X

സോന്‍ഭദ്ര കൂട്ടക്കൊല; ഗ്രാമത്തലവൻ ആദിവാസികളെ വെടിവച്ചിടുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

സോന്‍ഭദ്ര: ഉത്തര്‍ പ്രദേശിലെ സോന്‍ഭദ്ര ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട 10 ഗോണ്ട് സമുദായക്കാരെ വെടിവെച്ചു കൊന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഭൂമിതര്‍ക്കത്തെ തുടര്‍ന്ന് സോന്‍ഭദ്രയിലെ ഒഴിഞ്ഞ പാടത്തുവച്ച് ഗ്രാമത്തലവനും ആദിവാസി കര്‍ഷകരും ആദ്യം തര്‍ക്കം ഉടലെടുക്കുന്നതും പിന്നീട് ഇത് വെടവെപ്പിലേക്ക് വഴി മാറുന്നതുമായ ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്. വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും ശബ്ദങ്ങളും വ്യക്തമാവുന്ന വീഡിയോ ഇതിനകം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

അക്രമിസംഘം കര്‍ഷകരെ ആയുധങ്ങളും ഉപയോഗിച്ച് ക്രൂരമായാണ് മര്‍ദ്ദിക്കുന്നത്. അക്രമത്തിനിടെ സമീപത്തെ സ്ത്രീ പൊലീസിനെ വിളിക്കൂ, എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ജൂലൈ 17ന് രാവിലെ 11 മണിയോടു കൂടിയാണ് ഗ്രാമമുഖ്യന്‍ യജ്ഞ ദത്തും നൂറോളം വരുന്ന അനുയായികളും 25 ട്രാക്ടറുകളില്‍ തര്‍ക്കത്തിലുള്ള കൃഷിഭൂമിയിലെത്തി ആക്രമണം തുടങ്ങിയത്. ഏഴ് മണിക്കൂര്‍ നീണ്ട സംഘര്‍ഷത്തില്‍ മൂന്ന് സത്രീകളുള്‍പ്പെടെ 10 ആദിവാസി കര്‍ഷകരെയാണ് ഗ്രാമത്തലവന്‍ യാഗ്യ ദത്തും ഇരുന്നൂറോളം വരുന്ന കൂട്ടാളികളും ചേര്‍ന്ന് വെടിവച്ചുകൊന്നത്.

അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെണെന്ന് നേരത്തെ തന്നെ സ്ഥലവാസികള്‍ വ്യക്തമാക്കിയിരുന്നു. ആക്രമണം നടക്കുമെന്ന് പൊലീസിന് ഉള്‍പ്പെടെ അറിയാമായിരുന്നുവെന്നും എന്നാല്‍ ഇത് തടയാന്‍ യാതൊരുശ്രമവും നടന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.

എന്നാല്‍ രാവിലെ തന്നെ സത്യജിത് എന്ന പൊലീസുകാരന്‍ തന്നെ വിളിച്ച് ഒത്തുതീര്‍പ്പിനായി എത്തണമെന്ന് ആവശ്യപ്പെട്ടെന്ന് ദൃക്‌സാക്ഷികളിലൊരാളായ രാം രാജ്യ ദേശീയമാധ്യമത്തോട് പറഞ്ഞു. മറ്റെന്തെങ്കിലും സംഭവിച്ചു കഴിഞ്ഞിട്ട് തങ്ങളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും പൊലീസുകാരന്‍ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. രാം രാജ്യ ജില്ലാ പൊലീസ് സൂപ്രണ്ട് സല്‍മന്തജ് ജഫേര്‍തജ് പാട്ടീലിനെ വിളിച്ചെങ്കിലും വിഷയം പ്രാദേശിക പൊലീസ് സ്‌റ്റേഷനില്‍ തന്നെ തീര്‍ക്കാനായിരുന്നു മറുപടി. എന്നാല്‍ എസ് പി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തന്നെ ഇത്തരത്തില്‍ ഒരാളും വിളിച്ചിട്ടില്ലെന്നും കോണ്‍സ്റ്റബിളായ സത്യജിതിന് ആക്രമണത്തെ കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നോ എന്ന കാര്യം അന്വേഷിക്കുമെന്നും പാട്ടീല്‍ പറഞ്ഞു.
ഒരു മണിക്കുറോളമാണ് ആക്രമണം നടന്നത്. 11 മണി മുതല്‍ 11.30 വരെയുള്ള സമയത്തെല്ലാം താന്‍ 100, 1076 എന്നീ നമ്പറുകളില്‍ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നുവെന്നും എന്നാല്‍ 30 കിലോ മീറ്റര്‍ അകലെയുള്ള ഘോരാവല്‍ സ്‌റ്റേഷനില്‍ നിന്ന് ഒരു മണിക്കൂറോളം കഴിഞ്ഞാണ് പൊലീസ് എത്തിയതെന്നും രാം രാജ്യ ആരോപിച്ചു. യജ്ഞ ദത്തും സംഘവും അപ്പോഴേക്കും രക്ഷപെട്ടിരുന്നു. പൊലീസ് ആംബുലന്‍സുമായാണ് വന്നത്. പരിക്കേറ്റ ചിലരെ ആംബുലന്‍സിലും ബാക്കിയുള്ളവരെ പൊലീസ് ജീപ്പിലുമായി കൊണ്ടു പോയി.
രാവിലെ തന്നെ ഗ്രാമത്തില്‍ നിരവധി പേര്‍ തടിച്ചു കൂടുന്നത് തങ്ങളുടെ ശ്രദ്ധയിപ്പെട്ടിരുന്നുവെന്നും ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് അധികാരികള്‍ ആരെങ്കിലും ചര്‍ച്ചക്ക് വന്നതാണെന്നാണ് തങ്ങള്‍ കരുതിയതെന്നും പ്രദേശവാസികള്‍ പറഞ്ഞു. എന്നാല്‍ കുറച്ചു കഴിഞ്ഞാണ് ഗ്രാമമുഖ്യനും സംഘവുമാണ് വന്നിരിക്കുന്നതെന്ന് മനസിലായത്. 11 മണിയോടെ അവര്‍ വെടിവെപ്പും ആരംഭിച്ചു. ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റുമായിരുന്നില്ലെന്ന്് സംഭവ സ്ഥലത്തുണ്ടായിരുന്ന ബസന്ത് ലാല്‍ ഗോണ്ട് പറഞ്ഞു.

chandrika: