നബീല്‍ കുമ്പിടി

ഫത്്ഹുല്‍ മുബീനിലൂടെ കേരള ദേശത്തെ ആഗോള തലത്തില്‍ പരിചയപ്പെടുത്തുകയും ലോക രാജ്യങ്ങളില്‍ പടര്‍ന്നുപന്തലിച്ച ഒരു ഗുരുവിനെ മലയാളക്കരക്ക്് പരിചയപ്പെടുത്തി അറബിമലയാളമെന്ന ഒരു ഭാഷ തന്നെ സമ്മാനിക്കുകയും ചെയ്ത പണ്ഡിത ശ്രേഷ്ഠനായിരുന്നു ഖാളി മുഹമ്മദ്.
സാമൂതിരി രാജവംശത്തിനു കീഴിലെ കോഴിക്കോട് ഖാസി വംശ പാരമ്പരയിലായിരുന്നു ഖാളി മുഹമ്മദിന്റെ ജനനം. കേരളത്തിലേക്ക് തിരുഇസ്‌ലാമിക സന്ദേശമെത്തിച്ച മാലിക്ബിന്‍ ദീനാറിന്റെ സംഘത്തിലുണ്ടായിരുന്ന മാലിക്ബിന്‍ ഹബീബാണ് ഖാളി കുടുംബത്തിന്റെ പിതാവ്. ഇവരാണ് ചാലിയം കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഖാളിമാര്‍. ഇവര്‍ പിന്നീട് ആസ്ഥാനം കോഴിക്കോട്ടേക്കു മാറുകയായിരുന്നു. ഖാളി പരമ്പരയിലെ പ്രസിദ്ധനും സൈനുദ്ദീന്‍ ഒന്നാമന്റെ ആത്മീയ കര്‍മ്മ ശാസ്ത്ര ഗുരുവുമായിരുന്ന അബൂബക്കര്‍ ശാലിയാത്തി ഖാളി മുഹമ്മദിന്റെ പിതാമഹനും ഖാളി അബ്ദുല്‍ അസീസ് പിതാവുമാണ്.
ഖാളി മുഹമ്മദ് തന്റെ ജ്ഞാന സപര്യയുടെ പ്രഥമ മത പാഠങ്ങള്‍ പിതാവില്‍ നിന്നു നേടി. ഉപരിപഠനം പ്രധാനമായും പ്രശസ്ത ആത്മജ്ഞാനി ഉസ്മാന്‍ ലബ്ബല്‍ ഖാഹിരി(റ)യില്‍ നിന്നായിരുന്നു. ഹദീസ്, ഖുര്‍ആന്‍ വ്യാഖ്യാനം, കര്‍മശാസ്ത്രം എന്നിവ കൂടാതെ ഗോള ശാസ്ത്രം, നിദാന ശാസ്ത്രം, ഫിലോസഫി തുടങ്ങി വിവിധ ശാഖകളില്‍ വ്യുല്‍പത്തി നേടി. ബഹുഭാഷാ പാണ്ഡിത്യം എടുത്തു പറയേണ്ട മറ്റൊരു ഗുണമാണ്. അതിനാല്‍ തന്നെ ഈ പാണ്ഡിത്യത്തിനു ചുറ്റും മലയോളം പോന്ന പണ്ഡിതര്‍/സമകാലീനര്‍ തപസ്സിരുന്നു. സാമൂതിരിയുടെ കാലത്താണ് ഖാളി മുഹമ്മദ് ഖാളിയായി അവരോധിതനായത്. കോഴിക്കോട് കുറ്റിച്ചിറ ജുമുഅത്ത് പള്ളിയില്‍ ദീര്‍ഘകാലം മുദരിസായി സേവനം ചെയ്ത ഖാളി 500 ഗ്രന്ഥങ്ങള്‍ അറബിയില്‍ തന്നെ രചിച്ചിട്ടുണ്ട്.
ഹിജ്‌റ 1025 റബീഉല്‍ അവ്വല്‍ 25 ബുധനാഴ്ചയാണ് ഇഹലോക വാസം വെടിയുന്നത്. കുറ്റിച്ചിറ ജുമുഅത്തു പള്ളിക്കു മുന്‍വശത്ത് അന്ത്യ വിശ്രമം കൊള്ളുന്നു.
മത രംഗത്തെന്ന പോലെ സാഹിത്യ സാമൂഹിക രംഗങ്ങളിലും ഖാളി മുഹമ്മദ് സംഭാവനകള്‍ അര്‍പ്പിച്ചിട്ടുണ്ട് . പോര്‍ച്ചുഗീസുകാര്‍ക്കെതിരായ ചാലിയം യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട് . ഖാദിരിയ്യ സൂഫി സരണിയിലെ ഗുരുവായിരുന്ന ഖാളി മുഹമ്മദ് വൈദേശിക ആധിപത്യനെതിരെ ശക്തമായി നിലക്കൊള്ളുകയും പൊരുതുകയും ചെയ്ത പോരാളിയായിരുന്നു. സാമൂതിരിയുടെ കപ്പല്‍ പട തലവന്‍ കുഞ്ഞാലി മരയ്ക്കാര്‍ മൂന്നാമനും നാലാമനും ഇദ്ദേഹത്തിന്റെ ആത്മീയ ശിഷ്യന്മാരായിരുന്നു .
520 പദ്യങ്ങളടങ്ങുന്ന ഫത്ഹുല്‍ മുബീന്‍ ഫീ അഖ്ബാരി ബുര്‍തുഗാലിയ്യീന്‍ എന്ന കൃതി പോര്‍ച്ചുഗീസുകാരുടെ കിരാത വാഴ്ചയെയും മുസ്‌ലിം വിരുദ്ധ സമീപനങ്ങളെയും മനസ്സ് പൊള്ളിക്കും വിധം വരച്ചിട്ടതാണ്. മര്‍ഹും അബ്ദുല്‍ ഖാദിര്‍ ഫള്ഫരി തന്റെ ‘ജവാഹിറുവല്‍ അശ്ആറില്‍’ ‘ഫത്ഹുല്‍ മുബീന്‍’എടുത്ത് ചേര്‍ത്തിട്ടുണ്ട്.
ചാലിയം കോട്ട ജയിച്ചടക്കിയതുമായി ബന്ധപ്പെട്ട് തുഹ്ഫത്തുല്‍ മുജാഹിദീന്‍ 4ാം ഭാഗം 13ാം അധ്യായത്തിലുമുണ്ട്. ചാലിയത്തെ സൈനിക വ്യാപാര മണ്ഡലങ്ങളിലുള്ള പ്രാധാന്യം കണ്ടെത്തിയ പോര്‍ച്ചുഗീസ് നേതാവ് ഡയോഗോദസീല്‍ വീരയാണ് താനൂര്‍ രാജാവ് മുഖേന സാമൂതിരിയെ സമ്മതിപ്പിച്ച് അവിടെ പോര്‍ച്ചുഗീസ് കോട്ട കെട്ടാന്‍ മുന്‍കൈയെടുത്തത്. കോഴിക്കോടും അറേബ്യയും തമ്മിലുള്ള വ്യാപാരത്തിന്റെ ഗതിവിഗതികള്‍ അറിയാനും അക്രമണം നടത്താനും ഏറ്റവും അനുയോജ്യമായിരുന്നു ചാലിയം. അതിനാല്‍ ചാലിയം കോട്ടയുടെ പതനം പറങ്കികളെ സംബന്ധിച്ച് വലിയ പ്രഹരവും സാമൂതിരിക്കും മുസ്‌ലിംകള്‍ക്കും വലിയ ആശ്വാസവുമായിരുന്നു. അതുകൊണ്ടാണ് കവി ഇതിനെ വ്യക്തമായ വിജയം എന്ന് വിശേഷിപ്പിക്കുന്നത്.
കൂടാതെ കുരിശു യുദ്ധത്തിന്റെ വൈരം തീര്‍ക്കാന്‍ ലോകത്തുള്ള മുസ്‌ലിം വ്യാപാര ബന്ധങ്ങളെ തകര്‍ക്കാന്‍ വേണ്ടി കടന്നുവന്ന പറങ്കികള്‍ യഥാര്‍ഥത്തില്‍ മുസ്‌ലിംകളുടെ ആഗോള പ്രശ്‌നം കൂടിയായിരുന്നു. അതുകൊണ്ട് തന്നെ ആഗോള മുസ്‌ലിം പിന്തുണ സാമൂതിരിയും മുസ്‌ലിംകളും പ്രതീക്ഷിച്ചിരുന്നു. സൈനുദ്ദീന്‍ മഖ്ദൂമിന്റെ നേതൃത്വത്തില്‍ വിവിധ രാജാക്കന്മാരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പക്ഷേ അതിന് കാര്യമായ ഫലമുണ്ടായിരുന്നില്ല എന്ന് മഖ്ദൂം തുഹ്ഫയില്‍ രേഖപ്പെടുത്തുന്നു.
സൈനികവും സാമ്പത്തികവുമായ ശക്തിയോടും പ്രതാപത്തോടും കൂടി ലോകത്തിന്റെ പല ഭാഗങ്ങളില്‍ വാണരുളുന്ന മുസ്‌ലിം സുല്‍ത്താന്‍മാരോ പ്രഭുക്കന്‍മാരോ മലബാര്‍ മുസ്‌ലിംകളെ ബാധിച്ച ആപത്തില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ മുന്നോട്ടുവന്നില്ല. മതകാര്യങ്ങളില്‍ താല്‍പര്യം കുറഞ്ഞവരും ഇഹലോകത്തെ സ്‌നേഹിക്കുകയും ചെയ്യുന്ന ആ സുല്‍ത്താന്‍മാര്‍ക്കും പ്രഭുക്കന്‍മാര്‍ക്കും ജിഹാദ് ചെയ്യുവാനോ ധനം ചിലവഴിക്കുവാനോ കഴിയാത്തതാണ് കാരണം.(തുഹ്ഫ, മലയാളം പരിഭാഷ, പേജ്: 35)
ഇന്ത്യയിലെ മുസ്‌ലിം സുല്‍ത്താന്മാരില്‍ ബീജാപ്പൂര്‍ സുല്‍ത്താന്‍ ആദില്‍ ഷാ അടക്കമുള്ളവര്‍ ആദ്യമൊന്ന് പോരാട്ടത്തിനിറങ്ങി എങ്കിലും പിന്നീട് പറങ്കികളുമായി സന്ധി ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞത്. ഫലത്തില്‍ സാമൂതിരിയും മുസ്‌ലിംകളും മറ്റാരുടെയും സഹായമില്ലാതെ കോട്ട കീഴടക്കിയത് വിസ്മയകരമായ സംഗതിയാണ്.
കേരള മുസ്‌ലിംകളുടെ വൈജ്ഞാനിക സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകമായ ‘അറബി മലയാളം’ ഭാഷയിലെ പ്രഥമ കൃതി എന്ന രീതിയില്‍ ഖാളി മുഹമ്മദിന്റെ മുഹ്‌യിദ്ദീന്‍ മാല സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നു. ഇക്കാരണം കൊണ്ട് മലയാള ഭാഷയെ സമ്പന്നമാക്കുന്നതില്‍ അറബി മലയാളം വഹിച്ച പങ്കിനെക്കൂടി ഈ കൃതി അടിവരയിടുന്നു. പാശ്ചാത്യ സാഹിത്യ കൃതികള്‍ കൂടി ഈ കൃതിയെ വിശദമായി പഠന വിധേയമാക്കിയിട്ടുണ്ട്. തൗഹീദിന്റെ ആന്തരിക ജ്ഞാന പ്രസരണത്തിലൂടെ ഇസ്‌ലാമിക നവജാഗരണം നടത്തിയ ഗൗസുല്‍ അഅ്‌ളം അശ്ശൈഖ് മുഹ്‌യുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനിയെ കുറിച്ചുള്ള അപദാനങ്ങള്‍ രചിക്കപെട്ട ഈകൃതി ലോകത്തിലെ വിവിധ ഭാഷകളില്‍ ഇതേ ഉദ്ദേശ്യത്തിലിറങ്ങിയവയില്‍ അത്യുല്‍കൃഷ്ട സ്ഥാനം അലങ്കരിക്കുന്നു എന്നത് ഏറെ പ്രസ്താവ്യമാണ്. കീര്‍ത്തന കാവ്യങ്ങളും ഇസ്‌ലാമും തമ്മിലുള്ള അതിരൂഢമായ ബന്ധം തിരുനബി (സ)യുടെ കാലത്തുതന്നെ ആരംഭിക്കുന്നു. തിരുനബി കീര്‍ത്തനകാവ്യങ്ങളുടെ രാജശില്‍പിയായ ഹസ്സാന്ബ്‌നു സാബിത്ത് (റ) ന് അവിടുത്തെ സന്നിധിയില്‍ തന്നെ പ്രത്യേക പരിഗണനയുണ്ടായിരുന്നു എന്നത് പ്രസ്താവ്യമാണ്. പ്രവാചക ചരിത്രങ്ങള്‍ വിശദീകരിച്ച് വിശ്വാസികളെ സജ്ജരാക്കിയ ഖുര്‍ആനിക പാഠങ്ങള്‍ തന്നെയാണിവക്ക് പ്രചോദനവും.
ഇസ്‌ലാമിക ലോകത്ത് പ്രചുര പ്രചാരം നേടിയ ബുര്‍ദ പോലുള്ള കീര്‍ത്തന കാവ്യങ്ങളുടെ മഹിതമായ പൈതൃകത്തിന്റെ തുടര്‍ച്ചയായിരുന്നു മുഹ്‌യിദ്ദീന്‍ മാല. അത്തരം കൃതികള്‍ ആവോളം ജനപ്രീതിയാര്‍ജിച്ച ഒരു ചുറ്റുപാടിലാണ് മാല വിരചിതമാകുന്നത.് ബുര്‍ദ്ദ പോലെ മാല അതിന്റെ പാതയണക്കാരനും എഴുതുന്നവനുമൊക്കെ അധികാരങ്ങള്‍ നല്‍കുകയുണ്ടായി. മാലയുടെ അവസാനത്തില്‍ സ്വര്‍ഗത്തില്‍ മണിമേട നല്‍കുമെന്നതാണ് വാഗ്ദാനം.
മുഹ്‌യിദ്ദീന്‍ മാലയുടെ ദര്‍ശന സ്വഭാവം വിസ്മയകരമാണ് ആത്മജ്ഞാന മഹാഗ്രന്ഥങ്ങളുടെ അത്യല്‍ഭുത കലവറയാണ്. മുഹ്‌യിദ്ദീന്‍ മാല കാവ്യത്തിന്റെ എല്ലാ പരിമിതികളും അര്‍ഥതലത്തില്‍ അതൊരു ജീവ ചരിത്ര ഗവേഷണ പ്രബന്ധത്തിന്റെ എല്ലാ തികവോടെയും രചിക്കപെട്ടിരിക്കുന്നു. ജനകീയതക്ക് അത് അത്യാവശ്യമായിരുന്നു താനും. എല്ലാവിധ ഉപചാരങ്ങളോടെ തുടങ്ങി ഉള്ളടക്കത്തെ കുറിച്ച് ചെറിയൊരു ആമുഖം നല്‍കി കൃത്യമായ ബിബ്ലിയോഗ്രാഫി വിശദീകരിച്ച് ശൈഖിന്റെ കവിതകളിലൂടെ സഞ്ചരിച്ച് കീര്‍ത്തനങ്ങളിലൂടെ ഒടുവില്‍ പ്രാര്‍ത്ഥനയിലൂടെ അവസാനിപ്പിക്കുകയാണ് മുഹ്‌യിദ്ദീന്‍ മാല.