ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റാലിക്ക് നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത്. ജൂണ്‍ ആറിന് മന്ദസൗറിലാണ് റാലി നടക്കുന്നത്. മല്‍ഹര്‍ഗഡ് സബ്ഡിവിഷണല്‍ ഓഫീസറാണ് റാലിക്ക് നിബന്ധനകള്‍ തയാറാക്കിയിരിക്കുന്നത്.

മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ ഉപയോഗിക്കരുത്, റാലിയില്‍ ഡി.ജെ സൗണ്ട് സിസ്റ്റം ഉപയോഗിക്കരുത്, ടെന്റിന് 15X15 അടിയില്‍ കൂടുതല്‍ വ്ിസ്തീര്‍ണം പാടില്ല തുടങ്ങിയ നിബന്ധനകളാണ് ഇതില്‍പ്രധാനം. ഇവക്കു പുറമെ റാലി നടക്കുന്ന സ്ഥലത്ത് ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കരുതെന്നും പരിപാടിക്കിടയില്‍ എന്തെങ്കിലും മോഷണം പോയാല്‍ ഉത്തരവാദിത്തം സംഘാടകര്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ നിബന്ധന കുറിപ്പില്‍ പറയുന്നു. പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും വെള്ളം, വൈദ്യുതി എന്നിവക്കും നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിബന്ധനകള്‍ പാലിക്കാത്ത പക്ഷം റാലിക്കുള്ള അനുമതി നിഷേധിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.