കോഴിക്കോട്: കീഴാറ്റൂരിലെ വയല്‍ക്കിളി സമരത്തെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍. കീഴാറ്റൂര്‍ സമരത്തിലുള്ളത് വയല്‍ക്കിളികളല്ല, രാഷ്ട്രീയക്കിളികളാണെന്ന് മുകുന്ദന്‍ പറഞ്ഞു.

ബി.ജെ.പി അടക്കമുള്ളവരുടെ രാഷ്ട്രീയ മുതലെടുപ്പാണ് അവിടെ നടക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ നാടിനാവശ്യമാണ്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ റോഡ് നിര്‍മ്മിക്കാനായി വയല്‍ഭൂമി ഉപയോഗിച്ചിട്ടുണ്ട്. നാടിന്റെ പച്ചപ്പ് കാത്തുസൂക്ഷിക്കണമെന്നതില്‍ സംശയമില്ല. എന്നാല്‍ പരിസ്ഥിതി വാദം വെറും പൈങ്കിളിയാവരുത്. ഏറ്റെടുക്കുന്ന ഭൂമിക്ക് ആവശ്യത്തിന് നഷ്ടപരിഹാരവും നല്‍കണം. ഇക്കാര്യങ്ങളെല്ലാം വയല്‍ക്കിളികള്‍ക്ക് മനസ്സിലാകുന്നവിധം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു.