X

മധുവിന്റെ മരണം: പൊലീസിന്റെ പങ്കും അന്വേഷിക്കണം: യൂത്ത് ലീഗ്

മണ്ണാര്‍ക്കാട്: അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവ് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു.

കൊലപാതകത്തെ സംബന്ധിച്ച് നിരവധി ദുരൂഹതകള്‍ ഇതിനകം ഉയര്‍ന്ന് വന്നിട്ടുണ്ട്. കൊലപാതകത്തിന് ഉത്തവാദികള്‍ ആരൊക്കെ ആണെങ്കിലും അവരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ട് വരാന്‍ സാധിക്കണം. പൊലീസിനെ സംബന്ധിച്ചും ആക്ഷേപം ഉയര്‍ന്ന് വന്ന സാഹചര്യത്തില്‍ ബാഹ്യ ഏജന്‍സിയെ കൊണ്ട് അനേഷണം നടത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. കൊലപാതകത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും നിഷ്പക്ഷമായ അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ചെണ്ടക്കി ആദിവാസി ഊരില്‍ കൊല്ലപ്പെട്ട മധുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദിവാസി ഊരുകളില്‍ കൊടിയ പട്ടിണിയും ദാരിദ്യവും നിലനില്‍ക്കുന്നതായാണ് മധുവിന്റെ മരണം സൂചിപ്പിക്കുന്നത്. ആദിവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ പോലും ലഭ്യമാക്കാത്ത സര്‍ക്കാരിന് മധുവിന്റെ മരണത്തിന്റെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ല. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ എം.എ സമദ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, വൈസ് പ്രസിഡന്റ് ഫൈസല്‍ ബാഫഖി തങ്ങള്‍, സെക്രട്ടറി പി.പി അന്‍വര്‍ സാദത്ത് എന്നിവര്‍ തങ്ങളെ അനുഗമിച്ചു. മുസ്ലിം യൂത്ത്‌ലീഗ് ജില്ല പ്രസിഡന്റ് സി.എ സാജിദ്, ജനറല്‍ സെക്രട്ടറി ഗഫൂര്‍ കൊല്‍ക്കളത്തില്‍, ഭാരവാഹികളായ മുസ്തഫ തങ്ങള്‍, ഹക്കീം ചെര്‍പ്ലശേരി സംബന്ധിച്ചു.

chandrika: