X

ലോയിയുടെ സങ്കടം; അറബ് കാല്‍പ്പന്താവേശകരുടേയും

അശ്‌റഫ് തൂണേരി

ദോഹ: ഖത്തറിലെ പരമ്പരാഗത അങ്ങാടിയായ സൂഖ് വാഖിഫിലെ വാരാന്ത്യത്തിരക്കുകള്‍ക്കിടയിലൂടെ നടന്നു നീങ്ങുകയായിരുന്നു.സൂഖിലെ ഏറ്റവും പഴക്കം ചെന്ന ബിസ്മില്ലാ ഹോട്ടലിനടുത്തെത്തിയപ്പോള്‍ എതിരെ പിഞ്ചുകുഞ്ഞിനേയും നെഞ്ചത്തേറ്റി നടന്നുവന്ന സുന്ദരനും സുമുഖനുമായ യുവാവ് മുഖാമുഖമായി. പൊടുന്നനെ നിന്ന അയാള്‍ പുഞ്ചിരിച്ചു. ഞാനും. ഖത്തര്‍ ഫുട്‌ബോള്‍ ലഹരിയിലാണല്ലോ എന്ന് ഒരാമുഖവുമില്ലാതെ ചോദിച്ചപ്പോള്‍ അയാള്‍ നിങ്ങളാരാണെന്നായി. കാര്യം പറഞ്ഞപ്പോള്‍ നിറപുഞ്ചിരി. അതെ. കൂടെയുള്ള യുവതിയും ഒപ്പം ചേര്‍ന്നു. ഞങ്ങള്‍ ലോകകപ്പിനായി കാത്തിരിക്കുകയാണ് എന്ന് ഒഴുക്കോടെ ഇംഗ്ലീഷില്‍ മറുപടി. കൂടെ ഞാന്‍ ഇംഗ്ലണ്ട് ഫാനാണ് എന്ന് പറയാന്‍ ഭാര്യ മടിച്ചില്ല.

ഈജിപ്തിലെ കൈറോയില്‍ നിന്നുള്ള ലോയി കഴിഞ്ഞ പത്തുവര്‍ഷമായി ഖത്തറിലുണ്ട്. ഈജിപ്ത് ഫുട്‌ബോളിന്റെ ആരാധകനാണ്. ഒപ്പം ഇംഗ്ലണ്ടിന്റേയും. ലോകകപ്പില്‍ ഈജിപ്തില്ലാത്ത സങ്കടം പറയുമ്പോള്‍ തീര്‍ത്തും ദു:ഖിതനാണെന്ന് തോന്നി. അഹ്മദ് സാലെഹിന്റെ ആവേശക്കളി കാണാനാവാത്ത പ്രയാസം ഈ കൈറോക്കാരന്‍ പങ്കുവെച്ചു. യോഗ്യതാ മത്സരത്തില്‍ സെനഗലിനോട് തോറ്റതാണ് ഈജിപ്തിന് പ്രവേശനമില്ലാതാവാന്‍ കാരണം. ”അടുത്ത തവണ ഈജിപ്ത് ലോകകപ്പിനെത്തുമെന്ന് ആശിക്കാം. നമുക്ക് പ്രാര്‍ത്ഥിക്കാം.” ലോയി പ്രതീക്ഷ പ്രകടിപ്പിച്ചു. ഖത്തറിലെ ഫിഫ ക്ലബ്ബ് ഫുട്‌ബോളിന് ലിവര്‍പൂളിന് വേണ്ടി സാലെഹ് വന്നതും അദ്ദേഹം ഓര്‍മ്മിച്ചു. അറബ് ഫുട്‌ബോളിനെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ലോയി സഊദിഅറേബ്യയുടേയും തുനീഷ്യയുടേയും കളി കാണാന്‍ കാത്തിരിക്കുകയാണ്. ഒപ്പം പ്രിയതമ ഷെറിളിന്റെ ഇഷ്ട രാജ്യമായ ഇംഗ്ലണ്ടിന്റേയും.

”ഫൈനല്‍ മത്സരങ്ങള്‍ എങ്ങിനെയെന്ന് പറയാനാവില്ല. അര്‍ജന്റീനയും ബ്രസീലുമായേക്കാം. പക്ഷെ കാര്യങ്ങള്‍ മാറി മറിയാം. ജര്‍മ്മനിയും ഇംഗ്ലണ്ടുമെല്ലാം നല്ല ഫോമിലാണ്. മറ്റു ചില രാജ്യങ്ങളും മോശമല്ല. കാത്തിരുന്ന് കാണേണ്ടി വരും…”അഞ്ചുമാസം പ്രായമുള്ള കുഞ്ഞു ഫരീദയെ നെഞ്ചേറ്റി നടക്കുന്ന ലോയിയും കൈയ്യില്‍ ബലൂണുമായി ആഹ്ലാദിക്കുന്ന അഞ്ചുവയസ്സുകാരന്‍ ഹംസയുടെ കൈപിടിച്ച് ഷെറിളും ഒരുപോലെ പറഞ്ഞു.

web desk 3: