കൊട്ടാരക്കര: പേരില്‍ തന്നെ കൗതുകമുള്ള കൊട്ടാരക്കര മുസ്‌ലിം സ്ട്രീറ്റില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥി. നഗരസഭയിലെ രണ്ടാം വാര്‍ഡായ ഇവിടെ നിയോജക മണ്ഡലം പ്രസിഡണ്ട് അഹമ്മദ് ഷായാണ് കോണി അടയാളത്തില്‍ മത്സരിക്കുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ നാലു വാര്‍ഡുകളില്‍ ഒറ്റയ്ക്ക് മത്സരിച്ച മുസ്‌ലിം ലീഗ് ശക്തമായ പ്രകടനം കാഴ്ച വച്ചിരുന്നു. എന്നാല്‍ ഇത്തവണ യുഡിഎഫ് പിന്തുണയോടെയാണ് ലീഗ് മത്സരരംഗത്തുള്ളത്.

നഗരസഭയില്‍ ആദ്യമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്‌ലിംലീഗ് അംഗം മത്സരിക്കുന്നത്. വര്‍ഷങ്ങളായി കൊട്ടാരക്കരയില്‍ ലീഗിന് നേതൃത്വം നല്‍കുന്ന അഹമ്മദ് ഷാ മുസ്‌ലിംലീഗിന്റെയും യുഡിഎഫിന്റെയും നിരവധി പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്.

ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ അഹമ്മദ് ഷായെ കൊടിക്കുന്നില്‍ സുരേഷ് എംപി ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എ ഷാഹുല്‍ ഹമീദ്, കോണ്‍ഗ്രസ് നേതാവ് അബ്ദുല്‍ കരീം എന്നിവര്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.