ന്യൂഡല്‍ഹി: രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ താന്‍ അസ്വസ്ഥയാണെന്നും ഇത്തരം സംഭവങ്ങള്‍ തന്റെ രക്തം തിളപ്പിക്കുന്നുവെന്നും പ്രിയങ്കാ ഗാന്ധി. നാഷണല്‍ ഹെറാഡിന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവര്‍.

പശു സംരക്ഷണത്തിന്റെ പേരില്‍ കൊലപാതകങ്ങള്‍ നടത്തുന്ന സംഭവങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുടെ അതേ അഭിപ്രായമാണോ താങ്കള്‍ക്കും എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം:

‘അതേ നിലപാടാണ് എന്റേതും. ടി.വിയിലും ഇന്റര്‍നെറ്റിലും അത്തരം സംഭവങ്ങളെപ്പറ്റി കാണുമ്പോള്‍ എന്റെ രക്തം തിളക്കുന്നു. അതെന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു. ഇത്തരം സംഭവങ്ങള്‍ ശരിയായി ചിന്തിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും രക്തം തിളപ്പിക്കണമെന്നാണ് ഞാന്‍ കരുതുന്നത്.’ അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ജാഗ്രതയോടെ ഇരിക്കണമെന്നും പ്രിയങ്ക പറഞ്ഞു.

‘ആള്‍ക്കൂട്ടത്തിന്റെ വികാരം പരകോടിയിലെത്തുകയും യുക്തിരഹിതവും നിയന്ത്രണാതീതവുമാവുകയും ചെയ്യുമ്പോള്‍ നാമതിന് തടയിടേണ്ടതുണ്ട്. നാം വേണ്ടത്ര ശ്രദ്ധ കാണിക്കണം. നമ്മുടെ കാലത്ത് അടിസ്ഥാന നിയമങ്ങള്‍ സംരക്ഷിക്കാനുള്ള ജാഗ്രത എല്ലാവരും കാണിക്കണം’ – അവര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ സമഗ്ര ആശയം ആക്രമിക്കപ്പെടുകയാണെന്നും ആഭ്യന്തര തലത്തിലുള്ള ഭരണവീഴ്ചകള്‍ വലിയ വെല്ലുവിളിയാണെന്നും ഇതേ ചടങ്ങില്‍ സോണിയ ഗാന്ധി അഭിപ്രായപ്പെട്ടു.