india

നിതീഷന്റെ റിമോട്ട് കണ്‍ട്രോള്‍ മോദിയുടെ കൈകളില്‍, മോദി ബട്ടണ്‍ അമര്‍ത്തിയാല്‍ നിതീഷ് പ്രവര്‍ത്തിക്കും; രാഹുല്‍ ഗാന്ധി

By webdesk18

October 30, 2025

ബിഹാര്‍ മുഖ്യമന്ത്രി നിതീഷനെ നിയന്ത്രിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ നരേന്ദ്ര മോദിയുടെ കൈകളിലാണുളളതെന്നും മോദി ബട്ടണ്‍ അമര്‍ത്തിയാല്‍ നിതീഷ് പ്രവര്‍ത്തിക്കുമെന്നും ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെ ഭരിക്കുന്നത് മോദിയും അമിത് ഷായും നാഗ്പൂരുമാണെന്നും നിതീഷ് കുമാറല്ലെന്നും അദ്ദേഹം പറഞ്ഞു. നളന്ദയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

ചോദ്യ പേപ്പര്‍ ചോര്‍ച്ച വിഷയത്തില്‍, ഇത് ബിഹാറിലെ സത്യസന്ധരും കഠിനാധ്വാനികളുമായ യുവാക്കളെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിനായി തൊഴിലാളികളെ മാത്രം ഉല്‍പാദിപ്പിക്കുന്നവരാകാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്? അത്തരമൊരു ബീഹാര്‍ ഞങ്ങള്‍ക്ക് വേണ്ട. മുമ്പത്തെ പോലെ ലോകമെമ്പാടുമുള്ള ആളുകള്‍ വിദ്യാഭ്യാസത്തിനായി ബിഹാറിലേക്ക് വന്ന വിശ്വവിദ്യാലയമായ നളന്ദ സര്‍വകലാശാലയുടെ ബിഹാര്‍ ഞങ്ങള്‍ക്ക് വേണം. ഫോണുകളുടെ പിന്നില്‍ മെയ്ഡ് ഇന്‍ ബിഹാര്‍ എന്നും മെയ്ഡ് ഇന്‍ നളന്ദ എന്നും എഴുതിയിരിക്കുന്ന ഒരു ദിവസം വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ചൈനയിലെ യുവാക്കള്‍ മെയ്ഡ് ഇന്‍ ബിഹാര്‍ ഫോണുകളും ടീഷര്‍ട്ടുകളും വാങ്ങണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കേന്ദ്രത്തില്‍ ഇന്‍ഡ്യ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ നളന്ദ സര്‍വകലാശാലയെ വീണ്ടും വിശ്വവിദ്യാലയമാക്കിമാറ്റും- രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇവിടെ രണ്ട് ഇന്ത്യയുണ്ട്: ഒന്ന് അദാനി, അംബാനി, മോദി, മറ്റൊന്ന് നിങ്ങളുടെയും എന്റെയും ഇന്ത്യ. ഈ രണ്ടാമത്തെ ഇന്ത്യയില്‍ നിങ്ങള്‍ എന്തു ചെയ്താലും നിങ്ങള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയില്ല, കാരണം പ്രധാനമന്ത്രി മോദി അദാനിയെയും അംബാനിയെയും പോലുള്ളവര്‍ ബിഹാറിലെ ജനങ്ങള്‍ക്ക് ചൈനീസ് ഉല്‍പന്നങ്ങള്‍ വില്‍ക്കണമെന്ന് ആഗ്രഹിക്കുന്നു. ആളുകള്‍ ബിഹാറിലെ ആശുപത്രികളില്‍ പോകുന്നത് ജീവിക്കാനല്ല, മരിക്കാനാണ്. ഇതാണ് നിങ്ങളുടെ സര്‍ക്കാറിന്റെ സത്യം. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളുടെ കുറവുകളെ കുറിച്ചും ജനങ്ങളുടെ ജീവന് ആശുപത്രികളില്‍ ഒരുവിലയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.