X
    Categories: NewsViews

സംസ്ഥാനത്ത് മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്

തിരുവനന്തപുരം: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്. 77.67 ശതമാനം സംസ്ഥാനത്തെ പോളിങ് ശതമാനം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്. 2014-ല്‍ 74.02 ശതമാനമായിരുന്നു പോളിങ്. 2009-ല്‍ 73.37 ശതമാനവും. രാത്രി വൈകിയും പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു. അന്തിമ കണക്കുകള്‍ വരും ദിവസങ്ങളില്‍ മാത്രമേ കൃത്യമായി അറിയാനാവൂ.

ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലങ്ങളില്‍ ഇക്കുറി പോളിങ് ശതമാനം ഗണ്യമായി കൂടി. തിരുവനന്തപുരത്ത് 2014ലെ 68.69ല്‍നിന്ന് ഇത്തവണ 73.37 ശതമാനമായി. പത്തനംതിട്ടയില്‍ 66.02ല്‍നിന്ന് 74.04 ആയും തൃശ്ശൂരില്‍ 72.17ല്‍നിന്ന് 77.49 ആയും ഉയര്‍ന്നു. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച വയനാട്ടില്‍ 73.29ല്‍ നിന്ന് 80.01 ശതമാനമായി. വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിത്.

കഴിഞ്ഞതവണ 70 ശതമാനം കടന്നത് 17 മണ്ഡലങ്ങളിലായിരുന്നു. ഇത്തവണ എല്ലാ മണ്ഡലങ്ങളും 70 ശതമാനം കടന്നു. കണ്ണൂരിലും വയനാട്ടിലും മാത്രമാണ് 80 കടന്നത്. കണ്ണൂരാണ് മുന്നില്‍. പിന്നില്‍ തിരുവനന്തപുരവും.

മോദി വിരുദ്ധതയും രാഹുല്‍ തരംഗവുമാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായത്. മോദി ഭരണം അവസാനിപ്പിക്കാനുള്ള വോട്ടര്‍മാരുടെ ഉറച്ച തീരുമാനമാണ് ഉയര്‍ന്ന വോട്ടിങ് ശതമാനത്തിലേക്ക് നയിച്ചത്. ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിന് കാര്യമായി ഒന്നും ചെയ്യാനില്ലാത്തതിനാല്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: