ടി.കെ പ്രഭാകരകുമാര്‍

എന്‍ഡോസള്‍ഫാന്‍ ഇരയുടെ മാതാവിനോട് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ വിജിലന്‍സ് പിടിയിലായ സംഭവത്തെ കേവലമൊരു കൈക്കൂലിക്കേസ് മാത്രമെന്ന ലാഘവത്തോടെ കാണാനാകില്ല. പാവപ്പെട്ട ജനങ്ങളുടെ നിസ്സഹായാവസ്ഥ മുതലെടുത്ത് അവരെ പിടിച്ചുപറിക്കിരയാക്കുന്ന സാമൂഹ്യവിരുദ്ധമനോഭാവമുള്ള ബ്യൂറോക്രാറ്റുകളെ സര്‍ക്കാര്‍ സര്‍വീസില്‍ വാഴിക്കുന്നുവെന്നതുതന്നെ ഉയര്‍ന്ന ജനാധിപത്യബോധമുള്ള കേരളത്തെ സംബന്ധിച്ചിടത്തോളം അപമാനകരവും ആപത്കരവുമാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് ഡ്രൈവിങ് ടെസ്റ്റിന് കൈക്കൂലി വാങ്ങുന്നതായി തെളിഞ്ഞതിനെതുടര്‍ന്ന് രണ്ട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെയും വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു.

പിണറായി വിജയന്‍ ആദ്യതവണ മുഖ്യമന്ത്രിയായപ്പോള്‍ പറഞ്ഞൊരു വാചകം ആര്‍ക്കും മറക്കാന്‍ സാധിക്കില്ല. ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്നും അതുകൊണ്ടുതന്നെ കൈക്കൂലിക്ക്‌വേണ്ടി അത്തരം ഫയലുകള്‍ കെട്ടിക്കിടക്കാന്‍ ഇടവന്നാല്‍ അത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാല്‍ ഉദ്യോഗസ്ഥ തലങ്ങളില്‍ അഴിമതി പൂര്‍വാധികം ശക്തിയോടെ പടരുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്.

അഴിമതിക്കാരും കൈക്കൂലിക്കാരുമായ ഉദ്യോഗസ്ഥര്‍ പിടിക്കപ്പെട്ടാല്‍പോലും പിന്നീട് യാതൊരു പോറലുമേല്‍ക്കാതെ സര്‍വീസില്‍ വാഴുന്ന വിചിത്ര കാഴ്ചകളും കാണാറുണ്ട്. ഏറിയാല്‍ ഒരു സസ്‌പെന്‍ഷന്‍ കിട്ടും. കുറ്റം തെളിഞ്ഞാല്‍തന്നെ ആറു വര്‍ഷമോ രണ്ടു വര്‍ഷമോ ശിക്ഷിക്കപ്പെടുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ ഇത്തരം ശിക്ഷ അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് മാത്രം. അധികാര കേന്ദ്രങ്ങളിലെ സ്വാധീനംകൊണ്ട് രക്ഷപ്പെടുന്നവരാണ് ഭൂരിഭാഗം ഉദ്യോഗസ്ഥരും. ശിക്ഷയുടെ കാലാവധി കഴിഞ്ഞശേഷം സര്‍വീസില്‍ തിരിച്ചുകയറാനുള്ള സൗകര്യവുമുണ്ട്. ശമ്പളത്തിന്പുറമെ കൈക്കൂലിയിലൂടെ നേടിയെടുത്ത സമ്പാദ്യം കൂടിയുള്ളതിനാല്‍ അതില്‍നിന്നും കുറച്ചു തുക സാക്ഷികളെ തങ്ങള്‍ക്കനുകൂലമാക്കാനും അഴിമതിക്കേസുകളിലെ തെളിവുകള്‍ ദുര്‍ബലപ്പെടുത്താനും അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമൊക്കെ ഇവര്‍ ചിലവഴിക്കുന്നു. ഇതുവഴി ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ സാമര്‍ഥ്യമുള്ളവരും ഏറെയാണ്. കേസില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ സംഘടനാശേഷി പ്രയോജനപ്പെടുത്താന്‍ കഴിവുള്ളവരും ഉദ്യോഗസ്ഥര്‍ക്കിടയിലുണ്ട്. എത്ര അഴിമതി നടത്തിയാലും ജോലി നഷ്ടപ്പെടില്ലെന്ന തിരിച്ചറിവാണ് തുടര്‍ന്നും തെറ്റ് ചെയ്യാന്‍ ഒരു വിഭാഗം സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നത്. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരില്‍ പലരും വല്ലപ്പോഴും മാത്രമാണ് പിടിയിലാകുന്നത്. അതിന്മുമ്പ് വാങ്ങിയ കൈക്കൂലികളൊക്കെയും വലിയ ഡിപ്പോസിറ്റായി ബാങ്ക് അക്കൗണ്ടുകളിലുണ്ടാകും. വിജിലന്‍സ് പിടിച്ചതുമൂലം താത്കാലിക ബുദ്ധിമുട്ടുകളുണ്ടാകുമെങ്കിലും സര്‍വീസില്‍ തിരികെവന്ന് ഇത്തരക്കാര്‍ കൂടുതല്‍ വാശിയോടെ കൈക്കൂലി വാങ്ങിക്കൊണ്ടേയിരിക്കും. വിജിലന്‍സ് പിടിയില്‍പെടാതിരിക്കാനുള്ള തന്ത്രപരമായ അടവുകളോടുകൂടിയായിരിക്കും തുടര്‍ന്നുള്ള കൈക്കൂലി വാങ്ങല്‍ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകുക. അഴിമതിക്കാര്‍ക്കെതിരെ പരാതി നല്‍കാനുള്ള ആര്‍ജവം എല്ലാവര്‍ക്കും ഉണ്ടാകുന്നില്ല. വേഗം കാര്യം സാധിച്ചുകിട്ടാന്‍ ചോദിക്കുന്ന പണം കൈക്കൂലിയായി നല്‍കുന്നവര്‍ ഏറെയുണ്ട്.

സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവര്‍ക്ക് കൈക്കൂലി നല്‍കുന്നതിനും മടിയുണ്ടാകില്ല. അവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടാല്‍ മാത്രം മതി. എന്നാല്‍ ഒരു ദിവസം പണിക്ക് പോയില്ലെങ്കില്‍ പട്ടിണിയാകുന്ന കുടുംബങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെടുന്ന ചെറിയ തുക പോലും വലിയ ബാധ്യതയാണ്. ചോദിക്കുമ്പോഴെല്ലാം കൈക്കൂലി നല്‍കി ഉദ്യോഗസ്ഥരുടെ കീശ നിറപ്പിക്കുന്ന വലിയൊരു വിഭാഗം സമൂഹത്തിലുണ്ട്. പണം വിഷയമല്ലെന്ന് കരുതുന്ന ഇവര്‍ക്ക് അതില്‍ പരാതിയൊന്നുമുണ്ടാകില്ല. കൈക്കൂലി കൊടുത്ത് പ്രോത്സാഹിപ്പിച്ച് വളര്‍ത്തിയെടുത്ത ദുശീലവുമായാണ് ഉദ്യോഗസ്ഥര്‍ പാവപ്പെട്ട കുടുംബങ്ങളെയും സമീപിക്കുന്നത്.

പാവങ്ങളോട് പോലും യാതൊരു മാനുഷിക പരിഗണനയുമില്ലാതെ കൈക്കൂലി വാങ്ങുന്നവരെ സര്‍ക്കാര്‍ സര്‍വീസില്‍ ഒരുനിമിഷംപോലും വെച്ചുപൊറുപ്പിക്കരുത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ട് ശമ്പളം വാങ്ങുന്ന തങ്ങള്‍ പൊതുജനങ്ങളുടെ ദാസന്മാരാണെന്ന വസ്തുത മറന്നാണ് കൈക്കൂലി ആവശ്യപ്പെടുന്നത്. ഇവര്‍ ചെയ്യുന്ന ജോലിക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നുണ്ട്. ഇക്കൂട്ടര്‍ അനുഭവിക്കുന്ന സാമ്പത്തിക സുരക്ഷിതത്വവും മറ്റ് ജീവിതസൗഭാഗ്യങ്ങളും ജനങ്ങളുടെ ഔദാര്യമാണ്. സസ്‌പെന്‍ഷനും കുറച്ചുനാളത്തെ ശിക്ഷയും കൊണ്ട്മാത്രം അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തളയ്ക്കാനാകില്ല. ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷതന്നെ നല്‍കണം. കൈക്കൂലി വാങ്ങാന്‍ കൈ നീട്ടുമ്പോള്‍ ഇതാകും അനുഭവം എന്ന ചിന്ത മനസില്‍ കടന്നുവരാന്‍ ഇതുമാത്രമേ മാര്‍ഗമുള്ളൂ