X

മലയാളി യുവാക്കളെ അബുദാബിയില്‍ നിന്നും കാണാതായി

അബുദാബി: അബുദാബിയില്‍ നിന്നും തായ്‌ലാന്റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം സ്വദേശികളായ സഫീര്‍, സുഹൈബ് എന്നിവരെ കാണാനില്ലെന്ന് പരാതി. പെരിന്തല്‍മണ്ണ വള്ളിക്കാപറ്റ കുട്ടീരി ഹൗസില്‍ അബൂബക്കറിന്റെ മകന്‍ സുഹൈബ്, ഒപ്പമുണ്ടായിരുന്ന സഫീര്‍ എന്നിവരെയാണ് ഈ മാസം 22 മുതല്‍ കാണാതായിട്ടുള്ളത്. സുഹൈബും സഫീറും ഇക്കഴിഞ്ഞ മാര്‍ച്ച് 27നാണ് സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നത്.

പിന്നീട് അബുദാബിയിലെ മില്ലേനിയം ടവറിനടുത്തുള്ള ഗിഫ്റ്റ് കിംഗ് ബില്‍ഡിംഗില്‍ താമസിക്കുമ്പോഴാണ് ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ വഴി തായ്‌ലാന്റിലേക്കുള്ള തൊഴില്‍ വിസ കരസ്ഥമാക്കുന്നത്. ഈമാസം 21ന് അബുദാബിയില്‍ നിന്നും ഇത്തിഹാദ് വിമാനത്തില്‍ തായ്‌ലാന്റിലേക്ക് പുറപ്പെടുന്നു. 22 ന് തായ്‌ലാന്റ് സുവര്‍ണഭൂമി എയര്‍പോര്‍ട്ടിലെത്തിയ ചിത്രങ്ങള്‍ കുടുംബവുമായി പങ്കുവെച്ചിരുന്നു.

എയര്‍പോര്‍ട്ടിലെത്തിയ യുവാക്കളെ ഏജന്റ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നും 21 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷം അജ്ഞാതമായ സ്ഥലത്ത് എത്തിച്ചുവെന്നുമാണ് അറിയുന്നത്. അന്വേഷണത്തില്‍ ഇവരുള്ളത് മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള സ്ഥലത്താണെന്ന് സൂചനയുണ്ട്. ഇവരുടെ പാസ്‌പോര്‍ട്ടും മറ്റു രേഖകളും പിടിച്ചുവെക്കുകയും ക്രൂരമായ മര്‍ദ്ദനത്തിന് വിധേയരാക്കിയെന്നുമാണ് കിട്ടിയ വിവരം. യുവാക്കളുടെ രക്ഷിതാക്കള്‍ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ട് മുഖേന ബാങ്കോക്കിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ട്.

webdesk13: