ന്യൂഡല്‍ഹി: വന്‍ സൈനിക സന്നാഹങ്ങള്‍ ഉണ്ടായിട്ടും സിക്കിമിലെ ദോക്‌ലാമില്‍ ചൈന എങ്ങനെ റോഡ് വികസിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ‘മോഡിജി, നിങ്ങളുടെ നെഞ്ച് വീര്‍പ്പിച്ചു തീര്‍ന്നെങ്കില്‍ ഇതിന് വിശദീകരണം നല്‍കാമോ’ എന്നും രാഹുല്‍ പരിഹസിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പരിഹാസം. മേഖലയില്‍ ഇരുപക്ഷവും സൈനിക സാന്നിധ്യം ശക്തിപ്പെടുത്തിയ വേളയില്‍ തന്നെ ചൈന ഇവിടെ 10 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുന്നു എന്ന് നേരത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനമായ സംഭവത്തിലാണ് ഇന്ത്യ-ചൈന-ഭൂട്ടാന്‍ ത്രിചത്വരമായ ഇവിടെ ഇരുരാഷ്ട്രങ്ങളിലെ സൈന്യവും തമ്മില്‍ മുഖാമുഖം നിന്നിരുന്നത്. നിര്‍മാണ ജോലികള്‍ നിര്‍ത്താന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു.