മലപ്പുറം: നാടിന്റെ പുരോഗതിക്ക് നാഴികക്കല്ലായ തീരുമാനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ച മലപ്പുറം ജില്ലാ മുസ്ലിം ലീഗ് ഓഫീസ് ഒടുവില്‍ വികസനത്തിന് വഴിമാറുന്നു. മലപ്പുറം- തിരൂര്‍ റോഡിന്റെ വികസനത്തിനായി മുസ്ലിം ലീഗ്  ഓഫീസ് സമുച്ചയം ദിവസങ്ങള്‍ക്കുള്ളില്‍ പൊളിച്ചു നീക്കും. മുസ്ലിം ലീഗിന്റെ ഈ ഓഫീസിലുള്ള അവസാനത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നലെ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഹൈദരലി തങ്ങള്‍ തന്നെയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. രാഷ്ട്രീയ കക്ഷികള്‍ ഭൂമി കയ്യേറി വരെ ഓഫീസ് നിര്‍മിച്ചുവെന്ന് ആരോപണം നേരിടുന്ന വേളയില്‍ റോഡ് വികസനത്തിനായി പാര്‍ട്ടി ഓഫീസ് പൊളിച്ചു നീക്കാനുള്ള മുസ്‌ലിംലീഗ് തീരുമാനം രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകും.

ചരിത്രം രചിച്ച് ചരിത്രത്തിന്റെ ഭാഗമാകുമ്പോഴും പറയാനേറെയുണ്ട് ഈ ഓഫീസിന് വരുംതലമുറയോട്. മലപ്പുറത്ത് മുസ്‌ലിംലീഗിന് ഒരു ആസ്ഥാനമെന്ന ആശയം ഉദിച്ചുയര്‍ന്നപ്പോള്‍ തന്നെ സാമ്പത്തിക ശേഷിയുള്ള പലരും ഇതിന് സന്നദ്ധത അറിയിച്ച് സയ്യിദ് ബാഫഖി തങ്ങളെയും പി.എം.എസ്.എ പൂക്കോയ തങ്ങളെയും സമീപിച്ചിരുന്നു. എന്നാല്‍ അത് വേണ്ടെന്ന തീരുമാനമാണ് നേതാക്കള്‍ കൈകൊണ്ടത്. മുസ്്‌ലിംലീഗിന്റെ ഓരോ പ്രവര്‍ത്തകരും ഓരോ രൂപ ഓഫീസ് നിര്‍മാണത്തിനായി മാറ്റിവെച്ചാല്‍ മതിയെന്നും തീരുമാനിച്ചു. മുസ്‌ലിംലീഗിന്റെ ആസ്ഥാന മന്ദിരത്തിന്റെ ഓരോ കല്ലിലും തൂണിലും മുഴുവന്‍ പ്രവര്‍ത്തകരുടെയും വിയര്‍പ്പും അധ്വാനവും ചേരണമെന്ന ധീരമായ തീരുമാനം. ആ ഉറച്ച തീരുമാനത്തിന്റെ കരുത്തുമായാണ് 4 പതിറ്റാണ്ടുകള്‍ക്കിപ്പുറവും തലയെടുപ്പോടെ ഈ ഓഫീസ് നിലകൊണ്ടത്. മുസ്്‌ലിംലീഗിന്റെ ധീരവും ചരിത്രപരവുമായ തീരുമാനങ്ങള്‍ക്ക് വേദിയായതും.

1972 സെപ്തംബര്‍ രണ്ടിനാണ് മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡിലുള്ള നാല് സെന്റോളം വരുന്ന ഭൂമിയില്‍ മുസ്്ലിംലീഗ് ഓഫീസിന് തറക്കല്ലിടുന്നത്. പൂക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ സയ്യിദ് ബാഫഖി തങ്ങളാണ് ഓഫീസിന് തറക്കല്ലിട്ടത്. പിന്നീട് അഞ്ച്് വര്‍ഷം കഴിഞ്ഞ് 1977 സെപ്തംബര്‍ 18 ന് ഉദ്ഘാടനവും നടന്നു. പി.എം.എസ്.എ പൂക്കോയ തങ്ങള്‍ക്ക് ശേഷം സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളായിരുന്നു ഉദ്ഘാടനം ചെയ്തത്. ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന്റെ അധ്യക്ഷന്‍ ഇബ്രാഹീം സുലൈമാന്‍ സേട്ടായിരുന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്.

പതിറ്റാണ്ടുകളുടെ ചരിത്രം പേറി കാലം തീര്‍ക്കുന്ന പുതിയൊരേടിന് ഈ ഓഫീസ് വഴിമാറുമ്പോഴും തന്റെ അധ്വാനത്തിന്റെ ഉപ്പുരസം പുരണ്ട ഒരു നാണയത്തുട്ട് ചേര്‍ത്തുവെച്ച് ഇതിന്റെ ഭാഗമായ ഒരു തലമുറക്ക് എന്നും അഭിമാനിക്കാം. തങ്ങളുടെ പൂര്‍വികരുടെ നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍ക്കും ധീരമായ ചുവടുവെപ്പുകള്‍ക്കും വേദിയായ കെട്ടിട സമുച്ചയം പുതുതലമുറയുടെ മനസ്സില്‍ തലയെടുപ്പോടെ എന്നുമുണ്ടാകും. വൈകാതെ വലിയവരമ്പ് ബൈപാസില്‍ നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിലേക്ക് ജില്ലാ മുസ്‌ലിംലീഗ് ഓഫീസ് മാറും.