ചില അനുഭവങ്ങള്‍ക്ക് ജീവനുള്ള ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം കുത്തിയിറക്കുന്നതിനേക്കാള്‍ വേദനയുണ്ടാകും. തീച്ചൂളയേക്കാള്‍ കാഠിന്യത്തോടെ അത് ഉള്ളു പൊള്ളിക്കും. മകന്റെ മരണത്തില്‍ നീതിതേടിയിറങ്ങിയ ഒരമ്മക്ക് പൊലീസ് ആസ്ഥാനത്ത് നേരിടേണ്ടി വന്ന പീഡനപര്‍വ്വം തുല്യതയില്ലാത്തതായിരുന്നു. മഹിജയെന്ന അമ്മയുടെ മാത്രമല്ല, ഓരോ മലയാളിയുടെയും ഉള്ളു പൊള്ളിക്കുന്നുണ്ട് ആ സംഭവം. സംസ്ഥാനമെങ്ങും അലയടിച്ചുയരുന്ന പ്രതിഷേധം അതിന്റെ തെളിവാണ്. എന്നാല്‍ അതിനേക്കാള്‍ വേദന തോന്നിക്കുന്നതാണ് ആ അമ്മയോട് സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും അദ്ദേഹത്തിനു കീഴിലെ ചില മന്ത്രിമാരും സ്വീകരിക്കുന്ന സമീപനം. അടിയേറ്റ് വീണുകിടക്കുന്നവന്റെ ചോരകിനിയുന്ന മുറിപ്പാടുകളില്‍ കുത്തിനോവിച്ച് ആനന്ദം കണ്ടെത്തുന്നതിനെ എന്തു വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കുമെന്നറിയില്ല. ജിഷ്ണു സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ നടപടിയെക്കുറിച്ച് സര്‍ക്കാറിന് മനസ്സാക്ഷിക്കുത്തില്ലെന്നാണ് മുഖ്യമന്ത്രി ഇരിങ്ങാലക്കുടയില്‍ ഒരു സര്‍ക്കാര്‍ പരിപാടിക്കിടെ പറഞ്ഞത്. അതിന് രണ്ടു ദിവസം മുമ്പ് വൈദ്യുതി മന്ത്രി എം.എം മണിയും ജിഷ്ണുവിന്റെ അമ്മയെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലായിരുന്നു മണിയുടെ പരിഹാസ വാക്കുകള്‍.

ജിഷ്ണുവിന്റെ കുടുബംത്തിന് നീതി ഉറപ്പാക്കുമെന്ന് ആവര്‍ത്തിച്ചു പറയുമ്പോള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള ഈ കൊഞ്ഞനംകുത്തല്‍ തുടരുന്നത്.
ജനുവരി ആറിനാണ് കോഴിക്കോട് ജില്ലയിലെ വളയം സ്വദേശിയായ ജിഷ്ണു പ്രണോയിയെ തൃശൂരിലെ കോളജ് ഹോസ്റ്റലിന്റെ ബാത്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോപ്പിയടി പിടിക്കപ്പെട്ടതിലുള്ള മാനഹാനിയെതുടര്‍ന്ന് ജീവനൊടുക്കിയെന്നായിരുന്നു കോളജ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ തുടക്കം മുതലേ ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനിന്നു. പോസ്റ്റം റിപ്പോര്‍ട്ട്, മൃതശരീരത്തില്‍ കണ്ടെത്തിയ മര്‍ദ്ദനമേറ്റ പാടുകള്‍, സഹപാഠികളുടെ മൊഴി എന്നിവയെല്ലാം കോളജ് അധികൃതര്‍ക്കും ഉടമസ്ഥനായ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാനുമെതിരെ വിരല്‍ ചൂണ്ടിയതോടെയാണ് ജിഷ്ണുവിന്റെ മരണം ചര്‍ച്ചകളില്‍ നിറഞ്ഞത്. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയെങ്കിലും ആദ്യ ഘട്ടത്തില്‍ കോളജ് അധികൃതരെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാറും പൊലീസും താല്‍പര്യം കാട്ടിയത്. വിദ്യാര്‍ത്ഥി, യുജവന സംഘടനകള്‍ വിഷയം ഏറ്റെടുക്കുകയും സമരപരമ്പരയുമായി രംഗത്തെത്തുകയും ചെയ്തതോടെ മാത്രമാണ് പൊലീസ് അന്വേഷണത്തിന് മുതിര്‍ന്നത്. ജിഷ്ണുവിനെ കോപ്പിയടിക്ക് പിടിക്കപ്പെട്ടു എന്നത് ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണെന്ന പൊലീസിന്റെ കണ്ടെത്തല്‍ സഹപാഠികളും കുടുംബവും പ്രകടിപ്പിച്ച സംശയങ്ങള്‍ ശരിവെക്കുന്നതായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസ് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്തെങ്കിലും അറസ്റ്റു ചെയ്യാനോ നടപടിയെടുക്കാനോ പൊലീസ് മുതിര്‍ന്നില്ല. ഇതിനകം ചില പ്രതികള്‍ കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം സമ്പാദിച്ചു. മറ്റു പ്രതികള്‍ ഒളിവില്‍ പോവുകയും ചെയ്തു.
മൂന്നു മാസം പിന്നിട്ടിട്ടും നീതി ലഭിക്കാതെ വന്നതോടെയാണ് ജിഷ്ണുവിന്റെ കുടുംബം സംസ്ഥാന പൊലീസ് മേധാവിയെ കാണാന്‍ തിരുവനന്തപുരത്തെത്തിയത്. ആ അമ്മയോട് ഏതു രീതിയിലാണ് പൊലീസ് പെരുമാറിയതെന്ന് കേരളം മുഴുവന്‍ മാധ്യമങ്ങള്‍ വഴി കണ്ടതാണ്. എന്നിട്ടും പൊലീസ് ആസ്ഥാനത്തുണ്ടായ സംഭവങ്ങളെ ന്യായീകരിക്കാനാണ് സംസ്ഥാന സര്‍ക്കാറും സി.പി.എമ്മും ഇപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. പൊലീസ് നടപടിയെ രൂക്ഷമായ ഭാഷയിലാണ് പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബിയെപ്പോലുള്ളവര്‍ തുടക്കത്തില്‍ വിമര്‍ശിച്ചത്. പാര്‍ട്ടി നേതൃത്വത്തില്‍നിന്നുള്ള മുന്നറിയിപ്പ് വന്നതോടെ ഒടുവില്‍ നിലപാട് വിഴുങ്ങുകയായിരുന്നു. സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും മഹിജക്കെതിരായ നടപടിയെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍ പൊലീസീനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴുമ്പുണ്ടെന്ന് തന്നെയല്ലേ അതിനര്‍ത്ഥം. പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന സര്‍ക്കാറിന്റെയും പൊലീസീന്റെയും വാദം ബാലിശമാണ്. പൊലീസ് ആസ്ഥാനത്തിനു മുന്നിലായിട്ടു പോലും ഇത്തരം നുഴഞ്ഞുകയറ്റം നടക്കുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ലെങ്കില്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുടെ പാളിച്ചകൂടിയല്ലെ വെളിപ്പെടുന്നത്. നുഴഞ്ഞുകയറാന്‍ ആരെങ്കിലും ശ്രമിച്ചിട്ടുണ്ടെങ്കില്‍ തന്നെ അവരെ അറസ്റ്റു ചെയ്തു മാറ്റുന്നതിനു പകരം മകന്‍ നഷ്ടപ്പെട്ട ഒരമ്മയെ തെരുവില്‍ വലിച്ചിഴച്ചതിന് ന്യായീകരണമായി അവതരിപ്പിക്കുന്നത് സര്‍ക്കാറിന്റെ ദയനീയതയാണ് വ്യക്തമാക്കുന്നത്. ഇതിനെല്ലാം പുറമെയാണ് സംസ്ഥാന മുഖ്യമന്ത്രി തന്നെ ഇരയെ കുത്തുവാക്കുകള്‍ കൊണ്ട് നോവിക്കുന്നത്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കുമെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി, എന്തുകൊണ്ട് മൂന്നു മാസമായിട്ടും കണ്‍മുന്നിലുള്ള പ്രതികളെപ്പോലും അറസ്റ്റു ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കൂടി ഉത്തരം നല്‍കേണ്ടതല്ലേ.
സി.പി.ഐ നേതാക്കള്‍ നടത്തിയ അനുരഞ്ജന ശ്രമത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ കുടുംബം ഇന്നലെ സമരത്തില്‍നിന്ന് തല്‍ക്കാലം പിന്‍വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികള്‍ ആയവരെ നിയമത്തിനു മുന്നില്‍ എത്തിക്കുമെന്ന സര്‍ക്കാറിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പ് സി.പി.ഐ നേതാക്കള്‍ മാതാപിതാക്കളെയും ബന്ധുക്കളെയും ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ പിന്മാറ്റം. വൈകിയാണെങ്കിലും ധാര്‍ഷ്ട്യം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുമായി ഫോണിലെങ്കിലും സംസാരിക്കാന്‍ തയ്യാറായി എന്നത് പ്രതീക്ഷ പകരുന്നുണ്ട്. ജിഷ്ണുവിന്റെ കുടുംബത്തിന് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പുകള്‍ ജലരേഖയായിക്കൂട. സ്വാശ്രയ കോളജുകള്‍ക്കു പിന്നില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന നീതികേടുകളുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങള്‍ ജിഷ്ണു കേസിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. പാമ്പാടി നെഹ്‌റു കോളജില്‍ മാത്രം ഒതുങ്ങുന്നതല്ല അത്. അതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പ്രതീക്ഷയില്ലാതാവുമ്പോള്‍ സ്വന്തം അമ്മ പോലും തെരുവിലിറങ്ങേണ്ടി വരുന്നത്. അത്തരം ഘട്ടങ്ങളില്‍ ജനസേവകരാകേണ്ട സര്‍ക്കാറും സര്‍ക്കാര്‍ സംവിധാനങ്ങളും വേട്ടക്കാരനെ വെല്ലുന്ന ധാര്‍ഷ്ട്യത്തോടെ മാത്രം ഇരയെ കാണാന്‍ തുടങ്ങുമ്പോള്‍ നിസ്സഹായരായി മാറുന്നത് ഒരു ജനത മുഴുവനുമാണ്. ഇരട്ടച്ചങ്കും 56 ഇഞ്ച് നെഞ്ചുമൊന്നുമല്ല ഒരു ഭരണാധികാരിയുടെ അടിസ്ഥാന യോഗ്യതയെന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. പ്രത്യേകിച്ച് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ ഭരണസംവിധാനത്തില്‍. ജനങ്ങളുടെ ആവലാതികള്‍ കേള്‍ക്കാനും അവരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമുള്ള നല്ല മനസ്സാണ്. അതില്ലാതെ പോകുന്നിടത്ത് ഒരു ഭരണകൂടത്തിനും സ്വന്തം ജനതയെ തൃപ്തിപ്പെടുത്താന്‍ കഴിയില്ല.