെയാണ് പാട്ടിനോട് കമ്പം വരുന്നത്. ഞാനെഴുതിയ പാട്ട് മുഹ്‌സിൻ സംഗീതം നൽകും.
കസവ് എന്ന ആൽബത്തിൽ കെ.എസ് ചിത്ര പാടിയ ‘കസ്തൂരി മണമുള്ള കാറ്റേ..’ എന്ന പാട്ട് എഴുതിയത് ഞാനാണ്. ഗായകൻ ശ്രീനിവാസ് പാടിയ ‘ഒരോർമ്മയിൽ നനഞ്ഞൊരാ..’, മധു ബാലകൃഷ്ണൻ പാടിയ ‘കഥകൾക്കും അപ്പുറമല്ലോ ദുനിയാവ്..’, സതീഷ് ബാബു പാടിയ ‘പലതും മറന്നു മറഞ്ഞൊരു…’, അഫ്‌സൽ പാടിയ ‘ഖൽബിന്റെ വേലിക്കൽ’ തുടങ്ങി 50ലധികം പാട്ടുകൾ ഞാനെഴുതിയിട്ടുണ്ട്.

സുഖസുന്ദരമായ ഭ്രാന്ത്

പതിനാറുകൊല്ലം എനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യം ഞാൻ ആസ്വദിക്കുകയായിരുന്നു. പണിയും പണവുമുള്ളതിനാൽ മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ആലോചിക്കേണ്ടതുമില്ല. വീട്ടിൽ പോകുന്നത് വല്ലപ്പോഴുമാണ്. രാത്രിയൊക്കെ പണിയുണ്ടാവും. പെങ്ങൻമാർ ആർട്‌സിനു താഴെയുള്ള കോണിപ്പടിയിൽ വന്ന് വിളിക്കും. കുപ്പായക്കൈ മടക്കിൽ ചുരുട്ടിവെച്ച പൈസയെടുത്ത് അവർക്ക് കൊടുക്കും. അതിനിടക്കാണ് കല്ല്യാണം കഴിക്കുന്നത്.
ചിലപ്പോൾ കുട്ടിക്കാലത്തെ ഏകാന്തതയുടെ മടുപ്പിക്കുന്ന ഓർമ്മകൾ മനസ്സിലേക്ക് തികട്ടിവരും. വഴിവിട്ട ചില ജീവിത സാഹചര്യങ്ങൾ കൂടിയായപ്പോൾ മാനസിക നില തെറ്റി. ഭ്രാന്തെന്ന് പറഞ്ഞാൽ ശരിക്കും ഭ്രാന്ത് തന്നെ. ബഷീർ പറഞ്ഞപോലെ സുഖസുന്ദരമായ ഭ്രാന്ത്. മാനസിക വിഭ്രാന്തി മാറ്റാൻ ചികിത്സ ആവശ്യമായി.

 

പ്രവാസകാലം

ചികിത്സ കഴിഞ്ഞ് മാനസിക നില തിരിച്ചുപിടിച്ചപ്പോഴാണ് ഗൾഫിലേക്ക് ഒരു വിസ അനിയൻ സംഘടിപ്പിച്ചുതരുന്നത്. പാസ്‌പോർട്ട് ലഭിക്കും മുമ്പ് വിസ വന്നു. ബോംബെയിൽ പോയി കുറേ ദിവസം കഷ്ടപ്പെടേണ്ടി വന്നു. സൗദി അറേബ്യയിലെ അൽഹസയിൽ ഒരു സ്റ്റുഡിയോയിലായിരുന്നു ജോലി. വല്ലപ്പോഴും ചില കാർട്ടൂണുകൾ കോറിയിടുന്നതിനപ്പുറം ഒരു സർഗാത്മക ഇടപെടലുമില്ലാതെ പത്തുകൊല്ലത്തെ പ്രവാസം.

രേഖാചിത്രങ്ങളുടെ കഥ

പ്രവാസം നിർത്തി നാട്ടിലെത്തിയപ്പോൾ ഒരു ജോലി ആവശ്യമായി വന്നു. ആർട്‌സ് വീണ്ടും തുടങ്ങാമെന്ന് വെച്ചപ്പോൾ പഴയപോലെ വഴങ്ങുന്നില്ല. അപ്പോഴാണ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഇലസ്‌ട്രേഷൻ ചെയ്യാനുള്ള അവസരം ലഭിച്ചാൽ നന്നായിരുന്നു എന്ന് തോന്നുന്നത്. സുഹൃത്ത് വി.പി ഷൗക്കത്തലിയാണ് കോഴിക്കോട്ടേക്ക് കൊണ്ടുപോകുന്നത്. ‘ഖസാക്കിന്റെ ഇതിഹാസം’ വായിച്ച് വരച്ച ചില രേഖാചിത്രങ്ങളും കുഞ്ഞായിൻ മുസ്ല്യാരുടെയും മങ്ങാട്ടച്ചന്റെയും കഥ കാർട്ടൂണാക്കിയതും കയ്യിലുണ്ടായിരുന്നു. ആദ്യം പോയത് ചന്ദ്രികയിലാണ്. കെ.പി കുഞ്ഞിമ്മൂസക്കാണ് അന്ന് ആഴ്ചപ്പതിപ്പിന്റെ ചുമതല. ഷൗക്കത്തലി എന്നെ പരിചയപ്പെടുത്തി, വരകൾ കാണിച്ചു. അദ്ദേഹത്തിന് കാർട്ടൂണാണ് ഇഷ്ടപ്പെട്ടത്. മങ്കട അബ്ദുൽ അസീസ് മൗലവിയാണ് എഡിറ്റർ. എന്നെ അദ്ദേഹത്തിന് മുന്നിലെത്തിച്ചു. കാർട്ടൂൺ വരക്കാൻ അദ്ദേഹം പറഞ്ഞു. ആഴ്ചപ്പതിപ്പിന്റെ അവസാന പേജിൽ അങ്ങനെ എന്റെ കാർട്ടൂൺ വന്നുതുടങ്ങി.
വാരാദ്യമാധ്യമം ചുമതല ജമാൽ കൊച്ചങ്ങാടിക്കായിരുന്നു. അദ്ദേഹം സുഖമില്ലാതെ വീട്ടിലായിരുന്നു. പി.കെ പാറക്കടവ് അദ്ദേഹത്തെ പോയി കാണാൻ പറഞ്ഞു. ജമാൽ കൊച്ചങ്ങാടിക്ക് ഇല്ലസ്‌ട്രേഷനുകളാണ് ബോധിച്ചത്. അപ്പോൾ തന്നെ രണ്ടുമൂന്ന് കഥകൾ വരക്കാൻ തന്നു.
മാധ്യമം വാർഷികപ്പതിപ്പിൽ എന്റെ വര വന്നു. എൻ.പി ഹാഫിസ് മുഹമ്മദിന് ആ വര ഇഷ്ടപ്പെട്ടു. അദ്ദേഹം ചന്ദ്രിക ആഴ്ചപ്പതിപ്പിലേക്ക് എഴുതിയ നോവലിൽ എന്നെക്കൊണ്ട് വരപ്പിക്കണമെന്ന് പറഞ്ഞു. ഞാൻ ആദ്യമായി വരച്ച നോവൽ ചന്ദ്രികയിൽ പ്രസിദ്ധീകരിച്ച ആ നോവലാണ്. അതൊരു ബാലസാഹിത്യമായിരുന്നു. ആ ചിത്രീകരണത്തിന് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ചു. ആദ്യമായി പ്രതിഫലം കിട്ടുന്നതും ചന്ദ്രികയിൽ നിന്നാണ്.

ഗൾഫുംപടി പി.ഒ

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ കുഞ്ഞായിൻ മുസ്ല്യാരും മങ്ങാട്ടച്ചനും വരച്ചുകഴിഞ്ഞപ്പോൾ, കുറേ ലക്കങ്ങൾ ഹോജാ കഥകൾ കാർട്ടൂണാക്കി വരച്ചു. അതിനിടക്കാണ്, എന്തുകൊണ്ട് സ്വന്തമായി വിഷയങ്ങൾ കണ്ടെത്തി കാർട്ടൂൺ വരച്ചുകൂട എന്ന് ആലോചിക്കുന്നത്. അങ്ങനെയാണ് ‘ഗൾഫുംപടി പി.ഒ’ എന്ന കാർട്ടൂൺ പരമ്പരയുണ്ടാവുന്നത്. എന്റെ പ്രവാസകാലത്തെ ചില അനുഭവങ്ങളും തിരിച്ചറിവുകളും അത് വരക്കാൻ സഹായകമായിട്ടുണ്ട്. സ്വയം അനുഭവിച്ചുതീർത്തതും സഹജീവികളുടെയും നാട്ടിൽ കാത്തിരിക്കുന്ന അവരുടെ ഭാര്യമാരുടെയും നോവുകൾ, ബന്ധുക്കളുടെയും ആശ്രിതരുടെയും ഒടുങ്ങാത്ത ദുരാഗ്രഹങ്ങൾ, പൊങ്ങച്ചങ്ങൾ.. ഇതൊക്കെയാണ് ‘ഗൾഫുംപടി പി.ഒ’ എന്ന പരമ്പര. വലിയ തോതിൽ ആ കാർട്ടൂൺ പരമ്പര ശ്രദ്ധിക്കപ്പെടുകയും ചർച്ചയാവുകയുമുണ്ടായി. എഴുത്തുകാരൻ എൻ.എസ് മാധവൻ അതിനെക്കുറിച്ച് വിശദമായി എഴുതി. സംവിധായകൻ കെ.എസ് സേതുമാധവൻ അഭിനന്ദിച്ച് കത്തെഴുതി. ഏറ്റവും വലിയ അംഗീകാരങ്ങളാണ് അതെല്ലാം. പിന്നീടത് ഒലിവ് പബ്ലിക്കേഷൻ പുസ്തകമാക്കി. ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഡോൺ ബുക്‌സാണ് പ്രസാധകർ.

വരയിലെ ഏറനാടൻ ജീവിതം

ഞാൻ ചിത്രംവര പഠിച്ചിട്ടില്ല. നിരന്തരമായ പരിശീലനത്തിലൂടെയും അടങ്ങാത്ത ആഗ്രഹത്തിലൂടെയും വരച്ചെത്തുകയായിരുന്നു. 16 വയസ്സുവരെ നേരിട്ട കടുത്ത ഏകാന്തതയെ ചുറ്റുമുള്ളവരെ നിരീക്ഷിച്ചും അവയെക്കുറിച്ച് ചിന്തിച്ചുമാണ് മറികടക്കാൻ ശ്രിച്ചത്. മനുഷ്യരുടെയും ജീവികളുടെയും സൂക്ഷ്മമായ ചലനങ്ങൾ പോലും നോക്കിയങ്ങിനെ ഇരിക്കും. ഉമ്മയുടെ വീട്ടിലേക്ക് വിരുന്നുപോകുന്നത് ഇഷ്ടമായിരുന്നു. അവിടത്തെ മനുഷ്യരെ ഞാൻ മനസ്സിൽ വരച്ചുവെക്കും. ഞാൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ രൂപങ്ങളാണ് ഞാൻ വരക്കാറുള്ളത്. അതുകൊണ്ടാവാം വരയിൽ ഒരു ഏറനാടൻ, മലബാർ രേഖ ഒളിഞ്ഞുകിടക്കുന്നത്. ഇപ്പോഴും വരച്ചുകൊണ്ടിരിക്കുകയാണ്. വരയിൽ നിന്ന് ലഭിക്കുന്ന ആഹ്ലാദം മറ്റെവിടെ നിന്ന് ലഭിക്കാനാണ്. വര തന്നെയാണ് ഇപ്പോഴും എന്റെ ജീവിതോപാധി.

 

ആർട്ടിസ്റ്റ് സഗീർ

1956ൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം. കാരാട്ട് അലവിയുടെയും ഉള്ളാട്ടിൽ ആമിനയുടെയും മകൻ. ദീർഘകാലം പരസ്യകലാരംഗത്ത് പ്രവർത്തിച്ചു. പത്തുവർഷം സൗദി അറേബ്യയിൽ ഫോട്ടോഗ്രാഫറായിരുന്നു. 1995മുതൽ ഫ്രീലാൻസ് ആർട്ടിസ്റ്റായും കാർട്ടൂണിസ്റ്റായും ചന്ദ്രികയടക്കം വിവിധ ആനുകാലികങ്ങളിൽ വരച്ചു. ഇല്ലസ്‌ട്രേഷനുള്ള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ്, എ.എസ് ഇലസ്‌ട്രേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ. കാഞ്ഞിരാല സൈനബയാണ് ഭാര്യ. ശ്രുതി, നുജൂം, സ്മൃതി എന്നിവർ മക്കൾ. മഞ്ചേരി മേലാക്കത്ത് താമസിക്കുന്നു.