തൃശൂര്‍: കേരള സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് നേരെ വധഭീഷണി മുഴക്കിയ പൂജാരി അറസ്റ്റില്‍. ചിറക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരിയായ ജയരാമന്‍ ആണ് അറസ്റ്റിലായത്. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ ബോംബ് വെക്കുമെന്നായിരുന്നു ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് ഭീഷണി മുഴക്കിയത്.

സെന്റ് തോമസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിനാണ് രാഷ്ട്രപതി തൃശൂരിലെത്തുന്നത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സന്ദേശമെത്തിയത്. ഫോണ്‍ നമ്പര്‍ കണ്ടെത്തി അന്വേഷണം നടത്തിയ പൊലീസ് പ്രതിയെ പിടികൂടി. മദ്യലഹരിയിലാണ് ഇത്തരമൊരു ഭീഷണി മുഴക്കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഇന്നലെയാണ് രാഷ്ട്രപതിയും പത്‌നിയും പ്രത്യേക വിമാനത്തില്‍ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന രാഷ്ട്രപതി വൈകീട്ട് കൊച്ചിയിലേക്കും അവിടെ നിന്ന് തൃശൂരിലേക്കും തിരിക്കും.