ന്യൂഡല്‍ഹി: ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മെയില്‍ ഇന്ത്യയിലെത്തും. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രാഈല്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ഫലസ്തീന്‍ പ്രസിഡന്റ് ഇന്ത്യയിലെത്തുന്നത്.

ഫലസ്തീനെ ഒഴിവാക്കി ഇസ്രാഈലില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്ന മോദി. ഇസ്രാഈല്‍ സന്ദര്‍ശിക്കാനൊരുങ്ങുന്ന ആദ്യ പ്രധാനമന്ത്രിയാണ്. മഹ്മൂദ് അബ്ബാസിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും മെയ് രണ്ടാം വാരം അദ്ദേഹം എത്തുമെന്നും ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയും ഇസ്രാഈലും തമ്മിലുള്ള പ്രതിരോധ, സുരക്ഷാ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ ഫലസ്തീന്‍ അടക്കം അറബ് രാജ്യങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ട്. നേരത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ഇസ്രാഈല്‍ സന്ദര്‍ശിച്ചിരുന്നു.
എന്നാല്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇസ്രാഈലിലെത്തിയത്. അതേ സമയം ഫലസ്തീനുമായുള്ള ഇന്ത്യയുടെ ചരിത്ര പരമായ ബന്ധത്തിന് ഇസ്രാഈലുമായുള്ള കരാറുകള്‍ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.