മലപ്പുറം: മലപ്പുറത്ത് ബീഫ് വിവാദത്തില്‍ വെട്ടിലായി ബി.ജെ.പി. പ്രസ്താവന ചര്‍ച്ചയായതോടെ ബി.ജെ.പി സ്ഥാനാര്‍ഥി ശ്രീ പ്രകാശ് ഇന്നലെ നിലപാട് മാറ്റവുമായി രംഗത്തെത്തി. മലപ്പുറം പ്രസ്‌ക്ലബ്ബില്‍ കഴിഞ്ഞ ദിവസം നടന്ന മുഖാമുഖം പരിപാടിയിലാണ് ബി.ജെ.പിയെ വെട്ടിലാക്കി ശ്രീപ്രകാശ് മലപ്പുറത്ത് ഗുണമേന്മയുള്ള ബീഫ് കടകള്‍ തുടങ്ങുന്നതിന് മുന്‍കയ്യെടുക്കുമെന്നടക്കമുള്ള പ്രസ്താവന നടത്തിയത്. വിഷയം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ദേശീയ മാധ്യമങ്ങളിലടക്കം ചര്‍ച്ചയായി. ബി.ജെ.പിയുടെ ഇരട്ടത്താപ്പാണ് പ്രസ്താവനയിലൂടെ വ്യക്തമായതെന്നും കേന്ദ്ര നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നുമുള്ള വിവിധ കോണുകളില്‍ നിന്നുയര്‍ന്നതോടെ സ്ഥാനാര്‍ഥി ഇന്നലെ നിലപാട് മാറ്റവുമായി വീണ്ടും രംഗത്തെത്തിയത്. ഗോവധ നിരോധനം വേണമെന്നും ഇതാണ് ബി.ജെ.പി നിലപാടെന്നും ശ്രീപ്രകാശ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. ബീഫ്് വില്‍പന തടയില്ലെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറത്ത് ബീഫ് നിരോധനത്തെക്കുറിച്ച് പറയാന്‍ ബി.ജെ.പിക്ക് ധൈര്യമുണ്ടോയെന്ന ചോദ്യവുമായി ശിവസേനയും രംഗത്തെത്തിയതോടെ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രസ്താവനക്കിടയാക്കിയ സാഹചര്യം വ്യക്തമാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. വിഷയം കൂടുതല്‍ ചര്‍ച്ചയാക്കാനില്ലെന്നും പറഞ്ഞ് വിഷയത്തില്‍ നിന്നു തടിയൂരാനാണ് ബി.ജെ.പി ശ്രമം.

സ്ഥാനാര്‍ഥിയുടെ അനവസരത്തിലുള്ള പ്രസ്താവന പ്രചാരണത്തെ കൂടുതല്‍ തളര്‍ത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരം ഉണ്ടാകുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച വോട്ടുപോലും ഇത്തവണ ലഭിക്കില്ലെന്നും ഉറപ്പായ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള പ്രസ്താന പരാജയത്തിന്റെ ആഴം കൂട്ടുമെന്ന ആശങ്കയിലാണ് ബി.ജെ.പി നേതൃത്വം.